ഡെങ്കിക്കെതിരായ ലോകത്തെ ആദ്യ സിങ്കിൾ ഡോസ് വാക്സിന് അംഗീകാരം നല്‍കി ബ്രസീല്‍; 91.6% ഫലപ്രദമെന്ന് കണ്ടെത്തല്‍

ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിങ്കിൾ ഡോസ് വാക്സിന് അംഗീകാരം നൽകി ബ്രസീൽ. വർധിച്ചുവരുന്ന താപനില കാരണം രോഗം ആഗോളതലത്തിൽ വർധിക്കുന്ന സാഹചര്യത്തിനിടെയാണ് ആശ്വാസവാർത്ത. 2024-ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ 1.46 കോടിയിലധികം ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
സാവോ പോളോയിലെ Butantan Institute വികസിപ്പിച്ച Butantan-DV വാക്സിനാണ് അധികൃതർ അംഗീകാരം നൽകിയത്. 12 മുതൽ 59 വയസ്സുവരെയുള്ളവർക്ക് വാക്സിൻ ഉപയോഗിക്കാം. എട്ട് വർഷത്തെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷമാണ് Butantan-DV വികസിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. 6,000-ത്തിലധികം സന്നദ്ധപ്രവർത്തകർ പങ്കെടുത്ത പരീക്ഷണങ്ങളിൽ പുതിയ വാക്സിൻ 91.6 ശതമാനം ഫലപ്രാപ്തി തെളിയിച്ചു.
ബ്രസീലിലെ ശാസ്ത്ര ആരോഗ്യ രംഗത്തെ സംബന്ധിച്ച് ചരിത്രപരമായ നേട്ടമാണിത്. പതിറ്റാണ്ടുകളായി ആളുകളെ ബാധിക്കുന്ന രോഗത്തെ ഇനി ശക്തമയി നേരിടാം, Butantan Institute ഡയറക്ടർ എസ്പർ കല്ലാസ് പറഞ്ഞു.
നിലവിൽ ലോകമെമ്പാടും ലഭ്യമായ ഏക ഡെങ്കി വാക്സിൻ TAK-003 ആണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇതിന് മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകൾ എടുക്കേണ്ടതുണ്ട്.
ഡെങ്കിപ്പനി
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. പകൽസമയങ്ങളിലാണ് ഇവ മനുഷ്യനെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പെട്ടെന്നുണ്ടാകുന്ന കഠിനമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കു പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
Content Highlights: Brazil greenlights Butantan-DV, the groundbreaking single-dose dengue vaccine, as global cases surge. Learn about this historic public health milestone. Get protected!