തിളക്കമുള്ള ചര്‍മം സ്വന്തമാക്കാന്‍ കൊളാജൻ പ്രോട്ടീൻ; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

representative image | Photo:canva
representative image | Photo:canva

പ്രായം കൂടുമ്പോള്‍ മുഖത്ത് അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് സ്വഭാവികമാണ്. ചുളിവുകള്‍, നേര്‍ത്ത വരകള്‍, ചര്‍മം തൂങ്ങല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കും. എന്നാല്‍ ജീവിതശൈലിയിലുള്ള മാറ്റത്തിലൂടെ ഒരു പരിധി വരെ ഇതിനെ ചെറുക്കാന്‍ നമുക്ക് സാധിക്കും. ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജന്‍. കൊളാജന്‍ ഉത്പാദനം കുറയുന്നതാണ് യുവത്വം നഷ്ടപ്പെടുന്നതിനുള്ള പ്രധാനം കാരണം. സ്വാഭാവികമായി കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള അഞ്ച് വഴികൾ എന്തെല്ലാമാണെന്ന് നോക്കാം. 

1. വിറ്റാമിൻ സി 
വിറ്റാമിൻ സിയുടെ കുറവ് ശരീരത്തിലെ കൊളാജന്റെ അളവ് കുറയാൻ കാരണമായേക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അതിനാൽ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കുടാതെ ബെറീസ്, കുരുമുളക്, ചീര എന്നീ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചര്‍മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 

2. ഇറച്ചിയും മുട്ടയും
വിറ്റാമിൻ സി കൂടാതെ പ്രോട്ടീൻ, സിങ്ക്, അയൺ എന്നിവയും ഡയറ്റിൽ ഉൾപ്പെടുത്താൻ മടിക്കരുത്. ചിക്കൻ, മത്സ്യം, മുട്ട, നട്‌സ് എന്നിവയും കൊളാജൻ വർധിപ്പിക്കാൻ സഹായിക്കും. കൊളാജന്റെ മികച്ച സ്രോതസ്സാണ് കോഴിയിറച്ചിയും മത്സ്യവും എന്നാണ് വിദ​ഗ്ധർ പറയുന്നത്. കടല്‍മത്സ്യങ്ങളിലും ശുദ്ധജലമത്സ്യങ്ങളിലും നമ്മുടെ ശരീരത്തില്‍ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്ന ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു.

3. ധാരാളം വെള്ളം കുടിക്കുക
നന്നായി ജലാംശം നിലനിർത്തുന്നത് ചർമം തിളക്കത്തോടെ സൂക്ഷിക്കുന്നതിന് സഹായിക്കും. മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പുറമെ, കൊളാജൻ സംരക്ഷണത്തിലും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. 

4. ആരോ​ഗ്യകരമായ ജീവിതശൈലി
പുകവലി, സൂര്യപ്രകാശം ഏൽക്കുന്നത്, അമിതമായ സമ്മർദം തുടങ്ങിയ ഘടകൾ കൊളാജന്റെ അളവ് കുറയ്ക്കും. അതിനാൽ, പുകവലി ഉപേക്ഷിക്കുന്നതും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്നതും ആരോ​ഗ്യകരമായ ചർമത്തിന് ആവശ്യമാണ്. 

5. കറ്റാർ വാഴ
കറ്റാർ വാഴ ജെൽ ചർമത്തിൽ പുരട്ടുന്നത് നിരവധി ഗുണങ്ങൾ നൽകും. കുറഞ്ഞ അളവിൽ കറ്റാർ വാഴ കഴിക്കുന്നത് കൊളാജന്റെ അളവ് വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 
 

Content Highlights: 5 Ways to Boost Collagen Naturally