ബ്ലൂടൂത്തിങ് എന്ന ട്രെന്‍ഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ? യുവാക്കളെ മാറാരോഗികളാക്കുന്ന വിപത്ത്, അറിയാം അകറ്റി നിർത്താം

ബ്ലൂടൂത്തിങ് എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഹോട്ട്‌സ്‌പോട്ടിങ് എന്നും ഇത് വിളിക്കപ്പെടുന്നുണ്ട്. യുവാക്കളെ മാറാരോഗികളാക്കി മാറ്റുന്ന അപകടകരമായ മയക്കുമരുന്ന് ഉപയോഗ രീതിയാണ് ഈ പേരുകളില്‍ അറിയപ്പെടുന്നത്. ഒരു ട്രെന്‍ഡ് ആയി ഇത് യുവാക്കള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്ത് വലിയ രീതിയില്‍ എച്ച്‌ഐവി വ്യാപനത്തിനും ഇത് കാരണമാകുന്നുണ്ട്. ആഗോളതലത്തിലുള്ള ആരോഗ്യ വിദഗ്ദര്‍ ഇക്കാര്യത്തില്‍ ആശങ്കയിലാണ്.
എന്താണ് ബ്ലൂടുത്തിങ് ?
ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ ഒരു പുതിയ രീതിയാണ് ബ്ലൂടൂത്തിംഗ്, ലഹരി ഉപയോഗിച്ച വ്യക്തിയുടെ രക്തമെടുത്ത് അത് കുത്തിവെച്ച് ലഹരി കണ്ടെത്തുന്ന രീതി. ഫ്‌ളാഷ് ബ്ലഡ്ഡിങ് എന്നും ഹോട്ട്‌സ്‌പോട്ട് എന്നും ഇത് അറിയപ്പെടുന്ന ഈ ദുഷ്പ്രവണത കാരണം ദക്ഷിണാഫ്രിക്ക, ഫിജി എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ എച്ചഐവി കേസുകള്‍ കുത്തനെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2014 നും 2024 നും ഇടയില്‍ ഒരു ദശാബ്ദത്തിനുള്ളില്‍ ഫിജിയില്‍ എച്ച്‌ഐവി അണുബാധകളില്‍ ഏകദേശം 10 മടങ്ങ് വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 1093 പുതിയ എച്ച്‌ഐവി കേസുകളില്‍ 223 എണ്ണം ഞരമ്പുകളിലേക്ക് മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്നുള്ളവയാണ്. 2024 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഫിജി മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സര്‍വീസസ് ആണ് ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരുന്ന് കുത്തിവെച്ച ശേഷം ആ രക്തം കുത്തിവെക്കുന്ന ബ്ലൂടൂത്തിങ് രീതി തിരിച്ചറിഞ്ഞതായി മന്ത്രാലയം പറയുന്നു. ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗിക്കുന്ന കെംസെക്‌സ് (Chemsex) രീതിക്കൊപ്പം ബ്ലൂടൂത്തിങും വ്യാപകമാകുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
എന്തുകൊണ്ട് ബ്ലൂടൂത്തിങ് ?
ലഹരിമരുന്നിന്റെ ലഭ്യത കുറഞ്ഞതും വില വര്‍ധിച്ചതുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലഹരി കുത്തിവെച്ച ഒരാളുടെ രക്തം ഉപയോഗിച്ച് കൂടുതല്‍ പേര്‍ക്ക് ലഹരി എടുക്കാനാവുന്നു. ഒരേ സിറിഞ്ച് തന്നെയാണ് എല്ലാവരും കുത്തിവെക്കാന്‍ ഉപയോഗിക്കുന്നത്. വലിയൊരു സംഘം തന്നെ ചിലപ്പോള്‍ ഈ രീതിയില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് രക്തം കുത്തിവെച്ചേക്കാം.
ബ്ലൂടൂത്തിങ് എന്ന അപകടകരമായ ലഹരി ഉപയോഗ രീതി, എച്ച്ഐവി പോലുള്ള രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നതോടൊപ്പം യുവാക്കളുടെ ആരോഗ്യവും സാമൂഹിക ജീവിതവും തകര്‍ക്കുന്ന ഒരു ഗുരുതരമായ വിപത്താണ്. ലഹരിമരുന്നിന്റെ ലഭ്യതക്കുറവും വിലക്കയറ്റവും ഈ ദുഷ്പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. ഈ പ്രവണതയെ ചെറുക്കാന്‍ ബോധവല്‍ക്കരണം, കര്‍ശനമായ നിയന്ത്രണങ്ങള്‍, ആരോഗ്യ സംരക്ഷണ പദ്ധതികള്‍ എന്നിവ അടിയന്തിരമായി ആവശ്യമാണ്.
Content Highlights: 'Bluetoothing' or 'Hotspotting,' a dangerous drug use trend, is causing a major surge in HIV cases among youth.