ബ്ലഡ് പ്രഷർ വെറുമൊരു നമ്പർ മാത്രമല്ല; മുപ്പതുകളിലെ ബി.പി. അമ്പതുകളിലെ ഹൃദയാഘാതം നിശ്ചയിക്കും

ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. യുവാക്കൾക്കിടയിലെ കുഴഞ്ഞുവീണുള്ള മരണങ്ങളിൽ ഏറിയ പങ്കും ഹൃദയാഘാതം മൂലമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നതിൽ രക്തസമ്മർദത്തിനുള്ള പങ്കിനേക്കുറിച്ച് വിശദീകരിക്കുകയാണ് ഹൈദരാബാദിലെ ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ.
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രക്തസമ്മർദവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ഡാേ.സുധീർ വിശദമാക്കുന്നത്. മുപ്പതുകളിലെ രക്തസമ്മർദത്തിന്റെ തോതാണ് അമ്പതുകളിലെ ഹൃദയാഘാതത്തെ നിശ്ചയിക്കുന്നതെന്ന് ഡോ.സുധീർ പറയുന്നു. ഇതിനായി അമേരിക്കൻ ഹൈപ്പർടെൻഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്ലഡ് പ്രഷർ എന്നത് വെറുമൊരു നമ്പർ മാത്രമല്ലെന്നും ദീർഘകാലത്തേക്കുള്ള അപകടസാധ്യത ചൂണ്ടുന്ന അടയാളമാണെന്നും ഡോ.സുധീർ പറയുന്നു.
രക്തസമ്മർദത്തിന്റെ കാര്യത്തിൽ ചെറിയ തോതിലുള്ള മാറ്റംപോലും പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. ഇരുപത്തിനാല് വർഷത്തോളം 5933 യുവാക്കളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് നടത്തിയ പഠനത്തിനൊടുവിൽ സിസ്റ്റോളിക് ബി.പിയിലെ 10mmHg വർധന പോലും ഹൃദ്രോഗസാധ്യത ഇരുപത്തിരണ്ട് ശതമാനമായി കൂട്ടുമെന്ന് വ്യക്തമായി. ഡയസ്റ്റോളിക് ബി.പിയിലെ 5mmHg വർധന ഇരുപത് ശതമാനം ഹൃദ്രോഗസാധ്യതയും കൂട്ടുന്നുണ്ട്.
രക്തസമ്മർദം എത്രത്തോളം കൂടുന്നുവോ അതിനനുസരിച്ച് ഹൃദ്രാേഗസാധ്യതയും കൂടുതലാണെന്നാണ് മനസ്സിലാക്കേണ്ടത്. 120/80 എന്ന നോർമൽ ബി.പി. നിലയിൽപ്പോലും മുന്നറിയിപ്പുണ്ടെന്ന് ഡോ.സുധീർ പറയുന്നു. ഹൃദയാരോഗ്യം തകരാറിലാവുക വർഷങ്ങളോളം എടുത്താണ്. ഡയസ്റ്റോളിക് ബി.പിയും ഭാവിയിൽ ഹൃദ്രോഗം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്.
സ്ത്രീകളിലും പുരുഷന്മാരിലും രക്തസമ്മർദം മൂലമുള്ള അപകടസാധ്യതാ ഘടകങ്ങൾ ഒരുപോലെയാണ്. ബി.പി. ഉയർന്നാണ് ഇരിക്കുന്നതെങ്കിൽ സ്ത്രീകളിലും ഹൃദ്രോഗസാധ്യത കൂടുതലാണ്. ബി.പി. 120/70-ൽ കുറവ് ഉള്ളവരിൽ ദീർഘകാലത്തേക്ക് ഹൃദ്രോഗസാധ്യത കുറവാണ്. ബി.പി. നില 140/90-ൽ കുറവാണെങ്കിൽ മാത്രം ചികിത്സിക്കുക എന്നത് തെറ്റിദ്ധാരണയാണ്. അപകടസാധ്യതയേക്കുറിച്ചുള്ള അവബോധം നേരത്തേ ആരംഭിക്കണം. കാരണം സിസ്റ്റോളിക് ബ്ലഡ് പ്രഷൻ 140 കടക്കുമ്പോഴേക്കും ഹൃദയസംബന്ധമായ തകരാറുകൾ ആരംഭിച്ചിരിക്കുമെന്നും അദ്ദേഹം പറയുന്നു.
Your blood pressure at 30 can decide your heart attack at 50.
A major 2026 study just confirmed what we often underestimate:
BP is not just a number, it is a long-term risk signal.
1. Even small increases matter
In a 24-year follow-up of young adults:
🔸Every +10 mmHg systolic… pic.twitter.com/kypUBNwUKn— Dr Sudhir Kumar MD DM (@hyderabaddoctor) April 17, 2026
സിസ്റ്റോളിക് പ്രഷറും ഡയസ്റ്റോളിക് പ്രഷറും
സാധാരണയായി ഒരു ബിപി റീഡിംഗ് 120/80 എന്നായിരിക്കുമുണ്ടാകുക. ഇതിലെ ഓരോ സംഖ്യയും ഹൃദയത്തിന്റെ പമ്പിങ്ങ് പ്രവർത്തനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ആദ്യത്തെ സംഖ്യ സിസ്റ്റോളിക് പ്രഷർ (systolic pressure) ആണ്. അതായത്, ഹൃദയം സങ്കോചിക്കുമ്പോൾ (contracts) ധമനികളിലൂടെ രക്തം പമ്പ് ചെയ്യാൻ അത് എത്രത്തോളം ശക്തമായി പ്രവർത്തിക്കുന്നു എന്നാണ് ഈ നമ്പർ കാണിക്കുന്നത്.
ഡയസ്റ്റോളിക് പ്രഷർ (diastolic pressure) ആണ് രണ്ടാമത്തെ സംഖ്യ. ഓരോ മിടിപ്പുകൾക്കിടയിലും ഹൃദയം വിശ്രമിക്കുമ്പോൾ ധമനികളിലുണ്ടാകുന്ന സമ്മർദമാണ് ഇത് അളക്കുന്നത്. ഈ സമയത്താണ് ഹൃദയപേശികൾക്ക് ആവശ്യമായ രക്തം ലഭിക്കുന്നത്. അതിനാൽ, ഡയസ്റ്റോളിക് സംഖ്യ വളരെ കൂടുകയോ കുറയുകയോ ചെയ്താൽ അത് ഹൃദയത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നതിനെ വരെ ബാധിച്ചേക്കാം.
Content Highlights: Why Your Blood Pressure in Your 30s Predicts Heart Health at 50