'വിട്ടുകൊടുക്കില്ല, ഫൈനൽ പോലെ പോരാടും'; കാൻസർ സ്ഥിരീകരണത്തേക്കുറിച്ച് ടെന്നീസ് താരം ബോൺ ബോർഗ്

ബോൺ ബോർ​ഗ്| Photo: AFP
ബോൺ ബോർ​ഗ്| Photo: AFP

കാൻസർ സ്ഥിരീകരണത്തേക്കുറിച്ച് തുറന്നുപറഞ്ഞ് സ്വീഡിഷ് ടെന്നീസ് ഇതിഹാസം ബോൺ ബോർ​ഗ്. പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതിനേക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. തന്റെ ആത്മകഥയായ ഹാർട്ട്ബീറ്റ്സ്: എ മെമ്മയർ എന്നതിന്റെ അവസാനഭാ​ഗത്തിലാണ് രോ​ഗസ്ഥിരീകരണത്തേക്കുറിച്ച് അറുപത്തിയൊമ്പതുകാരനായ തുറന്നുപറഞ്ഞത്. 

രോ​ഗം സ്ഥിരീകരിച്ചത് വൈകിയാണെന്നും പക്ഷേ എന്നും വിംബിൾ‍ഡൺ ഫൈനൽ പോലെ താൻ പോരാടിക്കൊണ്ടിരിക്കുമെന്നും വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ബോൺ ബോർ​ഗ് പറയുന്നു. രോ​ഗം വളരെ മോശം ഘട്ടത്തിലാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഓരോ ആറുമാസം കൂടുമ്പോഴും ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയായിരിക്കും ഇനി തന്റെ ജീവിതമെന്നും അദ്ദേഹം പറയുന്നു. 

വർഷങ്ങളായി താൻ സ്ഥിരമായി ചെക്കപ്പുകൾ നടത്താറുണ്ടെന്നും 2023-ലാണ് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതെന്നും ബോൺ ബോർ​ഗ് പറയുന്നുണ്ട്. എന്നാൽ തന്റെ ആരോ​ഗ്യം ശരിയാകുമെന്നാണ് കരുതുന്നതെന്നും ബോൺ ബോർ​ഗ് ആശ്വസിക്കുന്നുണ്ട്. അതിന് ദിവസങ്ങളോ വർഷങ്ങളോ എടുക്കുമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

പ്രോസ്റ്റേറ്റ് കാൻസർ

പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. മൂത്രനാളി ഈ ഗ്രന്ഥിയുടെ മധ്യഭാഗത്തുകൂടിയാണ് കടന്നു പോകുന്നത്.

പുരുഷന്മാരില്‍ കാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി.  വികസിതരാജ്യങ്ങളില്‍, പ്രായമായ പുരുഷന്‍മാരില്‍ സാധാരണയായി കാണുന്ന കാന്‍സറാണിത്. ഇന്ത്യയില്‍ ആണുങ്ങളിലെ ആദ്യത്തെ പ്രധാന നാല് കാന്‍സറുകളില്‍ ഒന്ന്. പുരുഷന്മാരില്‍ ഏകദേശം ഏഴില്‍ ഒന്ന് എന്ന തോതില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ട്. 

ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാന്‍സറും 65 വയസ്സ് പിന്നിട്ടവരിലാണ്  കാണുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയും കൂടുന്നു. 80 വയസ്സിനു മുകളിലുള്ളവരില്‍ മന്ദഗതിയിലുള്ളതും അപകടകരമല്ലാത്തതുമായ, ലക്ഷണങ്ങള്‍ ഇല്ലാത്ത പ്രോസ്റ്റേറ്റ് കാന്‍സര്‍ നിരക്ക് വളരെ കൂടുതലാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. 40 വയസ്സിനു താഴെ ഈ കാന്‍സര്‍ അപൂര്‍വമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന കാന്‍സര്‍ അല്ലാത്ത സാധാരണ വീക്കം ബി.പി.എച്ച്.  50 കഴിഞ്ഞ പുരുഷന്‍മാരില്‍ സാധാരണമാണ്. ഇത് തികച്ചും വ്യത്യസ്ത സ്വഭാവമുള്ള അസുഖമാണ്.

കാരണങ്ങള്‍

പ്രോസ്റ്റേറ്റ് കാന്‍സറിന്റെ കാരണം വ്യക്തമല്ല. പുരുഷ ഹോര്‍മോണ്‍  പ്രോസ്റ്റേറ്റ് ഗ്രന്ഥിയെയും അതിലെ കാന്‍സര്‍ കോശങ്ങളെയും ഉദ്ദീപിപ്പിക്കുന്നു. പ്രായം കൂടുന്നതാണ് ഏറ്റവും വലിയ അപകട ഘടകമായി കരുതുന്നത്. അമിതമായ മാംസാഹാരം-പ്രത്യേകിച്ച് ചുവന്ന മാംസം  കൊഴുപ്പുകൂടിയ ഭക്ഷണങ്ങള്‍, പഴങ്ങളുടെയും പച്ചക്കറിയുടെയും വിരളമായ ഉപയോഗം എന്നിവ പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത കൂട്ടും. പത്ത് ശതമാനത്തില്‍ താഴെ ആളുകളില്‍ ചില പാരമ്പര്യ ഘടകങ്ങള്‍ (ഉദാ: ബി.ആര്‍.സി.എ. ജീന്‍) കാണുന്നു. അച്ഛനോ സഹോദരനോ അടുത്ത ബന്ധുക്കള്‍ക്കോ പ്രോസ്റ്റേറ്റ് കാന്‍സര്‍ വിന്നിട്ടുണ്ടെങ്കില്‍ സാധ്യത കൂടുതലുള്ളതായി കണക്കാക്കും.

ലക്ഷണങ്ങള്‍

മന്ദഗതിയിലുള്ളതും അത്ര മാരകവുമല്ലാത്ത ചിലയിനം പ്രോസ്റ്റേറ്റ് കാന്‍സര്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം. ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത്  വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. നേരെ മറിച്ച് കാന്‍സര്‍ അല്ലാത്ത ബി.പി.എച്ച്. ഗ്രന്ഥിയുടെ അന്തര്‍ഭാഗത്ത് മൂത്രനാളിക്ക് ചുറ്റും വരുന്നതിനാല്‍ ആരംഭത്തിലേ ലക്ഷണങ്ങള്‍ കാണിക്കുന്നു.

പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂര്‍ച്ഛിക്കുന്നതനുസരിച്ച് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, രക്തത്തിന്റെ അംശം, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ വന്നേക്കാം.

രോഗ നിര്‍ണയം

രോഗലക്ഷണങ്ങള്‍ വിലയിരുത്തിയ ശേഷം ശാരീരിക പരിശോധന, രക്തപരിശോധന, സ്‌കാനിങ്, ബയോപ്‌സി എന്നിവ ചെയ്യും.
പി.എസ്.എ. പരിശോധന: പി.എസ്.എ.  എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍നിന്നും ഉത്പാദിപ്പിക്കുന്ന ഒരു പ്രോട്ടീനാണ്. രക്തത്തില്‍ ഇതിന്റെ അളവ് സാധാരണ 4 നാനോഗ്രാം/മില്ലിലിറ്റര്‍ ആയിരിക്കും. പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികളില്‍ പി.എസ്.എ. കൂടുതലായി കാണുന്നു. എന്നാല്‍ കാന്‍സറല്ലാത്ത സാധാരണ മുഴയിലും   മൂത്രതടസ്സം, അണുബാധ തുടങ്ങിയ കാരണങ്ങളിലും രക്തത്തില്‍ പി.എസ്.എ. അളവ് കൂടാം. അനുയോജ്യമായ ചികിത്സയ്ക്ക് ശേഷം ഇത് പൂര്‍വസ്ഥിതിയിലാകും. വളരെ കൂടിയ തോതിലുള്ള പി.എസ്.എ. (ഉദാ: 10ല്‍ കൂടുതല്‍), പെട്ടെന്നുള്ള പി.എസ്.എ. വര്‍ധന എന്നിവ കണ്ടാല്‍ വിശദ പരിശോധനകള്‍ നടത്തണം.

സ്‌കാനിങ്: അള്‍ട്രാസൗണ്ട് സ്‌കാനിങ് മുഖേന പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പവും മുഴയുടെ സവിശേഷതകളും മനസ്സിലാക്കാന്‍ കഴിയും. വൃക്ക, മൂത്രസഞ്ചി എന്നിവയുടെ പ്രവര്‍ത്തനവും വിലയിരുത്താം.

ബയോപ്‌സി: മരവിപ്പിച്ചതിന് ശേഷം പ്രത്യേകതരം സൂചി ഉപയോഗിച്ച്, മലദ്വാരത്തിലൂടെ നടത്തുന്ന ബയോപ്‌സി പരിശോധന വഴി  രോഗം സ്ഥിരീകരിക്കുന്നു. ബയോപ്‌സി റിപ്പോര്‍ട്ട് പ്രകാരം രോഗം കാഠിന്യം കൂടിയവ, അല്ലാത്തവ എന്ന് തരം തിരിക്കാം

സ്റ്റേജിങ്

രോഗനിര്‍ണയത്തിനുശേഷം, സി.ടി., എം.ആര്‍.ഐ., ബോണ്‍ സ്‌കാന്‍ എന്നീ പരിശോധനകള്‍ നടത്തി രോഗം പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ മാത്രം ഒതുങ്ങിയതാണോ, ചുറ്റുമുള്ള കഴലകളിലേക്കോ മറ്റ് അവയവങ്ങളിലേക്കോ പടര്‍ന്നിട്ടുണ്ടോ എന്നു വിലയിരുത്തും. പ്രാരംഭ ദശയിലുള്ള കാന്‍സര്‍ ഗ്രന്ഥിയില്‍ മാത്രം ഒതുങ്ങിയിരിക്കും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കഴലകളിലേക്കോ അസ്ഥികളിലേക്കോ വ്യാപിക്കും.

ചികിത്സ

ചികിത്സ നിര്‍ണയിക്കുന്നതിനു മുന്‍പ്, രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതി, മറ്റ് അനുബന്ധ രോഗങ്ങള്‍ എന്നിവ വിലയിരുത്തും. പ്രാരംഭദശയിലുള്ളതും ഗ്രന്ഥിയില്‍ മാത്രം ഒതുങ്ങിയിരിക്കുന്നതുമായ കാന്‍സര്‍ സര്‍ജറിയിലൂടെ  പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയും. ഈ രംഗത്ത് കീഹോള്‍ സര്‍ജറി, റോബോട്ടിക് സര്‍ജറി തുടങ്ങിയ ആധുനിക സാങ്കേതിക രീതികള്‍ വന്നുകഴിഞ്ഞു. ആരംഭദശയില്‍ത്തന്നെ, ശസ്ത്രക്രിയ സാധ്യമല്ലാത്തവര്‍ക്കും ശസ്ത്രക്രിയ വിജയിക്കാത്തവര്‍ക്കും റേഡിയേഷന്‍ ചികിത്സ നടത്തുവാന്‍ കഴിയും. നൂതന റേഡിയേഷന്‍ സംവിധാനങ്ങള്‍ വഴി മികച്ച രീതിയില്‍, പാര്‍ശ്വഫലങ്ങള്‍ കുറച്ചുകൊണ്ട് റേഡിയേഷന്‍ ചികിത്സ ലഭ്യമാണ്. ശസ്ത്രക്രിയയ്ക്കും റേഡിയേഷനും ശേഷം ഇടവിട്ടുള്ള കാലയളവില്‍ തുടര്‍പരിശോധന നടത്തേണ്ടതാണ്.

കൂടിയ സ്റ്റേജിലുള്ള കാന്‍സര്‍ പ്രധാനമായും ഹോര്‍മോണ്‍ ചികിത്സവഴി സുഖപ്പെടുത്തുവാനോ, തടുത്തുനിര്‍ത്തുവാനോ കഴിയും. പുരുഷഹോര്‍മോണ്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളെ ഉദ്ദീപിപ്പിക്കും. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തടയുന്നതിനായി ചെറിയ ശസ്ത്രക്രിയയിലൂടെ വൃഷണങ്ങള്‍ നീക്കം ചെയ്യുകയോ   കുത്തിവെപ്പുകള്‍ നടത്തുകയോ ചെയ്യാം. ഹോര്‍മോണ്‍ തടയാനുള്ള മരുന്നുകളും കഴിക്കേണ്ടതാണ്.

അസുഖം എല്ലുകളിലേക്ക് പടര്‍ന്നാല്‍ ഭവിഷ്യത്തുകള്‍ തടയാനായി ബിസ്‌ഫോസ്ഫണേറ്റ്  ഗ്രൂപ്പില്‍പ്പെട്ട മരുന്നുകള്‍ ഉപയോഗിക്കും. രോഗം കൂടിയ അവസ്ഥയിലെത്തുകയും ഹോര്‍മോണ്‍ ചികിത്സകൊണ്ട് ഫലം കിട്ടാതെ വരികയും ചെയ്യുമ്പോള്‍ കീമോതെറാപ്പി ചികിത്സ ചെയ്യും. പുതിയ മരുന്നുകളായ ഡോസി ടാക്‌സല്‍, കബാസി ടാക്‌സല്‍, അബിറാട്ടറോണ്‍ എന്നിവ രോഗം നിയന്ത്രിക്കാനും രോഗ ലക്ഷണങ്ങളില്‍നിന്നു മോചനം ലഭിക്കാനും സഹായിക്കും. 

നേരത്തെ കണ്ടെത്തലും പ്രതിരോധവും

പ്രായമായവരില്‍ പി.എസ്.എ. ടെസ്റ്റും ശാരീരിക പരിശോധനകള്‍ വഴിയും പ്രോസ്റ്റേറ്റ് കാന്‍സര്‍ നേരത്തെ കണ്ടെത്താം. 50 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായി പി.എസ്.എ. ടെസ്റ്റു ചെയ്യുന്നത് സാധാരണമാണ്. ടെസ്റ്റ് റിസള്‍ട്ടില്‍ അസ്വാഭാവികതയുള്ളവര്‍ കൂടുതല്‍ പരിശോധന നടത്തണം.

കൊഴുപ്പ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി കാണുന്നു. അടുത്ത ബന്ധുക്കള്‍ക്ക് അസുഖമുണ്ടായിരുന്നവര്‍ക്ക് നേരത്തേയുള്ള പരിശോധനകള്‍ ഗുണകരമായിരിക്കും. 

Content Highlights: Tennis legend Bjorn Borg opens up about his prostate cancer diagnosis in his memoir