മൂന്നാംമാസത്തിൽ മകൾക്ക് സർജറി, ഒരമ്മയ്ക്കും ഈയവസ്ഥ ഉണ്ടാകരുത്- നടി ബിപാഷ ബസു

ബിപാഷ ബസുവും കരൺ സിങ് ​ഗ്രോവറും മകൾ ദേവിയും | Photo: instagram.com/bipashabasu/reels/?hl=en
ബിപാഷ ബസുവും കരൺ സിങ് ​ഗ്രോവറും മകൾ ദേവിയും | Photo: instagram.com/bipashabasu/reels/?hl=en

കഴിഞ്ഞ വർഷം നവംബറിലാണ് ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിനും കരൺ സിങ് ​ഗ്രോവറിനും ഒരു പെൺകുഞ്ഞ് പിറന്നത്. ദേവി ബസു സിങ് ​ഗ്രോവർ എന്നുപേരിട്ടിരിക്കുന്ന മകളുടെ വിശേഷങ്ങൾ ബിപാഷ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മാതാപിതാക്കൾ എന്നനിലയ്ക്കുള്ള തങ്ങളുടെ യാത്രയെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. മകളുടെ ആരോ​ഗ്യാവസ്ഥയെക്കുറിച്ചും അതിനെ തങ്ങളിരുവരും നേരിട്ടതിനെക്കുറിച്ചുമാണ് ബിപാഷ പങ്കുവെച്ചിരിക്കുന്നത്. 

ഹൃദയത്തിൽ രണ്ട് ദ്വാരങ്ങളോടെയാണ് മകൾ ജനിച്ചതെന്ന് ബിപാഷ പറയുന്നു. ഇൻസ്റ്റ​ഗ്രാം ലൈവിനിടെ നടി നേഹ ധൂപിയയുമായി വിശേഷങ്ങൾ പങ്കുവെക്കവേയാണ് ബിപാഷ ഇക്കാര്യം പറഞ്ഞത്. വെറും മൂന്നുമാസം പ്രായപ്പോൾ ദേവിക്ക് സർജറി വേണ്ടിവന്നിരുന്നു എന്നും ബിപാഷ പറഞ്ഞു. 

മറ്റേത് മാതാപിതാക്കളേക്കാളും വ്യത്യസ്തമായിരുന്നു തങ്ങളുടെ യാത്ര. ഇപ്പോൾ തന്റെമുഖത്ത് കാണുന്ന ചിരിയേക്കാൾ കഠിനമായ കാലമായിരുന്നു അത്. ഏതൊരമ്മയ്ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നാണ് ആ​ഗ്രഹിക്കുന്നത്- മകളെക്കുറിച്ച് ബിപാഷ പറയുന്നു.

പ്രസവിച്ച് അധികം വൈകാതെ കേട്ട ആ വാർത്ത സഹിക്കാവുന്നതിനും അപ്പുറമായിരുന്നു എന്നും ബിപാഷ പറയുന്നു. മകൾ ജനിച്ചതിന്റെ മൂന്നാമത്തെ ദിവസമാണ് അവൾ ഹൃദയത്തിൽ രണ്ടുദ്വാരങ്ങളോടെയാണ് ജനിച്ചതെന്ന് അറിയുന്നത്. താൻ ഇക്കാര്യം തുറന്നുപറയാൻ തയ്യാറാവില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ തന്നെ ഈ യാത്രയിൽ പിന്തുണച്ച എല്ലാ അമ്മമാർക്കും വേണ്ടിയാണ് പങ്കുവെക്കാൻ തയ്യാറായത്. 

വി.എസ്.ഡി.(ventricular septal defect) എന്ന അവസ്ഥയാണ് മകളുടേതെന്നും ബിപാഷ പറയുന്നു. എന്താണ് വി.എസ്.ഡി. എന്നുപോലും തനിക്കറിയുമായിരുന്നു. കുടുംബത്തോടുപോലും ഇക്കാര്യം തുറന്നുപറഞ്ഞിരുന്നില്ല. മകളുടെ ജനനം ആഘോഷിക്കണമെന്ന് ഉള്ളപ്പോൾ പോലും തകർന്ന അവസ്ഥയിലായിരുന്നുവെന്നും ബിപാഷ പറയുന്നു. 

ആദ്യത്തെ അഞ്ചുമാസം തങ്ങളെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നെന്നും ഓരോമാസവും അവസ്ഥ സ്കാൻ ചെയ്ത് പരിശോധിക്കേണ്ടിയിരുന്നെന്നും ബിപാഷ പറയുന്നു. തുടർന്നാണ് സർജറി ആവശ്യമാണെന്ന് പറയുന്നതും മകൾക്ക് മൂന്നാംമാസത്തിൽ സർജറി ചെയ്യുന്നതും. കരൺ ആ സമയത്ത് മകളിൽ ഒരു സർജറിക്ക് തയ്യാറായിരുന്നില്ലെന്നും ബിപാഷ പറയുന്നുണ്ട്. താൻ മൂന്നാംമാസത്തെ സ്കാനിങ് സമയത്ത് ദേവിയുടെ രോ​ഗാവസ്ഥയെക്കുറിച്ച് പരമാവധി റിസർച്ച് ചെയ്യുകയും സർജന്മാരെ കാണുകയും ഡോക്ടർമാരോട് സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. സർജറിയോടെ മകളുടെ പ്രശ്നങ്ങൾ തീരുമെന്ന് തനിക്കറിയാമായിരുന്നു. ഇപ്പോൾ അവൾ സുഖം പ്രാപിച്ചിരിക്കുന്നു.- ബിപാഷ

എന്നാൽ ശരിയായ സമയത്ത് ശരിയായ ഇടത്ത് കുഞ്ഞിന് സർജറി നടത്താൻ തീരുമാനമെടുക്കുക എന്നതായിരുന്നു ഏറ്റവും കഠിനമെന്നും ബിപാഷ. ആറുമണിക്കൂറോളം നീണ്ട സർജറിയായിരുന്നു അത്. ഇപ്പോൾ മകൾ പൂർണആരോ​ഗ്യവതിയാണെന്നും ബിപാഷ കൂട്ടിച്ചേർത്തു. 

Content Highlights: Bipasha Basu Reveals Daughter Devi Was Born With Two Holes In Her Heart