ദഹനം പ്രശ്നമാണോ? ഗ്യാസ്ട്രിക് പ്രശ്നങ്ങളും വയറുവേദനയുമുണ്ടോ? ഭക്ഷണശേഷം സാവധാനം അൽപം നടന്നാൽമതി

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ പലവിധ വഴികൾ തേടുന്നവരുണ്ട്. എന്നാൽ ഭക്ഷണശേഷം അൽപനേരം ഒന്നു നടക്കാൻ തയ്യാറാണെങ്കിൽ ദഹനം സുഗമമാക്കാമെന്ന് പറയുകയാണ് ഫ്ലോറിഡയിൽ നിന്നുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.ജോസഫ് സൽഹാബ്. ഭക്ഷണം കഴിച്ചയുടൻ ഫാർട്ട് വാക്ക് അഥവാ ചെറുനടത്തം ചെയ്യുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം ഗ്യാസ്ട്രബിൾ പ്രശ്നങ്ങളും അതുമൂലമുള്ള വയറുവേദനയും കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

ഭക്ഷണം കഴിച്ചതിനുശേഷം വളരെ സാവധാനത്തിൽ പതിനഞ്ചുമിനിറ്റോളം നടക്കുന്ന രീതിയാണിത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജോസഫ് ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഭക്ഷണശേഷം അഞ്ച് മുതൽ 15 മിനിറ്റ് വരെ വളരെ സാവധാനത്തിൽ നടക്കുന്നത് ദഹനം മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. കഠിനമായ വ്യായാമമല്ല മറിച്ച് ലളിതമായ ചെറുചലനങ്ങളാണ് ചെയ്യേണ്ടത്. ഇത് അസിഡിറ്റി കുറയ്ക്കുക, വയറുവേദനയും ഗ്യാസ്ട്രിക് പ്രശ്നവും കുറയ്ക്കുക, മലവിസർജ്ജനം ശരിയായ രീതിയിലാക്കുക തുടങ്ങിയവയ്ക്കും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഭക്ഷണം കഴിച്ചതിനുശേഷമുള്ള ലളിതമായ ചലനങ്ങൾ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഭക്ഷണം കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് നീങ്ങാൻ സഹായിക്കുകയും വയറ്റിലെയും കുടലിലെയും വായു പുറന്തള്ളുകയും ചെയ്യുമെന്നും ഡോ. ജോസഫ് പറയുന്നു.

ദഹനം സുഗമമാക്കാൻ ചില ടിപ്സ്

  • ദഹനത്തിന് ശരീരത്തിൽ ജലാംശം നിലനിൽക്കേണ്ടത് അത്യാവശമാണ്. ധാരാളം വെള്ളം കുടിക്കുന്നതുവഴി ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും കഴിയും.
  • ഇഞ്ചിയും മഞ്ഞളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇവ ദഹനത്തെ ഉത്തേജിപ്പിക്കുകയും കുടലിന്റെ പ്രശ്‌നങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു. സൂപ്പുകൾ, കറികൾ എന്നിവയിൽ ഇവ രണ്ടും കൂടുതലായി ചേർക്കാൻ ശ്രദ്ധിക്കാം. ഇടയ്ക്കിടയ്ക്ക് ജിഞ്ചർ ടീ കുടിക്കുന്നതും നല്ലതാണ്.
  • നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് മറ്റൊരു സംഗതി. ഇവ ദഹനത്തെ ഉത്തേജിപ്പിക്കുകയും മലവിസർജനം കൃത്യമാകാൻ സഹായിക്കുകയും ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയാണ് ആരോഗ്യകരമായ കുടലിുനെ പരിപോഷിപ്പിക്കുന്ന ഏതാനും ഭക്ഷണസാധനങ്ങൾ.
  • പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് മറ്റൊന്ന്. ഇത് കുടലിലെ ബാക്ടീരിയയുടെ പ്രവർത്തനത്തിന് നല്ലതാണ്. യോഗർട്ട്, കെഫീർ മുതലായവയിൽ പ്രോബയോട്ടിക് ധാരാളമായി അടങ്ങിയിട്ടുണ്ട്.
  • കട്ടിയുള്ളതും എണ്ണയിൽ വറുക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവ ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കും. മാത്രമല്ല, സംസ്‌കരിച്ച ഭക്ഷണങ്ങളിൽ നാരുകളും പോഷകങ്ങളും കുറവുമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനായി ഇവ ഭക്ഷണത്തിൽനിന്ന് പരമാവധി ഒഴിവാക്കൂ.
  • ശരിയായ ദഹനത്ത പരിപോഷിപ്പിക്കാനായി ഭക്ഷണം ശ്രദ്ധയോടെ കഴിക്കാൻ ശീലിക്കുക. ഇത് ഭക്ഷണം ശരിയായ രീതിയിൽ വിഘടിപ്പിക്കാൻ ശരീരത്തെ സഹായിക്കും. സാവധാനത്തിലും ശ്രദ്ധയോടെയും ചവച്ചരച്ച് ആസ്വദിച്ച് വേണം കഴിക്കാൻ. ദഹനം തടസ്സപ്പെടാതിരിക്കാനായി ഭക്ഷണം കാണുമ്പോൾ ടിവിയോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കാണുന്നത് ഒഴിവാക്കുക.
  • ദഹനനാളത്തിലെ പേശികളെ ഉത്തേജിപ്പിക്കാനായി യോഗയിലോ നടത്തത്തിലോ മറ്റെന്തെങ്കിലും ശാരീരിക വ്യായാമങ്ങളിലോ മുഴുകാൻ ശ്രദ്ധിക്കുക. ശാരീരികമായി സജീവമായിരിക്കുന്നത് ദഹനം സുഗമമാക്കും.
  • മാനസികസമ്മർദം ദഹനത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, സമ്മർദനില നിയന്ത്രിച്ചുനിർത്തേണ്ടത് പ്രധാനമാണ്. മെഡിറ്റേഷൻ, ശ്വസനവ്യായാമങ്ങൾ തുടങ്ങിയ ഹോബികൾ ശീലിക്കുന്നത് മനസ്സിന്റെ ശാന്തത നിലനിർത്താൻ സഹായിക്കും.
  • ഒരോരുത്തരുടേയും ശരീരത്തിന്റെ ആവശ്യങ്ങളനുസരിച്ച് മാറ്റങ്ങൾ വരുത്തണം. എന്നിട്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ തുടരുന്നുണ്ടെങ്കിൽ, വ്യക്തിഗത ഉപദേശത്തിനായി ഒരു ഹെൽത്ത്‌കെയർ സ്‌പെഷ്യലിസ്റ്റിനെ സമീപിക്കുന്നതാണ് ഉത്തമം.

Content Highlights: Walking for 5-15 minutes after eating aids digestion., Gentle movement helps prevent acidity and abdominal pain., The 'fart walk' technique promotes efficient gut motility.