'വീണ്ടും കാന്‍സറാണെന്ന് തിരിച്ചറിഞ്ഞു, അഞ്ചുവര്‍ഷമായി ചികിത്സ തുടരുന്നു; ഞാന്‍ വിട്ടുകൊടുക്കില്ല'

ബീന | Photo: Screen grab/ Facebook: Veena George
ബീന | Photo: Screen grab/ Facebook: Veena George

കാന്‍സറിനെ പുഞ്ചിരിയോടെ നേരിടുന്ന ബീനയെ പരിചയപ്പെടുത്തി മന്ത്രി വീണാ ജോര്‍ജ്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ബീനയുടെ കാന്‍സറിനെതിരെയുള്ള പോരാട്ടത്തെ മന്ത്രി അഭിനന്ദിക്കുന്നത്. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കൂടിയാണ് ബീന. 30 വയസ്സ് കഴിഞ്ഞ സ്ത്രീകളിലെ സ്തന-ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍ണയിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തുന്ന 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' സ്‌ക്രീങ്ങ് കാമ്പയിനിന്റെ ഭാഗമായാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.

2020-ല്‍ പരിശോധനയില്‍ അര്‍ബുദം സ്ഥിരീകരിക്കപ്പെട്ട ബീന തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ നടത്തിയിരുന്നു. ഒന്നരവര്‍ഷത്തോളം പിന്നീട് ബുദ്ധിമുട്ടുകള്‍ ഒന്നുമുണ്ടായില്ലെങ്കിലും വീണ്ടും കാന്‍സര്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ബീന ചികിത്സ തുടരുകയാണ്. നല്ലൊരു ഗായിക കൂടിയാണ് ബീനയെന്ന് മന്ത്രി പങ്കുവെച്ച വീഡിയോയില്‍നിന്ന് വ്യക്തമാകുന്നുണ്ട്.

'2020-ല്‍ സ്തനത്തില്‍ തടിപ്പുപോലെ തോന്നി. ഒന്ന് രണ്ടാഴ്ച അത് തള്ളിക്കളഞ്ഞു. പിന്നീട് നടത്തിയ പരിശോധനകളില്‍ ഇരുസ്തനങ്ങളിലും കാന്‍സറാണെന്ന് തിരിച്ചറിഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം തലശ്ശേരി എം.സി.സിയില്‍ ചികിത്സതേടി. ഒന്നരവര്‍ഷത്തോളം സ്വതന്ത്രമായി നടന്നു. പിന്നീട് ഒരു സ്‌കാനിങ്ങിലാണ് രണ്ടാംതവണയും കാന്‍സര്‍ പിടിച്ചെന്ന് തിരിച്ചറിഞ്ഞത്', ബീന പറഞ്ഞു.

‘ഉരുകും വേനൽപ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ...’ ഇത് പ്രിയപ്പെട്ട ബീന. കാന്‍സറിനെ പുഞ്ചിരിയോടെ നേരിട്ട ശ്രീമതി ബീന തിരൂര്‍ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്.

Posted by Veena George on Saturday, February 15, 2025

'അഞ്ചുവര്‍ഷമായി ചികിത്സിച്ചുകൊണ്ടിരിക്കുകയാണ്. ചികിത്സ തുടരുന്നു. ഞാന്‍ വിട്ടുകൊടുക്കില്ല. വിട്ടുകൊടുക്കാന്‍ ആവുകയുമില്ല. ഒരുകളിയില്‍ ഇറങ്ങുമ്പോള്‍ ഏതെങ്കിലുമൊരു ടീം ജയിക്കും ഒരാള്‍ തോല്‍ക്കും. ഞാനും അതുപോലെയാണ് കണ്ടിട്ടുള്ളത്. കാന്‍സറിനോട് ഞാന്‍ പോരാടിക്കൊണ്ടിരിക്കുയാണ്. ആരാണോ ജയിക്കുന്നത്, ആരോണാ തോല്‍ക്കുന്നത് അതുവരെ ഞാന്‍ പോരാട്ടം തുടരും. എത്രയും പെട്ടെന്ന് രോഗം കണ്ടെത്തി ഏറ്റവും നല്ല ചികിത്സയെടുത്താല്‍ കാന്‍സറിനെ ഒരുപരിധിവരെ മാറ്റിയെടുക്കാമെന്നാണ് എനിക്ക് പറയാനുള്ളത്', ബീന കൂട്ടിച്ചേര്‍ത്തു.

Content Highlights: Veena George highlights Beena`s inspiring battle against cancer