'ബാത്റൂമിലെ നിലത്ത് ഉറക്കമില്ലാത്ത രാത്രികൾ, കടുത്ത വേദന'; രോഗത്തെ അതിജീവിച്ചതിനേക്കുറിച്ച് നടി

മുതിർന്ന സ്ത്രീകളെ മാത്രം ബാധിക്കുന്ന പ്രശ്നം എന്ന രീതിയിലാണ് പലരും എൻഡോമെട്രിയോസിസിനെ കാണാറുള്ളത്. എന്നാൽ കൗമാരകാലത്തിൽ തന്നെ എൻഡോമെട്രിയോസിസ് ഉടലെടുത്തേക്കാമെന്ന് വിദഗ്ധർ പറയുന്നു. അടുത്തിടെ നിരവധി താരങ്ങളാണ് എൻഡോമെട്രിയോസിസ് സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. ഇപ്പോഴിതാ നടിയും മോഡലുമായ ബാർബറ പൽവിനും എൻഡോമെട്രിയോസിസ് പോരാട്ടത്തേക്കുറിച്ച് പങ്കുവെക്കുകയാണ്.
രോഗം സ്ഥിരീകരിച്ചതിനേക്കുറിച്ചും സർജറിക്കുശേഷം രോഗമുക്തിയിലൂടെ കടന്നുപോവുന്നതിനേക്കുറിച്ചുമൊക്കെയാണ് ബാർബറ പങ്കുവെച്ചത്. കുറച്ചുവർഷങ്ങളായി ആർത്തവത്തിനൊപ്പം പലവിധ ബുദ്ധിമുട്ടുകളും താൻ നേരിട്ടിരുന്നുവെന്നാണ് ബാർബറ പറയുന്നത്. ക്ഷീണം, കടുത്ത വേദന, ക്രമരഹിതമായ ആർത്തവം, ബാത്റൂമിലെ നിലത്ത് ഉറക്കമില്ലാത്ത രാത്രികൾ എന്നിങ്ങനെ ഒരുപാട് ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് ബാർബറ പറയുന്നു.
തന്റെ കാര്യത്തിൽ ഇങ്ങനെയാവാമെന്നും ഇത് സാധാരണമായിരിക്കുമെന്നും കരുതി. പക്ഷേ അടുത്തിടെയാണ് ലക്ഷണങ്ങൾക്ക് എൻഡോമെട്രിയോസിസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കാൻ വിദഗ്ധനിർദേശം ലഭിക്കുന്നത്. എല്ലാവർഷവും ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തുന്നയാളാണ്. എൻഡോമെട്രിയോസിസ് ഉണ്ടായിരുന്നെങ്കിൽ ഇതിനകം അറിയുമായിരുന്നല്ലോ, എന്നാണ് കരുതിയത്. എന്നാൽ എൻഡോമെട്രിയോസിസ് പൊതുവായി നടത്തുന്ന പരിശോധനയിൽ സ്ഥിരീകരിക്കാനാവില്ല- ബാർബറ പറയുന്നു.
രോഗം സ്ഥിരീകരിച്ച് മൂന്നുമാസത്തിനുള്ളിൽ ബാർബറ സർജറിക്ക് വിധേയയായി. അതിനുശേഷം ആശ്വാസകരമായ ആർത്തവകാലത്തിലൂടെയാണ് താൻ കടന്നുപോവുന്നതെന്ന് ബാർബറ പറയുന്നു. ആ വ്യത്യാസം കൃത്യമായി മനസ്സിലാവും. എൻഡോമെട്രിയോസിസ് ഉണ്ടോയെന്ന സംശയമുണ്ടെങ്കിൽ ഒട്ടും വൈകാതെ പരിശോധനയ്ക്ക് വിധേയരാകണമെന്നും ബാർബറ വ്യക്തമാക്കുന്നു.
എന്താണ് എൻഡോമെട്രിയോസിസ്?
ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.
ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.
എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.
ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.
ലക്ഷണങ്ങൾ
ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേര്പ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.
ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്കാൻ, സി.ടി, എം.ആർ.ഐ സ്കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.
ചികിത്സ
രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടിയും വന്നേക്കാം.
Content Highlights: Actress and model Barbara Palvin shares her experience with endometriosis