ദിവസങ്ങൾക്കുള്ളിൽ മുടി പാടേകൊഴിയും, 150-ലധികം ആളുകളെ ബാധിച്ച 'ബാൾഡ്നസ് വൈറസ് '

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ അസാധാരണമായൊരു ആരോഗ്യപ്രശ്നം വ്യാപിക്കുന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു. ബുൽധാനയിലെ ബൊർഗാവ്, കൽവാദ്, ഹിങ്ക്ന ഗ്രാമവാസികളിൽ അസാധാരണമായി മുടികൊഴിഞ്ഞ് കഷണ്ടിയാകുന്നവരുടെ എണ്ണം കൂടുന്നുവെന്ന വാർത്തയാണിത്. 'ബാൾഡ്നസ് വൈറസ്' എന്ന് ഗ്രാമവാസികൾ വിശേഷിപ്പിക്കുന്ന ഈ ആരോഗ്യപ്രശ്നം ഇതിനകം 150-ലേറെ പേരെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പതിനഞ്ചോളം ഗ്രാമങ്ങളിലെ നാനൂറിലേറെപേർ സമാനലക്ഷണങ്ങൾ അനുഭവിക്കുന്നുമുണ്ട്. മൂന്നുദിവസത്തിനുള്ളിൽപ്പോലും മുടിപൂർണമായും നഷ്ടമായ അവസ്ഥയുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു.
ശിരോചർമത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതാണ് തുടക്കം. പിന്നാലെയാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ ഒരുപാേലെ പ്രശ്നം നേരിടുന്നുണ്ടെന്ന് ഗ്രാമവാസികൾ വ്യക്തമാക്കുന്നു. അതിനിടെ പ്രദേശത്തുനിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളിൽ നിന്ന് ജലം മലിനീകരിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. ഗ്രാമവാസികൾ ആശ്രയിക്കുന്ന കുഴൽക്കിണറിൽ നിന്നുള്ള വെള്ളമാണ് മലിനീകരിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയത്. ഇതോടെ ജനങ്ങൾക്ക് കുഴൽക്കിണറിലെ വെള്ളം ഉപയോഗിക്കരുതെന്ന ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്. സ്കിൻ ബയോപ്സിയിൽ നിന്ന് ഫംഗൽ ഇൻഫെക്ഷനല്ല കാരണമെന്നും കണ്ടെത്തി.
വിവിധ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും യഥാർഥ കാരണമെന്താണെന്ന് അറിയാനുള്ള ശ്രമത്തിലാണെന്നും അധികൃതർ പറയുന്നു. വെള്ളം മാത്രമല്ല, പോഷകാഹാരക്കുറവ്, ചില കെമിക്കലുകളോടുള്ള പ്രതിപ്രവർത്തനം തുടങ്ങിയവും കാരണങ്ങളായേക്കാമെന്ന് വിദഗ്ധർ പറയുന്നു.
പ്രദേശത്തെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ലക്ഷണങ്ങൾക്കുള്ള ചികിത്സ നിലവിൽ നല്കി വരുന്നുണ്ട്. മൈക്രോബയോളജിസ്റ്റുകളും ചർമരോഗ വിദഗ്ധരും അടങ്ങുന്ന ടീം സർവേയും നടത്തുന്നുണ്ട്. മുടികൊഴിച്ചിൽ നേരിട്ട 65 പേരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കയച്ചുവെങ്കിലും അതും മുടികൊഴിച്ചിലും തമ്മിലുള്ള ബന്ധം കണ്ടെത്താനായില്ല. ഇതിനുപുറമേ പ്രാദേശികമായി ലഭ്യമാകുന്ന ഷാംപൂ, ഹെയർ ഓയിൽ, സോപ്പ് തുടങ്ങിയവയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
വിഷയത്തിൽ ആഴത്തിലുള്ള നിരീക്ഷണത്തിനായി ഐ.സി.എം.ആറും പ്രദേശം സന്ദർശിക്കാനൊരുങ്ങുന്നുണ്ട്. കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താല്‍ ജലമലിനീകരണമുണ്ടായതാവാം പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമായതെന്ന് നേരത്തേ ആരോഗ്യ വകുപ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ഇവിടെനിന്ന് ഗ്രാമീണരുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്.
നിരവധി പേര് ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചെറിയ കുട്ടികളടക്കമുള്ളവരുടെ മുടി ചെറുതായി വലിക്കുമ്പോള്‍ തന്നെ പറഞ്ഞുപോരുന്നത് വീഡിയോയില്‍ വ്യക്തമാണ്.
Content Highlights: baldness virus hits several villages in maharashtra