30 വർഷംമുമ്പ് ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് കുഞ്ഞു പിറന്നു, 'വയസ്സ് 31'

കഴിഞ്ഞ ശനിയാഴ്ച ഒഹായോയിൽ ജനിച്ച തദേയൂസ് ഡാനിയൽ പിയേഴ്‌സ് എന്ന കുഞ്ഞിന് ‘വയസ്സ് 31’ ആണ്. കാരണം, 30 വർഷത്തിലേറെയായി ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽനിന്നാണ് തദേയൂസിന്റെ ജനനം. ലണ്ടനിലെ ലിൻഡ്‌സെ പിയേഴ്‌സ് (35), ടിം പിയേഴ്‌സ് (34) ദമ്പതിമാർ അങ്ങനെ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ കുഞ്ഞിനെ വരവേറ്റു.
1994-ൽ ലിൻഡ ആർച്ചർഡ് എന്ന യുവതിയുടെ അണ്ഡവും ഭർത്താവിന്റെ ബീജവും ഉപയോഗിച്ച് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) വഴി നാല് ഭ്രൂണങ്ങൾ സൃഷ്ടിച്ചു. വിവാഹമോചിതയായശേഷം ഭ്രൂണങ്ങളുടെ സംരക്ഷണാവകാശം ലിൻഡയ്ക്ക് ലഭിച്ചു. 30 വർഷത്തോളം ദ്രവ നൈട്രജനിൽ ശീതീകരിച്ച് സൂക്ഷിച്ചു. അതിലൊന്നാണ് 2023 നവംബറിൽ ലിൻഡ്‌സെയുടെ ഗർഭപാത്രത്തിലേക്ക് മാറ്റിയത്, അങ്ങനെ തദേയൂസ് ജനിച്ചു. നാല് ഭ്രൂണങ്ങളിൽ ഒന്ന് 94-ൽ ലിൻഡയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചിരുന്നു, ആ മകൾക്ക് വയസ്സ് 30.
ഭ്രൂണങ്ങൾ ശീതീകരിക്കുന്നതിന്റേയും ജനനത്തിന്റേയും ഇടയ്ക്കുള്ള ഏറ്റവും നീണ്ട ഇടവേളയായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്.
ശാസ്ത്രത്തിന്റെ പുരോഗതി മാത്രമല്ല ഒപ്പം വന്ധ്യതയിലൂടെ കടന്നുപോകുന്ന മാതാപിതാക്കൾക്ക് പുതിയ സാധ്യതകൾ തുറക്കുക കൂടിയാണ് ഈ രീതിയെന്ന് വിദഗ്ധർ പറയുന്നു.
1992-ൽ ശീതീകരിച്ച ഭ്രൂണങ്ങളിൽനിന്ന് 2022-ൽ ഒറിഗനിൽ ജനിച്ച ഇരട്ടകളുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് തദേയൂസ് തകർത്തത്.
അതേസമയം വർഷങ്ങളോളം ഭ്രൂണം ശീതീകരിച്ച് സൂക്ഷിക്കുന്നതിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യമുണ്ടായിരിക്കുമോ എന്ന് കരുതുന്നവരുണ്ട്. എന്നാൽ ഭ്രൂണത്തിന് അത്തരത്തിലുള്ള കാലാവധിയില്ലെന്നും ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിൽ തടസ്സമില്ലെന്നുമാണ് വിദഗ്ധർ പറയുന്നത്.
Content Highlights: Hope for Infertility: Baby Born After 30-Year Embryo Freeze