കഠിനമായ ദാഹവും ക്ഷീണവുമായി തുടക്കം, പിന്നാലെ പ്രമേഹം; ആറാംക്ലാസുകാരൻ സ്കൂളിൽപ്പോകുന്നത് ഇൻസുലിനും സിറിഞ്ചുമായി

സ്കൂൾ ഓഫീസിലിരുന്ന് അതുൽ രക്ത പരിശോധന നടത്തുന്നു, അതുൽ സ്വയം ഇൻസുലിൻ കുത്തിവെക്കുന്നു.
സ്കൂൾ ഓഫീസിലിരുന്ന് അതുൽ രക്ത പരിശോധന നടത്തുന്നു, അതുൽ സ്വയം ഇൻസുലിൻ കുത്തിവെക്കുന്നു.

ചെട്ടികുളങ്ങര: ആറാംക്ലാസുകാരൻ അതുൽ പുസ്തകത്തോടും ചോറ്റുപാത്രത്തോടുമൊപ്പം സ്കൂൾ ബാഗിൽ നിത്യവും കരുതുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവറിയാനുള്ള ഗ്ലൂക്കോമീറ്ററും പ്രമേഹനിയന്ത്രണത്തിനുള്ള ഇൻസുലിൻ കുത്തിവെപ്പിനുള്ള സിറിഞ്ചും.

അതുലിന് ടൈപ്പ് വൺ പ്രമേഹമാണ്. മൂന്നുനേരവും രക്തമെടുത്ത് പരിശോധിക്കണം, ഇൻസുലിൻ കുത്തിവെക്കുകയും വേണം. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ആഞ്ഞിലിപ്രാ ഗവ. യു.പി. സ്കൂൾ ആറാംക്ലാസ് വിദ്യാർഥി അതുലിന്റെ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞു ഇതെല്ലാം. 

ചെട്ടികുളങ്ങര ഒന്നാംവാർഡിൽ കീച്ചേരിക്കടവ് അനഘാഭവനത്തിൽ സന്ധ്യയുടെയും ജിതിന്റെയും മൂത്ത മകനായ അതുലിന് കഠിനമായ ദാഹവും ക്ഷീണവുമായിരുന്നു തുടക്കം.

ശരീരം മെലിയുന്നതുകൂടി ശ്രദ്ധയിൽപ്പെട്ടതോടെയാണ് രക്ഷിതാക്കൾ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആദ്യ പരിശോധനയിൽത്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ചിരിക്കുന്നത് കണ്ടെത്തിയെങ്കിലും ആലപ്പുഴ മെഡിക്കൽ കോളേജിലെ തുടർപരിശോധനയിലാണ് ടൈപ്പ് വൺ പ്രമേഹമാണെന്നു സ്ഥിരീകരിച്ചത്. പാൻക്രിയാസ് ഗ്രന്ഥിയുടെ തകരാറുമൂലം ഇൻസുലിൻ ഉത്പാദനം തടസ്സപ്പെടുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ദിവസവും മൂന്നുനേരം ഇൻസുലിൻ കുത്തിവെക്കണമെന്നു നിർദേശിച്ചു.

ഒരുവർഷമായി ഡോക്ടർമാരുടെ നിർദേശപ്രകാരം ആഹാരം നിയന്ത്രിച്ചും മൂന്നുനേരം കുത്തിവെപ്പെടുത്തുമാണ്‌ അതുൽ മുന്നോട്ടുപോകുന്നത്. രക്തം കുത്തിയെടുത്ത് പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതും കുത്തിവെക്കുന്നതുമെല്ലാം അതുൽ തന്നെയാണ്.

ഉച്ചസമയത്ത് ഇടവേളയിൽ സ്കൂൾ ഓഫീസ് മുറിയിൽ ഇതിനുള്ള സൗകര്യമൊരുക്കിക്കൊടുക്കും. ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാംവാർഡിൽ കീച്ചേരിക്കടവു ഭാഗത്ത് പണി പൂർത്തിയാകാത്ത കൊച്ചുവീട്ടിലാണ് അതുലും കുടുംബവും കഴിഞ്ഞുകൂടുന്നത്.

അച്ഛൻ വെൽഡിങ് ജോലിക്കുപോകുന്ന ചെറിയ വരുമാനമേയുള്ളൂ കുടുംബത്തിന്. ഒരുമാസം അതുലിന് മരുന്നിനുതന്നെ 5000 രൂപയോളം വേണ്ടിവരുന്നു. ഇത് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ്. സാമൂഹിക സുരക്ഷാവകുപ്പിന്റെ 'മിഠായി' പദ്ധതിയിൽ രജിസ്റ്റർചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ചികിത്സാച്ചെലവിനോ മരുന്നിനോ പണം ലഭിച്ചിട്ടില്ല.

Content Highlights: Atul, a 6th grader managing Type 1 diabetes daily with glucose meter and insulin injections.