കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ ആസ്ത്മ അറ്റാക്കുകള്‍ വര്‍ധിച്ചു- പഠനം

കോവിഡ് മഹാമാരി ഒതുങ്ങി, നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ പലരിലും ആസ്ത്മാ സംബന്ധമായ പ്രശ്നങ്ങള്‍ കൂടിയെന്ന് പഠനം. ആസ്ത്മാ അറ്റാക്കുകള്‍ ഇക്കാലത്ത് കൂടിയെന്നും ഗുരുതരസാഹചര്യങ്ങള്ക്ക് ഇടയാക്കിയെന്നുമാണ് പഠനത്തില്‍ പറയുന്നത്. തൊറാക്സ് എന്ന മെഡിക്കല്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ ആസ്ത്മാ അറ്റാക്കുകള്‍ വര്‍ധിച്ചുവെന്നാണ് പഠനം പറയുന്നത്. നിയന്ത്രണങ്ങള്‍ കുറച്ചതോടെ പലരും മാസ്ക്കുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തു. ഇത് കോവിഡ് മാത്രമല്ല മറ്റുപല ശ്വാസകോശ രോഗങ്ങള്‍ക്കും ഇടയാക്കി. കോവിഡിനേക്കാള്‍ മറ്റു ശ്വാസകോശരോഗങ്ങളാണ് ആസ്ത്മ അറ്റാക്കുകളിലേക്ക് നയിച്ചതെന്നും പഠനത്തില്‍ പറയുന്നു.
ആസ്ത്മാ രോഗികളായ 2,312 പേരെ ആസ്പദമാക്കിയാണ് ക്യൂന്‍സ് മേരി സര്‍വകലാശാലയാണ് പഠനം നടത്തിയത്. 2020 നവംബറിനും 2022 ഏപ്രിലിനും ഇടയ്ക്കുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഫേസ് മാസ്ക്കുകളുടെ ഉപയോഗവും സാമൂഹിക അകലവും ആസ്ത്മാ ലക്ഷണങ്ങളുമെല്ലാം പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് ആസ്ത്മാ അറ്റാക്കുകളും വര്‍ധിപ്പിച്ചുവെന്ന് ക്യൂന്‍ മേരി സര്‍വകലാശാലയില്‍ ക്ലിനിക്കല്‍ പ്രൊഫസറും പഠനത്തിന് നേതൃത്വം കൊടുത്തയാളുമായ അഡ്രിയാന്‍ മാര്‍ട്ടിനോ പറഞ്ഞു. കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ പലതും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കുറച്ചിരുന്നുവെന്നും നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ അവ വീണ്ടും വര്‍ധിച്ചുവെന്നും പറയുകയാണ് അഡ്രിയാന്‍.
ആസ്ത്മ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
1. ട്രിഗറുകളെ അറിയാം
ആസ്ത്മ പ്രശ്നം ഉണര്‍ത്തുന്ന ചില പ്രത്യേക ഘടകങ്ങളാണ് ട്രിഗറുകള്‍. ഇവ വായുവിലുള്ള ചില അലര്ജനുകളാകാം. ഇവ ആസ്ത്മയുടെ തീവ്രത കൂട്ടും. കാലാവസ്ഥയിലുണ്ടാകുന്ന ചില വ്യതിയാനങ്ങള്‍ ഇതിന് തീവ്രത കൂട്ടും. കഠിനമായ ശാരീരിക അധ്വാനം, സാധാരണ ഫ്ളൂ പോലെയുള്ള അണുബാധകള്‍, പൂമ്പൊടി, അസ്വസ്ഥതയ്ക്ക് ഇടയാക്കുന്ന ഗന്ധങ്ങള്‍ തുടങ്ങിയവ ഈ ട്രിഗറുകളുടെ കൂട്ടത്തില്‍പ്പെടുന്നു.
2. മാനസിക സമ്മര്‍ദം കുറയ്ക്കാം
ആസ്ത്മ പ്രശ്നം ഗുരുതരമാക്കുന്ന ട്രിഗറുകളിലൊന്നാണ് മാനസിക സമ്മര്‍ദം എന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇത് ശ്വാസോച്ഛ്വാസ നിരക്കും ഹൃദയമിടിപ്പ് നിരക്കും വര്‍ധിപ്പിക്കും. മരുന്നുകള്‍, റിലാക്സേഷന് ടെക്നിക്കുകള്‍, യോഗ തുടങ്ങിയ പല മാര്‍ഗങ്ങളും ഉപയോഗിച്ച് മാനസിക സമ്മര്‍ദത്തെ കുറയ്ക്കണം.
3. പുകവലി നിര്‍ത്തണം
ആസ്ത്മാ ഉള്ളവര്‍ പുകവലിക്കരുത്. പുകവലി ശീലമുള്ളവര്‍ എത്രയും പെട്ടെന്ന് അത് നിര്‍ത്തണം. പുകവലി നിര്‍ത്തുന്നത് വഴി ആസ്ത്മയുടെ ഗുരുതരമായ ലക്ഷണങ്ങള്‍ കുറയുന്നു. ആസ്ത്മ നിയന്ത്രിക്കുന്നതിന് കഴിക്കുന്ന മരുന്നുകള്‍ ഫലപ്രദമാവാനും ഇത് സഹായിക്കും. ഇനി പുകവലിക്കാത്ത വ്യക്തിയാണെങ്കില്‍ പുകവലിക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതെ ശ്രദ്ധിക്കുക. മറ്റുള്ളവര്‍ പുകവലിക്കുന്നതിന് അടുത്ത് നിങ്ങള്‍ നില്‍ക്കുന്നത് നിങ്ങളുടെ ആസ്ത്മ തീവ്രത കൂട്ടും. ഇത് ലക്ഷണങ്ങളെ ഗുരുതരമാക്കും.
4. കൃത്യമായ മരുന്നുകള്‍ ഉപയോഗിക്കുക
ആസ്ത്മയുള്ളവര് മരുന്നുകള്‍ കൃത്യമായി ഉപയോഗിക്കണം. ആസ്ത്മയുള്ള ഓരോരുത്തരുടെയും മരുന്നുകള്‍ വ്യത്യസ്ത ഡോസില്‍ ഉള്ളതായിരിക്കും. അത് ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി കഴിക്കണം. ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മരുന്ന് കഴിക്കേണ്ടതില്ല എന്ന് ചിലര്‍ ചിന്തിക്കാറുണ്ട്. അത് ശരിയല്ല. ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലയളവില്‍ കൃത്യമായി മരുന്ന് കഴിക്കണം.
5. പെട്ടന്നുണ്ടാകുന്ന ആസ്ത്മയെ നേരിടാന്‍ തയ്യാറായിരിക്കണം
ചിലപ്പോള്‍ പെട്ടെന്നായിരിക്കും ആസ്ത്മയുടെ പ്രശ്നങ്ങള്‍ ഉണ്ടാവുക. അതിനാല്‍ തന്നെ ആസ്ത്മ പെട്ടെന്നുണ്ടായാല്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഒരു ധാരണയുണ്ടായിരിക്കണം. സാധാരണ കഴിക്കുന്ന മരുന്നുകളും മറ്റും കൈയെത്തും ദൂരത്ത് എപ്പോഴും ലഭ്യമാക്കിയിരിക്കണം. അവയുടെ വിശദാംശങ്ങള്‍ എഴുതി പഴ്സില്‍ വെക്കുകയും വേണം. ഇതുവഴി നിങ്ങള്‍ക്ക് ആസ്ത്മയുണ്ടായാല് എന്തുചെയ്യണമെന്ന് നിങ്ങള്‍ക്കൊപ്പമുള്ളവര്‍ക്ക് ഒരു ധാരണയുണ്ടായിരിക്കും. ആസ്ത്മ കുഞ്ഞിന് ആണെങ്കില്‍ അവരുടെ സ്കൂളിലെ അധ്യാപകരെ ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കണം. വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയും വേണം.
Content Highlights: asthma attacks doubled post covid19