ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ്, നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു; സമ്മാനത്തുക 250,000 യുഎസ് ഡോളർ

കൊച്ചി: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡിന്റെ ആറാം പതിപ്പിലേക്കുള്ള നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് ആരംഭിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. ലോകമെമ്പാടുമുള്ള രജിസ്റ്റർ ചെയ്ത നഴ്സുമാർക്ക് ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്ന നഴ്സിങ്ങ് അവാർഡിന് 250,000 യുഎസ് ഡോളറാണ് സമ്മാനത്തുക. നഴ്സുമാരുടെ മികവിനെ അംഗീകരിക്കുന്നതിനായി സ്ഥാപിതമായ ഈ അവാർഡ്, രോഗീ പരിചരണം, ആരോഗ്യസംരക്ഷണം, സമൂഹങ്ങളിൽ അർത്ഥവത്തായ മാറ്റം വരുത്തുക എന്നിവയ്ക്കായി പ്രവർത്തിക്കുന്ന നഴ്സിങ്ങ് രംഗത്തെ വ്യക്തികളെയാണ് അവാർഡിലൂടെ ആദരിക്കുന്നത്. ലോകമെമ്പാടുമുള്ള രജിസ്റ്റർ ചെയ്ത നഴ്സുമാർക്ക് ഈ അവാർഡിനായി അപേക്ഷിക്കാം.
പേഷ്യന്റ് കെയർ, നഴ്സിങ്ങ് വിദ്യാഭ്യാസം, ഹെൽത്ത് കെയർ/പബ്ലിക് ഹെൽത്ത്, റിസർച്ച്/ഇന്നൊവേഷൻ/ഹെൽത്ത് കെയറിലെ സംരംഭകത്വം, നഴ്സിങ്ങ് ലീഡർഷിപ്പ്/അഡ്മിനിസ്ട്രേഷൻ എന്നിവയിലുടനീളം നടത്തിയ പ്രവർത്തനത്തിന്റെ വ്യാപ്തിയും സ്വാധീനവും എടുത്തുകാണിക്കാനും കഥകൾ പങ്കിടാനും ഇതിലൂടെ നഴ്സുമാർക്ക് അവസരമൊരുക്കും.
ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനായി ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിൽ 2021ലാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് ഏർപ്പെടുത്തിയത്. 2026-ലെ പതിപ്പിന് 214 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 134,000-ലധികം രജിസ്ട്രേഷനുകളാണ് ലഭിച്ചത്. 2027 പതിപ്പിനുള്ള അപേക്ഷകൾ www.asterguardians.com വഴി ഇഷ്ട ഭാഷയിൽ 2026 ഡിസംബർ 31നകം സമർപ്പിക്കാം.
വിവിധ ഘട്ടങ്ങളിലുള്ള മൂല്യനിർണ്ണയ പ്രക്രിയ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നത് ഏണസ്റ്റ് ആൻഡ് യംഗ് എൽഎൽപിയും (ഇവൈ) അന്താരാഷ്ട്ര ഗ്രാൻഡ് ജൂറിയുടെയും മേൽനോട്ടത്തിലുമാണ്. കർശന മൂല്യനിർണ്ണയ പ്രക്രിയയ്ക്ക് ശേഷം, മികച്ച 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. തുടർന്ന് 2027 മെയിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നടക്കുന്ന ആഗോള അവാർഡ് ദാന ചടങ്ങിൽ അന്തിമ ജേതാവിനെ പ്രഖ്യാപിക്കും.
"നഴ്സുമാരെ അവർ നൽകുന്ന പരിചരണത്തിന് മാത്രമല്ല, അവർ മുന്നോട്ട് കൊണ്ടുപോകുന്ന ആശയങ്ങൾക്കും, ശക്തിപ്പെടുത്തുന്ന സംവിധാനങ്ങൾക്കും, പരിവർത്തനം ചെയ്യുന്ന കമ്മ്യൂണിറ്റികൾക്കും കൂടി അംഗീകാരം നൽകുന്ന ഒരു വേദി സൃഷ്ടിക്കുക എന്നതായിരുന്നു ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് ഏർപ്പെടുത്തിയപ്പോൾ മുന്നിൽകണ്ട ദർശനമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. ആറാം പതിപ്പ് ആരംഭിക്കുമ്പോൾ, ഈ രംഗത്തെ കൂടുതൽ കഥകൾ അവതരിപ്പിക്കുന്നതിനും അസാധാരണമായ നഴ്സിങ്ങ് സംഭാവനകൾക്ക് അർഹിക്കുന്ന അംഗീകാരവും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണെന്നും ഡോ.ആസാദ് മൂപ്പൻ വ്യക്തമാക്കി.
കൊച്ചിയിൽ നടന്ന അഞ്ചാം പതിപ്പിൽ മലയാളി നഴ്സ് ഡോ. അജിമോൾ പ്രദീപായിരുന്നു ജേതാവ്. യുകെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ സീനിയർ ട്രാൻസ്പ്ലാന്റ് കോർഡിനേറ്ററും, സാൽഫോർഡ് സർവകലാശാലയിലെ ഓണററി സീനിയർ ലക്ചററുമാണ് ഡോ. അജിമോൾ പ്രദീപ്.
Content Highlights: Aster DM Healthcare invites nominations for the 2027 Aster Guardians global nursing award, recognizing nurses' contributions worldwide with a $250,000 prize.