ഹൈദരാബാദിൽ 500 കോടിയുടെ നിക്ഷേപവുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ

കൊച്ചി: പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് ഹൈദരാബാദിലെ കൊണ്ടാപ്പൂരിൽ 500 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പുതിയ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി 2027 മാർച്ചിൽ പ്രവർത്തനമാരംഭിക്കും. ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്റെ ഹൈദരാബാദ് സന്ദർശനത്തോട് അനുബന്ധിച്ചാണ് മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ, 300 കിടക്കകളുമായി ഒരുങ്ങുന്ന ഈ ആശുപത്രിയുടെ പ്രഖ്യാപനം നടന്നത്.
രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിദഗ്ധ ചികിത്സാ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ നടപ്പാക്കുന്ന 4,000 കോടി രൂപയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമാണിത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 4,000 മുതൽ 4,400 വരെ പുതിയ കിടക്കകൾ കൂട്ടിച്ചേർത്തുകൊണ്ട് രാജ്യത്തുടനീളമുള്ള ആകെ കിടക്കകളുടെ എണ്ണം 15,000-ത്തിന് മുകളിലേക്ക് ഉയർത്താനാണ് ആസ്റ്റർ ക്വളിറ്റി കെയർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ വളർന്നുവരുന്ന ആരോഗ്യ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആധുനിക ചികിത്സാ അടിസ്ഥാന സൗകര്യങ്ങളിൽ സുസ്ഥിരമായ നിക്ഷേപം അനിവാര്യമാണ്. രണ്ട് വർഷത്തിനുള്ളിൽ 4,000 കോടി രൂപ നിക്ഷേപിക്കാനുള്ള തീരുമാനം രാജ്യത്തെ ആരോഗ്യ മേഖലയോടുള്ള ഞങ്ങളുടെ ദീർഘകാല പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. നൂതന ചികിത്സകൾ, ഡിജിറ്റൽ സാങ്കേതികവിദ്യ, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നിവ സമന്വയിപ്പിച്ച സമ്പൂർണ്ണ ആരോഗ്യ പരിപാലന സംവിധാനമാണ് കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ പരിപാലന രംഗത്തെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്ന് ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ-യുമായ വരുൺ ഖന്ന വ്യക്തമാക്കി. ആഗോള നിലവാരത്തിലുള്ള ചികിത്സാ രീതികളും അത്യാധുനിക സാങ്കേതികവിദ്യയും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ഒത്തുചേരുന്ന മികച്ച ചികിത്സാ അന്തരീക്ഷം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുങ്ങുന്ന ആശുപത്രിയിൽ 100 തീവ്രപരിചരണ കിടക്കകൾ, 10 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ, 24 മണിക്കൂർ അത്യാഹിത വിഭാഗം എന്നിവയുണ്ടാകും. കൂടാതെ അഡ്വാൻസ്ഡ് കാത്ത് ലാബ്, സി.ടി, എം.ആർ.ഐ, എക്മോ (ഇ.സി.എം.ഒ), ഐ.വി.യു.എസ്, ഇ-ബസ്, ഇ.ആർ.സി.പി തുടങ്ങിയ അത്യാധുനിക രോഗനിർണ്ണയ-ചികിത്സാ സംവിധാനങ്ങളും സജ്ജമാക്കും.
കൊണ്ടാപ്പൂരിലെ പുതിയ ആശുപത്രി പ്രവർത്തന സജ്ജമാകുന്നതോടെ ഹൈദരാബാദിലെ ശൃംഖല എട്ട് ആശുപത്രികളായി വികസിക്കുമെന്നും ഐ.ടി മേഖലയിലുള്ളവർക്കും കുടുംബങ്ങൾക്കും അടിയന്തര ചികിത്സ താമസസ്ഥലത്തിന് അടുത്തുതന്നെ ലഭ്യമാകുമെന്നും ഇന്ത്യ-2 സി.ഇ.ഒ ഡോ. പവൻ കുമാർ അഭിപ്രായപ്പെട്ടു.
ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ക്വാളിറ്റി കെയർ ഇന്ത്യ ലയനശേഷം ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിന് കീഴിൽ ആസ്റ്റർ ഡി.എം, കെയർ ഹോസ്പിറ്റൽസ്, എവർകെയർ, കിംസ് ഹെൽത്ത് എന്നീ ബ്രാൻഡുകളിലായി 27 നഗരങ്ങളിൽ 38 ആശുപത്രികളും 10,840-ലധികം കിടക്കകളുമുള്ള വിപുലമായ ശൃംഖലയാണ് ആസ്റ്റർ ക്വളിറ്റി കെയർ ഗ്രൂപ്പിന് കീഴിലുള്ളത്. ഹൈദരാബാദിന്റെ പടിഞ്ഞാറൻ മേഖലയിലെയും സംഗറെഡ്ഡി ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന സുപ്രധാന കേന്ദ്രമാകും പുതിയ ആശുപത്രി.
Content Highlights: Aster DM Quality Care announces a new multispeciality hospital in Hyderabad