അമൃതംപൊടിയിൽ അഞ്ചിലൊന്നും പഞ്ചസാര, അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്ന് നിർദേശം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

അങ്കണവാടി വഴി വിതരണംചെയ്യുന്ന അമൃതംപൊടിയിൽ 20 ശതമാനം പഞ്ചസാര. വളർന്നുവരുന്ന പ്രായത്തിൽ ഇത്രയും പഞ്ചസാര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്നുമാണ് വനിത-ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം. ഇതിനെത്തുടർന്ന് അങ്കണവാടികൾ വഴിയുള്ള പോഷകാഹാര വിതരണത്തിൽ മാറ്റമുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചിട്ടുണ്ട്. പോഷകഹാര കിറ്റുകളിൽനിന്ന് പഞ്ചസാര ഒഴിവാക്കാൻ വനിത-ശിശുവികസന മന്ത്രാലയം നിർദേശിച്ചിരുന്നു.

45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയചങ്ക്‌സ് എന്നിവയാണ് 20 ശതമാനം പഞ്ചസാരയ്ക്കുപുറമേ അമൃതംപൊടിയിൽ അടങ്ങിയിരിക്കുന്നത്. ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ദിവസം 135 ഗ്രാം എന്ന കണക്കിൽ പലഹാരമായോ കുറുക്കിയോ നൽകാം. 135 ഗ്രാം കഴിക്കുന്ന കുട്ടിയുടെ ഉള്ളിൽ 27 ഗ്രാം പഞ്ചസാര എത്തും. ആറുമാസം പ്രായമുള്ള കുട്ടിക്കും ഇത്രയും പഞ്ചസാര നൽകുന്നതിൽ മാറ്റംവേണമെന്ന നിർദേശമുണ്ട്. പഞ്ചസാരയ്ക്കു പകരം ശർക്കരയോ കരുപ്പെട്ടിയോ ഉപയോഗിക്കാമെന്നാണ് വനിത-ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം. കുഞ്ഞുപ്രായത്തിൽത്തന്നെ പഞ്ചസാര അമിതമായി ഉപയോഗിച്ചാൽ വളർന്നുവരുമ്പോൾ െഎസ്‌ക്രീം പോലെയുള്ള മധുരവസ്തുക്കളുടെ അമിത ആസക്തിയിലേക്ക് നയിക്കുമെന്നും വകുപ്പ് വിലയിരുത്തുന്നുണ്ട്.

കേരള വനിത-ശിശുവികസന വകുപ്പ് കുടുംബശ്രീ വഴിയാണ് ഇത് ഉത്പാദിപ്പിച്ച് വിതരണംചെയ്യുന്നത്. ചെലവാകുന്ന തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്.

Content Highlights: Amrutham Nutrimix currently contains 20% sugar., Health officials suggest replacing sugar with jaggery or palm jaggery., Excessive sugar intake in early childhood leads to future dietary addiction.