മദ്യപാനം; കുറഞ്ഞ അളവുപോലും അപകടസാധ്യത കൂട്ടുമെന്ന് പഠനം

മദ്യത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നിരന്തരം പുറത്തുവരാറുണ്ട്. ഒരളവും സുരക്ഷിതമല്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ജേർണൽ ഓഫ് ഹെപ്പറ്റോളജിയിൽ വന്ന പുതിയ പഠനത്തിലും സമാന കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. മദ്യപാനത്തിൽ സുരക്ഷിതമായ അളവില്ലെന്നും എത്രത്തോളം മദ്യപിക്കുന്നോ അത്രത്തോളം ആരോഗ്യപ്രശ്നങ്ങളും വർധിക്കുമെന്നും പഠനം പറയുന്നു.
മദ്യം കാൻസറിന് കാരണമാകുന്ന ഘടകമാണെന്നും ആദ്യത്തെ അളവിൽത്തന്നെ അപകടസാധ്യത ആരംഭിക്കുമെന്നും ലോകാരോഗ്യ സംഘടന നേരത്തേ പറഞ്ഞിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണ് പുതിയ പഠനവും. മദ്യപാനത്തോടൊപ്പം പലവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും കൂടുന്നുവെന്നും കുറഞ്ഞ അളവിൽ മദ്യപിച്ചാൽപ്പോലും ചില കാൻസറുകൾ ഉൾപ്പെടെയുള്ളവയ്ക്ക് സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി.
പ്രായം, ലിംഗഭേദം, ജനിതകം, നിലവിലുള്ള ആരോഗ്യ സ്ഥിതികൾ, മദ്യപാന രീതികൾ എന്നിവയനുസരിച്ച് അപകടസാധ്യതയിൽ മാറ്റമുണ്ടാകുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. മിതമായ മദ്യപാനം ഹൃദയ സംബന്ധമായ രോഗങ്ങളിൽനിന്ന് സംരക്ഷിക്കുമെന്ന് കരുതുന്നവരേറെയുണ്ട്. ദിവസവും ഒരു ഗ്ലാസ് വൈൻ കുടിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, ഇതിൽ അടിസ്ഥാനമില്ലെന്നും കുറഞ്ഞ അളവുപോലും അപകടസാധ്യത കൂട്ടുമെന്നുമാണ് പുതിയ പഠനം പറയുന്നത്.
കാൻസറിന് കാരണമാകുന്ന പട്ടികയിൽ ഗ്രൂപ്പ് 1-ൽ ആണ് മദ്യത്തെ ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. സ്തനാർബുദം, കരൾ, വൻകുടൽ, മലാശയം, വായ, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ കാൻസറുകൾ ഉൾപ്പെടെയുള്ള ഏഴ് തരം കാൻസറുകളുമായി മദ്യപാനം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.
മദ്യം ഡിഎൻഎയെ നശിപ്പിക്കാൻ കാരണമാകുന്ന ഘടകമാണ്. ശരീരത്തിൽ വീക്കമുണ്ടാക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് വർദ്ധിപ്പിക്കുകയും ഹോർമോൺ നിലയിൽ മാറ്റമുണ്ടാക്കുകയും ചെയ്യും. ഇവയെല്ലാം കാൻസറിന് സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.
മദ്യം ഉപേക്ഷിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്ന ചില പോസിറ്റീവായ മാറ്റങ്ങൾ
ഹൃദയാരോഗ്യം മെച്ചപ്പെടും
പലരും ദിവസവും പരിമിതമായ അളവിൽ മദ്യംകഴിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്. എന്നാൽ, മദ്യം ശീലമാവുകയും അതിനൊപ്പം അളവു കൂടുകയുമൊക്കെ ചെയ്യുന്നത് രക്തസമ്മർദത്തിന്റെ തോതിനെ ബാധിക്കും. ഇത് ഹൃദയാരോഗ്യത്തേയും തകരാറിലാക്കും. കൂടാതെ, ട്രൈഗ്ലൈസിറൈഡ്സ് എന്ന കൊഴുപ്പ് ശരീരത്തിൽ അടിയാൻ കാരണമാവുകയും ഇതും ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.
കരളിന്റെ ആരോഗ്യം
ശരീരത്തിലെ മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറംതള്ളി വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ. എന്നാൽ, മദ്യപാനം അതിരുവിടുന്നത് കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ഭാരം കുറയാൻ
വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവരും മദ്യപാനം ഉപേക്ഷിക്കുന്നത് ഗുണംചെയ്യും. ഒരു ഗ്ലാസ് ബിയറിൽ 150 കലോറിയും വൈനിൽ 120 കലോറിയുമാണുള്ളത്. ഇനി കലോറി തീരെ കുറഞ്ഞവയാണെങ്കിൽപ്പോലും മദ്യം വിശപ്പിനെ അധികരിക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കാനിടയാക്കുകയും വണ്ണംവെക്കാൻ കാരണമാവുകയും ചെയ്യും. അതിനാൽ മദ്യപാനം നിർത്തുകവഴി ശരീരഭാരവും കുറയ്ക്കാനാവും.
ബന്ധങ്ങൾ സുഖകരമാക്കും
മാനസികാവസ്ഥയെ സ്വാധീനിക്കുന്നതിലും മദ്യത്തിന് വലിയ പങ്കാണുള്ളത്. സോഷ്യൽ ഡ്രിങ്കിങ് എന്ന അവസ്ഥയിൽനിന്ന് പലരും ബോധം നഷ്ടമാകുംവരെ മദ്യപിക്കുന്നത് ദോഷമേ ചെയ്യൂ. മദ്യോപയോഗം കുറയ്ക്കുന്നതും നിർത്തുന്നതും ബന്ധങ്ങളിലും ജോലിയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. കൂടാതെ വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും സഹായകമാകും.
കാൻസർ സാധ്യത
മദ്യപാനം പലതരത്തിലുള്ള കാൻസറുകൾക്ക് കാരണമാകുമെന്ന് അടുത്തിടെ ഒരു പഠനത്തിൽ വ്യക്തമായിരുന്നു. വൈൻ ഉൾപ്പെടെ ആൽക്കഹോൾ അംശമുള്ള പാനീയങ്ങളെല്ലാം കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിലുണ്ടായിരുന്നത്. സ്തനാർബുദം, വായിലെ അർബുദം, കുടലിലെ അർബുദം തുടങ്ങി ഏഴോളം തരത്തിലുള്ള കാൻസറുകൾക്ക് പിന്നിൽ മദ്യത്തിന്റെ ഉപഭോഗവുമായി ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ഉറക്കം മെച്ചപ്പെടും
മദ്യപാനം തുടക്കത്തിൽ മയക്കത്തിന് സമാനമായ അനുഭവം നൽകുമെങ്കിലും സുഖകരമായ ഉറക്കത്തിന് തടസ്സമാകാം. മൂത്രമൊഴിക്കുന്നതിനുൾപ്പെടെ ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് ഉറക്കം അസ്വസ്ഥമാക്കും. രാത്രി വളരെ വൈകുംവരെ മദ്യപിക്കുന്ന ശീലം പാടേ ഉപേക്ഷിക്കുന്നതാണ് ഗുണകരം.
പ്രതിരോധശേഷി
ശരീരത്തിന്റെ അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷിയെ മദ്യം ദുർബലമാക്കാം. മദ്യത്തിന്റെ അളവു കൂടുന്നതിനൊപ്പം പ്രതിരോധശേഷി ദുർബലമാവും. ഇതുതടയാൻ മദ്യം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം.
രക്തസമ്മർദം നിയന്ത്രിക്കാനാവും
വലിയ അളവിൽ മദ്യം കഴിക്കുന്നത് രക്തസമ്മർദത്തിന്റെ തോത് വർധിപ്പിക്കും. കൂടാതെ മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തേയും ബാധിക്കും. കാര്യങ്ങൾ ഓർത്തെടുക്കാനുള്ള ശേഷി കുറയുകയും മോട്ടോർ സ്കില്ലുകളെ ബാധിക്കുകയും ചെയ്യും. മദ്യം കുറയ്ക്കുന്നതിനനുസരിച്ച് ഈ ശേഷികൾ മെച്ചപ്പെടുകയും ചെയ്യും.
Content Highlights: No amount of alcohol is scientifically considered safe for health., Alcohol is a Group 1 carcinogen linked to seven types of cancer