ആലപ്പുഴയിൽ ജനനനിരക്ക് കുത്തനെ കുറഞ്ഞു, 10 വർഷത്തിനിടെ പകുതിയായി; പ്രസവ ശസ്ത്രക്രിയ കൂടി

#രേവതി എസ്. പിള്ള
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ജനനനിരക്ക് ആലപ്പുഴയിൽ. ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഒടുവിലത്തെ റിപ്പോർട്ടിലാണ് ഈ വിവരം. ഏറ്റവും കൂടുതൽ മലപ്പുറത്താണ്. പ്രസവ ശസ്ത്രക്രിയാനിരക്കിൽ ആലപ്പുഴ 56 ശതമാനവുമായി മുന്നിലാണ്. 5.28 ആണ് ആലപ്പുഴയിലെ ജനനനിരക്ക്. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും കുറവ്.

2014-ൽ ആലപ്പുഴയിൽ 20,639 ആയിരുന്നു ജനനം. 2024-ൽ 11,419 ആയി. 44.7 ശതമാനം കുറവ്. മുൻ വർഷങ്ങളിലും ആലപ്പുഴയിലായിരുന്നു കുറഞ്ഞ നിരക്ക്. സംസ്ഥാനത്തെ ശരാശരി ജനനനിരക്ക് 9.66 ആണ്. (1,000 പേർക്കിടയിൽ ജനിക്കുന്നവരുടെ ശരാശരി). മലപ്പുറത്തെ ജനനനിരക്ക് 15.16 ആണ്. 2024-ൽ സംസ്ഥാനത്ത് 3,44,766 കുട്ടികളാണു ജനിച്ചത്. 10 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ വാർഷിക കുറവാണിത്. 

2020-ൽ ആലപ്പുഴയിലെ സർക്കാർ ആശുപത്രികളിൽ 8,188 പ്രസവം നടന്നു. 2024-25 വർഷം ഇത് 4,125 ആയി. സ്വകാര്യ ആശുപത്രികളിൽ 2020-ൽ 6,826 പ്രസവം നടന്നപ്പോൾ 2024-25-ൽ 6,271 ആണ്. പ്രസവത്തെ തുടർന്നുള്ള അത്യാഹിതമൊഴിവാക്കാൻ ഡോക്ടർമാർ സാധാരണപ്രസവം പ്രോത്സാഹിപ്പിക്കാത്തതാകാം ശസ്ത്രക്രിയാനിരക്ക് കൂടാൻ കാരണമെന്ന് ആരോഗ്യമേഖലയിലുള്ളവർ പറയുന്നു.

പുതിയ തലമുറയിൽ വിവാഹം വേണ്ടെന്നുവെക്കുന്നവർ കൂടുകയാണെന്നു റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടികൾക്കിടയിലാണ് ഇതു വ്യാപകം. 1997-നും 2012-നും ഇടയിൽ ജനിച്ച പത്തിൽ ആറുപേരും വിവാഹത്തോടു താത്പര്യം കാണിക്കുന്നില്ല.

വിവാഹം കഴിഞ്ഞാലുടൻ പ്രസവത്തിനു സന്നദ്ധയാകുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. കേരളത്തിലെ ’ജെൻ-സീ’ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കുണ്ടാകുന്ന കുട്ടികളുടെ എണ്ണം, ഒരു ദശാബ്ദം മുൻപ് ഇതേ പ്രായത്തിലുള്ള സ്ത്രീകൾക്കുണ്ടായിരുന്നതിന്റെ പകുതിയായി കുറഞ്ഞിട്ടുണ്ട്. 20 മുതൽ 24 വരെ പ്രായമുള്ള സ്ത്രീകളിലെ പ്രജനന നിരക്ക് (1,000 ജനസംഖ്യയിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം) 2014-ൽ 1,000 സ്ത്രീകൾക്ക് 132.12 എന്നതിൽ നിന്ന്‌ 2024-ൽ 61.27 ആയി കുറഞ്ഞു. ഈ പ്രായവിഭാഗത്തിലുള്ള സ്ത്രീകളുടെ പ്രസവനിരക്ക് പകുതിയിലധികമായി കുറഞ്ഞു. 2,05,652-ൽ നിന്ന് 88,674-ലേക്കാണ് ഈ കുറവ്.

ആദ്യമായി അമ്മമാരാകുന്നവരിൽ 20-24 വയസ്സ് വിഭാഗവും (39.95%) 25-29 വയസ്സ് വിഭാഗവും (39.22%) തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്. 2019-ൽ ഇതു 15 ശതമാനം ആയിരുന്നു. ഈ പ്രവണത തുടരുകയാണെങ്കിൽ, അടുത്ത വർഷത്തോടെ ആദ്യമായി അമ്മമാരാകുന്നവരുടെ കാര്യത്തിൽ ’ഇരുപതുകളുടെ തുടക്കം’ (20-24 വയസ്സ്) എന്ന വിഭാഗത്തെ ’ഇരുപതുകളുടെ അവസാനം’ (25-29 വയസ്സ്) എന്ന വിഭാഗം മറികടക്കാനും സാധ്യതയുണ്ട്.

വിദേശവാസവും പ്രശ്നകാരണം

പുതുതലമുറ വിദേശത്തു സ്ഥിരതാമസമാക്കുന്നത് കൂടി. വിദേശത്തു ജനിക്കുന്ന കുട്ടികളുടെ കണക്കെടുപ്പ് സംസ്ഥാനത്തു നടക്കാറില്ല. ഇതും കണക്കു കുറയുന്നതിനു കാരണമാകാം

ഡോ. കെ.കെ. ദീപ്തി,

(സൂപ്രണ്ട്, വനിത-ശിശു ആശുപത്രി, ആലപ്പുഴ)

Content Highlights: Alappuzha records the lowest birth rate in Kerala at 5.28., C-section deliveries in Alappuzha remain high at 56%., Significant decline in birth rates among the Gen-Z population.