അത്യാസന്നനിലയിലും അന്തസ്സോടെ മരിക്കാം, മരണതാത്പര്യപത്രം ആലപ്പുഴയിലും

#സുപ്രദ പ്രസാദ്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആലപ്പുഴ: മരണതാത്പര്യപത്രം തയ്യാറാക്കാൻ ഇനി ആലപ്പുഴ മെഡിക്കൽ കോളേജിലും ‘ലിവിങ് വിൽ’ സഹായ കൗണ്ടർ. സുഖപ്പെടില്ലെന്ന് ഉറപ്പായിട്ടും യന്ത്രസഹായത്തോടെ ജീവൻ നിലനിർത്താൻ താത്പര്യമില്ലാത്തവർക്ക് കൗണ്ടറിന്റെ സേവനം ലഭിക്കും. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം പോലെ അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്നതാണിത്.

നിയമപരമായി സ്വയം തയ്യാറാക്കുന്ന മരണതാത്പര്യപത്രമായതിനാൽ രോഗികളുടെ അബോധാവസ്ഥയിൽ കുടുംബത്തിനോ ബന്ധുക്കൾക്കോ നിർബന്ധ ചികിത്സയിലൂടെ മരണം നീട്ടിവെപ്പിക്കാനാകില്ല. കൗണ്ടർ തുടങ്ങുന്നതിന്റെ ഭാഗമായി പ്രൈമറി, സെക്കൻഡറി മെഡിക്കൽ ബോർഡുകൾ ഈയാഴ്ച രൂപവത്കരിക്കും.

കഴിഞ്ഞ നവംബർ ഒന്നിന് സംസ്ഥാനത്തെ ആദ്യ ലിവിങ് വിൽ കൗണ്ടർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ തുടങ്ങിയിരുന്നു. ഇതുവരെ മൂന്നൂറോളം പേർ കൗണ്ടറിന്റെ സഹായം തേടി.

ലിവിങ് വിൽ

2018-ലെ സുപ്രീംകോടതി നിർദേശപ്രകാരമുള്ളതാണിത്. പ്രത്യേക അപേക്ഷാപത്രമുണ്ട്. കുടുംബാംഗത്തിന്റെയും സാക്ഷിയുടെയും ഒപ്പുവേണം. വ്യക്തിയെ നിർബന്ധിച്ചു ചെയ്യിക്കുന്നതല്ലെന്ന് ഉറപ്പാക്കാൻ ഗസറ്റഡ് ഓഫീസറുടെയോ നോട്ടറിയുടെയോ സാക്ഷ്യപത്രം വേണം.

മരണതാത്പര്യപത്രത്തിന്റെ ഒരു പകർപ്പ് വീട്ടിൽ സൂക്ഷിക്കണം. മറ്റൊന്ന് തദ്ദേശസ്ഥാപനത്തിലേക്ക് രജിസ്റ്റേഡായി അയക്കണം. രക്ഷപ്പെടില്ലെന്ന് ഉറപ്പായിട്ടും വെന്റിലേറ്റർ തുടങ്ങിയവ ഉപയോഗിക്കാൻ നിർദേശം ലഭിച്ചാൽ രോഗിയുടെ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ മരണപത്രം ആശുപത്രിക്കു കൈമാറാം.

അതനുസരിച്ച് 48 മണിക്കൂറിലെ ആരോഗ്യസ്ഥിതി പ്രാഥമിക മെഡിക്കൽ ബോർഡ് വിലയിരുത്തും. അത് ഡി.എം.ഒ. അംഗീകരിച്ച് മൂന്നംഗങ്ങളുള്ള രണ്ടാംഘട്ട മെഡിക്കൽ ബോർഡ് പരിശോധിക്കും. തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കുന്നതോടെ അന്തിമ തീരുമാനമാകും.

ഒരിക്കൽ പത്രമെഴുതിയാൽ പിന്നീടു മാറ്റാനോ പിൻവലിക്കാനോ തടസ്സമില്ല. 18 വയസ്സു കഴിഞ്ഞ ആർക്കും രോഗമില്ലാത്ത അവസ്ഥയിൽ പത്രം തയ്യാറാക്കാം. നിയമപരമായി എഴുതിവെക്കുന്നതിനാൽ മക്കളുടെയോ ബന്ധുക്കളുടെയോ തർക്കങ്ങളും ഒഴിവാക്കാം.

Content Highlights: Alappuzha Medical College now offers a `Living Will` counter