അവരുടെ വേഷം അന്യഗ്രഹത്തില്‍ നിന്ന് വന്നതുപോലെ, എനിക്ക് പള്‍സുണ്ടായിരുന്നില്ല-അൽ പാച്ചിനോ

കോവിഡുകാലത്ത് സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോയവർ നിരവധിയാണ്. ദീര്‍ഘകാലത്തെ ചികിത്സയ്ക്ക് ശേഷമാണ് പലരും കോവിഡ് ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചത്. കോവിഡ് കാലത്ത് നേരിട്ട ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇതിഹാസം താരം അല്‍ പാച്ചിനോ. ന്യൂ യോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കോവിഡ് ബാധിതനായ ഘട്ടത്തില്‍ മരണത്തെ മുഖാമുഖം കണ്ടെന്ന് അൽ പാച്ചിനോ വെളിപ്പെടുത്തിയിരിക്കുന്നത്. കോവിഡ് ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയുണ്ടായെന്നും അദ്ദേഹം പറയുന്നു.
എനിക്ക് പനി ബാധിച്ചിരുന്നു. തുടര്‍ച്ചയായി നിര്‍ജലീകരണം സംഭവിച്ചുകൊണ്ടിരുന്നു. വീട്ടില്‍ ഒരു നഴ്‌സിനെ കൊണ്ടുവന്നെങ്കിലും സാഹചര്യം അപ്രതീക്ഷിതമായി മാറി. വീട്ടില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് ആരോഗ്യസ്ഥിതി മോശമായെന്നും തനിക്ക് പള്‍സ് ഉണ്ടായിരുന്നില്ലെന്നും അല്‍ പാച്ചിനോ പറഞ്ഞു.
മിനിറ്റുകള്‍ക്കകം ഡോക്ടർമാരുടെ സംഘം തന്നെ ചികിത്സിക്കാനെത്തി. മറ്റു ഗ്രഹങ്ങളില്‍ നിന്ന് വരുന്നവരെപ്പോലെയായിരുന്നു അവരുടെ വേഷം. കണ്ണു തുറന്നപ്പോള്‍ എല്ലാവരും എന്റെ ചുറ്റുമുണ്ടായിരുന്നു. താന്‍ തിരിച്ചെത്തിയെന്ന് അവര്‍ പറഞ്ഞെന്നും അല്‍ പാച്ചിനോ ഓര്‍ത്തെടുത്തു. ഇതിന് മുമ്പ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
എൻ്റെ 50 വർഷത്തെ ജോലി ഒരു ആശ്വാസമായിരുന്നു. കുട്ടികളുള്ളത് ഒരു ആശ്വാസമാണ്. പ്രായമാകുന്തോറും മരണത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്- അൽ പാച്ചിനോ പറഞ്ഞു.
കഴിഞ്ഞ വർഷമാണ് അൽ പാച്ചിനോ ഒരു ആൺകുഞ്ഞിന്റെ അച്ഛനായത്. ചലച്ചിത്ര നിർമാതാവായ നൂർ അൽഫലായിൽ ആണ് സൂപ്പർതാരത്തിന് കുഞ്ഞ് ജനിച്ചത്. ആദ്യ കാമുകിയായ ജാൻ ടാറന്റിൽ ജൂലി മേരി എന്നൊരു മകളാണ് അൽ പാച്ചിനോയ്ക്കുള്ളത്. രണ്ടാമത്തെ പങ്കാളിയായ ബെവേർളി ഡി എയ്ഞ്ചലോയിൽ ആന്റൺ, ഒലിവിയ എന്നീ ഇരട്ടക്കുട്ടികളും താരത്തിനുണ്ട്.
Content Highlights: Al Pacino reflects on near death experience with covid