‘പരീക്ഷ എഴുതിയതുപോലും നിന്നിട്ട്, പ്രസവിക്കാൻ പറ്റുമോ എന്നുവരെ ചോദിച്ചു’- രോഗത്തെ കുറിച്ച് ഐശ്വര്യ

താൻ കടന്നപോയ രോഗാവസ്ഥയെ കുറിച്ച് തുറന്നു സംസാരിച്ച് നടി അനശ്വര രാജന്റെ സഹോദരിയും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ഐശ്വര്യ രാജൻ. താൻ ഫൈബ്രോമയാൾജിയ എന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ശരീരത്തിൽ എവിടെ തൊട്ടാലും വേദനയാണെന്നും ഐശ്വര്യ പറയുന്നു. ഇപ്പോൾ താൻ ഹീലിങ് സ്റ്റേജിലാണെന്നും യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ അവർ വ്യക്തമാക്കുന്നു.
'16-ാം വയസിലാണ് എനിക്ക് അപ്പന്റിസൈറ്റിസിന്റെ സർജറി ചെയ്തത്. കുറച്ചുകാലം ബെഡ് റെസ്്റ്റ് എടുക്കേണ്ടി വന്നു. പിന്നീട് 20-ാം വയസിൽ, ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എനിക്ക് എഴുതാൻ കഴിയാതെ ലന്നത്. സ്കാനിങ്ങും എംആർഐയുമൊക്കെ എടുത്തപ്പോൾ ഡിസ്കിന് പ്രശ്നമാണെന്ന് കണ്ടുപിടിച്ചു. കുനിയാൻ പോലും പറ്റില്ല. ബെഡ് റസ്റ്റ് വേണമെന്ന് പറഞ്ഞു. മൂന്നു മാസം അനങ്ങാതെ കിടന്നു. ഡിഗ്രി ഫൈനൽ ഇയറായി. എനിക്ക് അപ്പോഴും ഇരിക്കാൻ പറ്റുന്ന അവസ്ഥയായിരുന്നില്ല. 30 മിനിറ്റ് കഴിയുമ്പോഴേക്ക് എഴുന്നേറ്റ് നിൽക്കേണ്ടി വന്നു. ആറാം സെമസ്റ്റർ മുഴുവൻ ഇങ്ങനെ ക്ലാസിൽ നിന്നു. പരീക്ഷ എഴുതിയതുപോലും നിന്നുകൊണ്ടാണ്.
എല്ലാവർക്കും എളുപ്പമുള്ള കാര്യങ്ങൾ എനിക്ക് എളുപ്പമല്ല. കോഴിക്കോട്ട് ബാങ്ക് കോച്ചിങ്ങിന് പോയപ്പോഴാണ് സുഹൃത്ത് പറഞ്ഞ് ആയുർവേദ ചികിത്സയ്ക്ക് പോയത്. 1.2 ലക്ഷം രൂപ നഷ്ടമായി. ഫലം സീറോയായിരുന്നു. കോവിഡിനൊക്കെ മുമ്പാണത്. കുറേ പേർ എന്നെ ട്രോമയിലാക്കി. കൊച്ചിയിൽ ഫിസിയോ തെറാപ്പി ചെയ്യാൻ പോയിരുന്നു. ഒരു ദിവസം കണ്ണാടിയിൽ നടുവ് നോക്കുമ്പോൾ നീലിച്ച് കിടക്കുകയാണ്. അവിടെ നിന്നും എനിക്ക് ഒരു മാറ്റവുമുണ്ടായില്ല. വേദന കൂടിയതല്ലാതെ. ഇരിക്കാൻ പോലും പറ്റാതെയായി. റോബോട്ടിനെ പോലെയായിരുന്നു ഞാൻ നടന്നോണ്ടിരുന്നത്. ഇപ്പോഴും എനിക്ക് ഓടാനൊന്നും പറ്റില്ല. അനുവിനൊപ്പം ഞാൻ ഓടുന്ന ഒരു വീഡിയോ കണ്ട് പലരും എന്നെ കളിയാക്കിയിരുന്നു.
പ്രണയബന്ധത്തെ പോലും ഇത് ബാധിച്ചു. പ്രസവിക്കാൻ പറ്റുമോ എന്നു വരെയുള്ള ചോദ്യങ്ങളുണ്ടായി. ഗർഭിണിയാവുക എന്നതാണല്ലോ ഒരു പെർഫെക്ട് വുമൺ എന്നത്. അങ്ങനെയുള്ള അനുഭവമൊക്കെ ഉണ്ടായി. 'നടുവേദനയുള്ള കുട്ടി' എന്നായി എന്റെ ഐഡന്റിറ്റി. അതെല്ലാം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഫൈബ്രോമയാൾജിയ എന്ന അവസ്ഥയിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. ശരീരത്തിലെ എല്ലാ സെല്ലും ഭയങ്കര വേദനയായിരിക്കും. ചുണ്ടും ചെവിയുമല്ലാതെ ശരീരത്തിൽ എവിടെ തൊട്ടാലും വേദനയാണ്. വളരെ ബുദ്ധിമുട്ടാണ്.
എന്റെ തലയോട്ടി പോലും മസാജ് ചെയ്യാൻ പറ്റില്ല. തലയോട്ടിയിൽ തൊടുമ്പോൾ തന്നെ വേദനയാണ്. എനിക്കിപ്പോൾ 28 വയസുണ്ട്. ഇത്രയും ഞാൻ തുറന്നുപറഞ്ഞത് നിങ്ങളുടെ സിംപതിക്കോ എംപതിക്കോ വേണ്ടിയല്ല. അതുകൊണ്ട് എനിക്കൊരു പ്രയോജനവുമില്ല. ഇപ്പോൾ ഞാൻ ഹീലിങ് ഘട്ടത്തിലാണ്. പിന്നീട് അതിനെ കുറിച്ച് പറയുമ്പോൾ ക്ലാരിറ്റി കിട്ടാൻ വേണ്ടിയാണ് ഇതെല്ലാം പറഞ്ഞത്. അതുകൊണ്ട് ആരുടേയും 'അയ്യോ' സാധനം വേണ്ട. എനിക്ക് എന്തെല്ലാം മാറ്റങ്ങൾ വന്നുവെന്ന് മനസിലാക്കാൻ മാത്രം പറഞ്ഞതാണ്. ചിലപ്പോൾ ഇതെല്ലാം ആർക്കെങ്കിലും സഹായകരമായാലോ. ഞാൻ അനുഭവിച്ച ഏതെങ്കിലും കാര്യങ്ങൾ അനുഭവിച്ചവർക്ക് ഇത് ഉപകാരപ്പെടും. അതു കേൾക്കാൻ വേണ്ടിയാണ് ഞാനിത് പങ്കുവെയ്ക്കുന്നത്.'-ഐശ്വര്യ രാജൻ പറയുന്നു.
എന്താണ് ഫൈബ്രോമയാൾജിയ?
കൃത്യമായി ഒരു രോഗലക്ഷണം ചൂണ്ടിക്കാണിച്ചിട്ട് ഇതാണ് രോഗം എന്ന് പറയാൻ സാധിക്കാത്ത രോഗമാണ് ഫൈബ്രോമയാൾജിയ. വേദനയാണ് ലക്ഷണം. എവിടെയും വേദന അനുഭവപ്പെടാം എന്നതാണ് പ്രത്യേകത ചിലരിൽ ശരീരം മുഴുവനും വേദന അനുഭവപ്പെട്ടേക്കാം.
ദേഹം മുഴുവനുമുള്ള വേദനയ്ക്ക് കാരണമായി കണക്കാക്കുന്നത് ന്യൂറോകെമിക്കൽ സംബന്ധമായ അസന്തുലിതാവസ്ഥയാണ്. ദീർഘകാലമായി വേദന സഹിക്കുന്നത് മൂലവും ഉറക്കം നഷ്ടപ്പെടുന്നത് മൂലവും പലരും വിഷാദ രോഗികളായി മാറുന്നതും ഇതിന്റെ ഭാഗമാണ്.
മറ്റ് ലക്ഷണങ്ങൾ
ശരീരം ക്ഷീണിക്കുകയും ദുർബലമാകുകയും ചെയ്യുന്നത് ഫൈബ്രോമയാൾജിയയുടെ ലക്ഷണമാണ്. ഉറക്കം നഷ്ടപ്പെടുക, സന്ധിബന്ധങ്ങളിൽ മുറുക്കം അനുഭവപ്പെടുക, ഭക്ഷണവും മറ്റും വിഴുങ്ങാൻ ബുദ്ധിമുട്ടുക, മലവിസർജ്ജന സംബന്ധമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക, തരിപ്പും മരവിപ്പും അനുഭവപ്പെടുക, ശ്രദ്ധക്കുറവ്, സന്ധികളിൽ സംവേദനക്കുറവ് അനുഭവപ്പെടുക തുടങ്ങിയ നിരവധി ലക്ഷണങ്ങൾ ഫൈബ്രോമയാൾജിയക്കുണ്ട്.
രോഗനിർണയം
ക്ലിനിക്കൽ പരിശോധനകളിലൂടെ രോഗനിർണയം അത്ര എളുപ്പമല്ല, രക്തപരിശോധനകളും എക്സ്റേ, സ്കാനിംഗ് മുതലായവയും പലപ്പോഴും മറ്റ് പ്രത്യേകതകൾ കാണിക്കാതിരിക്കുകയും ചെയ്യും. എന്നാൽ രക്തപരിശോധനകൾ നടത്തി രോഗം രക്തവാതങ്ങളല്ല എന്ന് ഉറപ്പിക്കുകയും വേണം. സ്കോറിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഫൈബ്രോമയാൾജിയ നിർണ്ണയിക്കുന്നത്. വ്യാപകമായ വേദന സൂചികയെയും രോഗലക്ഷണങ്ങളുടെ തീവ്രതയെയും അടിസ്ഥാനപ്പെടുത്തിയാണ് സ്കോറിംഗ് നിർണ്ണയിക്കുന്നത്. ഇനി പറയുന്നവ ഇതിൽ പ്രധാനപ്പെട്ടതാണ്.
- മൂന്ന് മാസത്തിലധികം നീണ്ടുനിൽക്കുന്ന തുടർച്ചയായ വേദന
- 18 ടെണ്ടർ പോയന്റുകളിൽ കുറഞ്ഞത് 11 എണ്ണത്തിലും വേദന (കഴുത്ത്, തോൾ, നെഞ്ച്, ഇടുപ്പ്, കൈകാൽമുട്ട് എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ)
ചികിത്സ
മരുന്നും ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള വ്യായാമമുറകളും സമന്വയിപ്പിച്ച ചികിത്സയാണ് ഫൈബ്രോമയാൾജിയക്ക് പ്രധാനമായും നിർദേശിക്കുന്നത്. മുൻകാലങ്ങളിൽ ഫലപ്രദമായ ചികിത്സ ഇല്ലായിരുന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ വിദഗ്ധനായ റുമറ്റോളജിസ്റ്റിന്റെ നേതൃത്വത്തിൽ ദൈനംദിന ജീവിതം സുഖകരമാക്കാൻ സാധിക്കുന്ന രീതിയിലേക്ക് രോഗിയെ മാറ്റിയെടുക്കാൻ സാധിക്കുന്നുണ്ട്. ഫിസിയോതെറാപ്പി കഴിഞ്ഞാൽ അടുത്തത് ജീവിതശൈലിയിലെ മാറ്റങ്ങൾ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഉയർന്ന അളവിലുള്ള കാർബോ ഹൈഡ്രേറ്റ് ഡയറ്റ് (ഉദാ: രാവിലെയും ഉച്ചയ്്ക്കും രാത്രിയും ചോറ് കഴിക്കുക) ഒഴിവാക്കുക, ഉയർന്ന തോതിൽ ചുവന്ന മാംസം കഴിക്കുന്നത് ഒഴിവാക്കുക, അമിതമായ രീതിയിലുള്ള ഉപ്പിന്റെ ഉപയോഗം ഒഴിവാക്കുക, കൃത്രിമ ശീതള പാനീയങ്ങൾ ഒഴിവാക്കുക തുടങ്ങിയവയെല്ലാം ജീവിതശൈലിയിലെ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
Content Highlights: Aiswarya Rajan reveals her diagnosis of Fibromyalgia., Details her struggle with chronic pain that started in her late teens., Describes the physical and emotional impact of living with invisible illness., Shares her current healing stage to inspire and educate others., Addresses the societal stigma and insensitive comments faced during her journey.