നഗരങ്ങളിലെ വായുമലിനീകരണം കുഞ്ഞുങ്ങളുടെ നേത്രാരോഗ്യത്തെ ബാധിക്കുന്നു; ഹ്രസ്വദൃഷ്ടി വർധിക്കുന്നതായി ഡോക്ടർമാർ

#Health Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ കുട്ടികളിൽ ഹ്രസ്വദൃഷ്ടി വർധിക്കുന്നതായി റിപ്പോർട്ട്. ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ പ്രമുഖ ഡോക്ടർമാരെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി ആണ് ഇക്കാര്യം പുറത്തുവിട്ടത്. സാധാരണ, മൊബൈൽ ഫോണുകളെയാണ് രക്ഷിതാക്കൾ ഈ വിഷയത്തിൽ കുറ്റപ്പെടുത്തുകയെങ്കിലും നഗരങ്ങളിലെ വായുമലിനീകരണം ഇതിന് ഒരു പ്രധാനകാരണമാണെന്ന് ഡോക്ടർമാർ പറയുന്നു.

ഇന്ത്യയിലെ രൂക്ഷമായ വായുമലിനീകരണം കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പല സ്ഥലങ്ങളിലും കുട്ടികൾ പുറത്ത് സമയം ചിലവഴിക്കുന്നത് കുറയുന്നതിനാൽ അവർക്ക് ലഭിക്കേണ്ട പ്രകൃതിദത്തമായ വെളിച്ചം കുറയുന്നു. ഇത് ഹ്രസ്വദൃഷ്ടി വർധിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

2050-ഓടെ ലോകജനസംഖ്യയുടെ പകുതിയും ഹ്രസ്വദൃഷ്ടിയുള്ളവരായി മാറാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. വായുവിന്റെ ഗുണനിലവാരം പോലുള്ള പാരിസ്ഥിതിക ഘടകങ്ങൾ ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ അവസ്ഥ തങ്ങൾ ഇപ്പോൾ നേരിട്ട് കാണുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

  • മലിനീകരണം കുറഞ്ഞ ദിവസങ്ങളിൽ സുരക്ഷിതമായി കൂടുതൽ സമയം പുറത്ത് ചിലവഴിക്കുക
  • കൃത്യമായ നേത്രപരിശോധന നടത്തുക
  • മുറികൾക്കുള്ളിൽ ശരിയായ വെളിച്ചം ഉറപ്പാക്കുക
  • സ്ക്രീൻ സമയം പരിമിതപ്പെടുത്തുക
  • വായുമലിനീകരണം കൂടുതലുള്ള സമയങ്ങളിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുകയോ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയോ ചെയ്യുക

വായുമലിനീകരണം എങ്ങിനെയാണ് നേത്രാരോഗ്യത്തെ ബാധിക്കുന്നത്?

കണ്ണിൻ്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് പുറത്തുനിന്നുള്ള നല്ല വെളിച്ചം പതിവായി ഏൽക്കേണ്ടതുണ്ട്. ഇത് റെറ്റിനയിൽ ഡോപമിൻ ഉത്പാദനം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് മയോപ്പിയയുടെ പ്രധാന ലക്ഷണമായ നേത്രഗോളം അമിതമായി നീണ്ടുപോകുന്നത് തടയുമെന്ന് വിദഗ്ധർ പറയുന്നു. കൂടുതൽ സമയം പുറത്ത് ചെലവഴിക്കുന്ന കുട്ടികൾക്ക് മയോപ്പിയ വരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു.

കൂടാതെ, മലിനമായ വായുവിൽ നൈട്രജൻ ഡയോക്സൈഡ്, ഓസോൺ തുടങ്ങിയ കണ്ണുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കണികകൾ അടങ്ങിയിരിക്കുന്നു. ഇത് ഡ്രൈ ഐ, അലർജി മൂലമുള്ള ചെങ്കണ്ണ്, കണ്ണിൻ്റെ പ്രതലത്തിലെ വീക്കം എന്നിവയെ കൂടുതൽ വഷളാക്കുമെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോളജി (AAO) മുന്നറിയിപ്പ് നൽകുന്നു.

Content Highlights: Urban air pollution is fueling a rise in childhood myopia in Indian cities. Doctors link it to reduced outdoor time and environmental factors. Learn how to protect your child`s vision.