വായുമലിനീകരണം വിഷാദത്തിലേക്കു നയിക്കും, ആത്മഹത്യാപ്രവണത കൂട്ടും- പഠനം

വായു മലിനീകരണം ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നത് മിക്കവർക്കും അറിയുന്ന കാര്യമായിരിക്കും. ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയ്ക്കും കാരണമാകാമെന്ന് സൂചിപ്പിക്കുന്ന പഠനങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ വായുമലിനീകരണം മാനസികാരോഗ്യത്തെയും ബാധിക്കാമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം 'എപ്പിഡമിയോളജി & കമ്മ്യൂണിറ്റി ഹെൽത്ത് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചില വായു മലിനീകരണ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് വിഷാദസാധ്യതയും ആത്മഹത്യാപ്രവണതയും കൂട്ടുമെന്ന് പഠനം പറയുന്നു. ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. വിവിധ ജനവിഭാഗങ്ങളിൽ നടത്തിയ പഠനങ്ങളിലെ തെളിവുകൾ പരിശോധിച്ചാണ് ഗവേഷകർ വിലയിരുത്തലിലെത്തിയത്. പി.എം 2.5(2.5 മൈക്രോമീറ്ററോ അതിൽ താഴെയോ മാത്രം വണ്ണമുള്ള അതിസൂക്ഷ്മമായ കണികകൾ) , പി.എം 10 ((വായുവിൽ അടങ്ങിയിരിക്കുന്ന, 10 മൈക്രോമീറ്ററോ അതിൽ താഴെയോ മാത്രം വണ്ണമുള്ള പൊടിപടലങ്ങൾ അല്ലെങ്കിൽ കണികകൾ.), നൈട്രജൻ ഡൈഓക്സൈഡ് (NO2) എന്നീ മലിനീകരണ വസ്തുക്കളുമായി ഹ്രസ്വകാലത്തേക്കോ ദീർഘകാലത്തേക്കോ സമ്പർക്കം പുലർത്തുന്നത് വിഷാദരോഗസാധ്യതയും ആത്മഹത്യാചിന്തയും വർധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തി.
287 പഠനങ്ങൾ തിരഞ്ഞെടുത്താണ് വിശകലനം നടത്തിയത്. തുടർന്നാണ് പി.എം 2.5, പി.എം 10 എന്നിവയുമായുള്ള ഹ്രസ്വകാല സമ്പർക്കം ആത്മഹത്യാചിന്തകൾ കൂട്ടുന്നുവെന്ന് കണ്ടെത്തിയത്. പി.എം 2.5, നൈട്രജൻ ഡൈഓക്സൈഡ് എന്നിവയുമായുള്ള ദീർഘകാല സമ്പർക്കവും ആത്മഹത്യാപ്രവണത കൂട്ടുന്നുവെന്ന് വ്യക്തമായി.
വായു മലിനീകരണ വസ്തുക്കളിൽ പലതും നാഡീവ്യൂഹ പ്രശ്നങ്ങൾക്കും ക്രമേണ വിഷാദം, ഉത്കണ്ഠ തുടങ്ങിയവയ്ക്കും കാരണമാകുമെന്നാണ് കരുതുന്നത്. വായുമലിനീകരണത്തിലൂടെ ശരീരത്തിൽ വീക്കമുണ്ടാകുന്നത് നാഡീവ്യവസ്ഥയിൽ തകരാറുണ്ടാക്കും. ഇവ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെയും ബാധിക്കുകയും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മലിനീകരണം കുറയ്ക്കാനുള്ള തന്ത്രങ്ങളിലൂടെയും പൊതുജനാരോഗ്യ ഇടപെടലുകളിലൂടെയും മാനസിക സമ്മർദം മെച്ചപ്പെടുത്താനും ആത്മഹത്യാപ്രവണത കുറയ്ക്കാനുമാകുമെന്ന് ഗവേഷകർ പറയുന്നു.
മലിനീകരിക്കപ്പെട്ട വായു ഏറെക്കാലം ശ്വസിക്കുന്നവരിൽ വിഷാദത്തിനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു പഠനം നേരത്തേ പുറത്തുവന്നിരുന്നു. ജാമാ നെറ്റ്‌വർക്ക് ഓഫ് സയന്റിഫിക് ജേണൽസിൽ ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഉയർന്ന അളവിൽ വായുമലിനീകരണമുള്ള ഇടങ്ങളിൽ ജീവിക്കുന്ന മുതിർന്നവരിൽ പിൽക്കാലത്ത് വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറഞ്ഞത്. യു.എസ് സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡികെയറിൽ നിന്നുള്ള ഡേറ്റയെ ആസ്പദമാക്കിയാണ് അനുമാനത്തിലെത്തിയത്.
Content Highlights: Analysis of 287 studies shows short-term exposure to PM 2.5 and PM 10 increases suicide thoughts, while long-term exposure raises depression risk.