ക്ലിനിക്കൽ ട്രയലിൽ മുന്നേറി AI സഹായത്തോടെ വികസിപ്പിച്ച ആദ്യ വാക്‌സിൻ; പാർശ്വഫലങ്ങളില്ല

#ഹെല്‍ത്ത് ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

മനുഷ്യരിൽ നടത്തിയ ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ വിജയകരമായി പൂർത്തിയാക്കി പൂർണ്ണമായും നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് വികസിപ്പിച്ച സാർവത്രിക കൊറോണാവൈറസ് വാക്‌സിൻ. ആഗോള പൊതുജനാരോഗ്യ രംഗത്തെ നാഴികക്കല്ല് എന്നാണ് ഈ മുന്നേറ്റത്തെ വിദഗ്ധർ വിലയിരുത്തുന്നത്.

18-നും 50-നും ഇടയിൽ പ്രായമുള്ള 39 ആരോഗ്യവാന്മാരായ വോളണ്ടിയർമാർക്കിടയിൽ നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്‌സിൻ 100 ശതമാനം സുരക്ഷിതമാണെന്ന് കണ്ടെത്തി. ഗുരുതരമായ പാർശ്വഫലങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ജേണൽ ഓഫ് ഇൻഫെക്ഷൻ പ്രസിദ്ധീകരിച്ച പിയർ-റിവ്യൂഡ് ഡാറ്റ വ്യക്തമാക്കുന്നു.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെയും അനുബന്ധ കമ്പനിയായ DIOSynVaxലെയും ആഗോള ഗവേഷണ സംഘമാണ് എഐ സഹായത്തോടെ വാക്‌സിൻ വികസിപ്പിച്ചെടുത്തത്. വിവിധ തരം കൊറോണാ വൈറസുകൾക്കെതിരെ ശക്തമായ പ്രതിരോധശേഷി നൽകുന്നതാണിത്. കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെയും മെഷീൻ ലേണിംഗ് അൽഗോരിതങ്ങളിലൂടെയും പൂർണ്ണമായും രൂപകൽപ്പന ചെയ്ത ഒരു വാക്‌സിൻ ആദ്യമായാണ് മനുഷ്യരിൽ പരീക്ഷിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ ഓരോ വകഭേദത്തിനും പ്രത്യേക ബൂസ്റ്റർ ഷോട്ടുകൾ എന്നതിൽ നിന്ന് വ്യത്യസ്തമായി ഒരു ഏകീകൃത പ്രതിരോധ സംവിധാനം എന്ന നിലയിലേക്കുള്ള വലിയ മാറ്റമാണ് ഈ വാക്‌സിൻ.

വർഷങ്ങളായി ആഗോള ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് വൈറസുകളുടെ പരിണാമം വെല്ലുവിളി ഉയർത്തുകയാണ്. ഓരോ തവണ വൈറസുകളുടെ പുതിയ വകഭേദം ഉണ്ടാകുമ്പോഴും നിലവിലുള്ള പ്രതിരോധ മരുന്നുകളുടെ കാര്യക്ഷമത കുറയുന്നതായി വ്യക്തമാകുന്നു. വാക്‌സിനുകൾ നിരന്തരം നവീകരിക്കാനും ബൂസ്റ്റർ ഷോട്ടുകൾ വീണ്ടും നൽകാനും നിർബന്ധിതരാക്കുന്നതാണ് ഈ സാഹചര്യ. എന്നാൽ പുതിയൊരു സധ്യതയിലേക്ക് വഴി തുറക്കുന്നതാണ് ഈ മുന്നേറ്റമെന്ന് ഗവേഷകർ പറയുന്നു. അറിയപ്പെടുന്ന SARS-CoV-2 strain-കൾക്ക് മാത്രമല്ല മനുഷ്യരിലേക്ക് പടരുന്നതിന് മുമ്പ് തന്നെ മൃഗങ്ങളിൽ നിന്ന് പടരുന്ന കൊറോണാവൈറസുകളെ നിർവീര്യമാക്കാൻ കഴിവുള്ള ഒരൊറ്റ പ്രതിരോധ കവചമാണിതെന്നും ഗവേഷകർ പറയുന്നു.

കേംബ്രിഡ്ജ് ഗവേഷക സംഘം പരമ്പരാഗത രീതികളിൽനിന്ന് വ്യതിചലിച്ചാണ് ഈ വാക്‌സിൻ വികസിപ്പിച്ചത്. ലോകമെമ്പാടും തിരിച്ചറിഞ്ഞിട്ടുള്ള ആയിരക്കണക്കിന് കൊറോണാവൈറസുകളുടെ ജനിതക ബ്ലൂപ്രിന്റുകൾ നൂതന മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾക്ക് നൽകി. എഐ വൈറസ് കുടുംബത്തിലെ വിശാലമായ ജനിതക ശ്രേണി ഡേറ്റ ചിട്ടയായി താരതമ്യപ്പെടുത്തി വിശകലനം ചെയ്തു. അടിസ്ഥാനപരമായ സവിശേഷതകൾ അൽഗോരിതം വിജയകരമായി വേർതിരിച്ചെടുത്തു. ഇവയെ ഒന്നിപ്പിച്ച് ഗവേഷകർ എഐ സൂപ്പർ-ആന്റിജൻ എന്നറിയപ്പെടുന്ന മാസ്റ്റർ ട്രെയിനിംഗ് ബ്ലൂപ്രിന്റ് വികസിപ്പിച്ചെടുത്തു. അതിൽനിന്നാണ് നിർമിതബുദ്ധിയുടെ സഹായത്തോടെ വാക്‌സിൻ വികസിപ്പിച്ചെടുത്തത്.

സമഗ്രമായ പ്രതിരോധ കവചം തീർക്കുന്നതാണ് ഈ വാക്‌സിൻ. വൈറസ് അതിന്റെ ബാഹ്യഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിയാലും അടിസ്ഥാന പ്രതിരോധ ചട്ടക്കൂട് സംരക്ഷണം ഉറപ്പാക്കുന്നു.

സാർവത്രികമായി എഐ ഡിസൈൻ ചെയ്ത വാക്‌സിന്റെ വിജയം വൈറൽ ഔട്ട്‌ബ്രേക്കുകളുടെ അപകടസാധ്യത നേരിടുന്ന രാജ്യമായ ഇന്ത്യയ്ക്കടക്കം വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫേസ് 1 ക്ലിനിക്കൽ ട്രയലിൽ വാക്‌സിൻ സുരക്ഷിതമെന്ന് സ്ഥിരീകരിച്ചെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് ഇനിയും കടമ്പകൾ പിന്നിടേണ്ടതുണ്ട്. വിപുലീകരിച്ച ഫേസ് 2 ട്രയലടക്കം ആവശ്യമാണ്. വാക്‌സിൻ വികസിപ്പിക്കാൻ സഹായിച്ച എഐ സാങ്കേതികവിദ്യ എബോള പോലുള്ള രോഗങ്ങൾക്ക് സാർവത്രിക വാക്‌സിനുകൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

Content Highlights: First AI-engineered vaccine successfully tested in human Phase 1 trials., Utilizes an AI 'super-antigen' to target immutable viral structures., Features a pain-free, needle-free microfluidic jet delivery system., Provides a potential solution to recurring variant-specific booster shots., Offers significant logistical advantages for mass immunization in India.