AI-യുടെ നിർദേശം, HIV പ്രതിരോധമരുന്ന് ഉപയോഗിച്ചു; ഗുരുതര പാർശ്വഫലം, യുവാവ് ചികിത്സയിൽ

#Health Desk
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

ന്യൂഡൽഹി: നിർമിതബുദ്ധിയുടെ ഉപദേശം സ്വീകരിച്ച് സ്വയം എച്ച്‌ഐവി പ്രതിരോധ മരുന്നുകൾ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. യാതൊരുവിധ വൈദ്യസഹായവും തേടാതെ എച്ച്‌ഐവി ബാധിച്ചതിന് ശേഷമുള്ള പ്രതിരോധ മരുന്നുകൾ കഴിച്ചതാണ് അപകടമായത്. മരുന്നിന്റെ പ്രതിപ്രവർത്തനം മൂലം അദ്ദേഹത്തിന് Stevens-Johnson syndrome എന്ന ഗുരുതരരോഗം ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

എച്ച്‌ഐവി പ്രതിരോധത്തിനായുള്ള ഒരു ചികിത്സാ രീതിയാണ് pre-exposure prophylaxis (PrEP). ഇത് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കൃത്യമായി കഴിക്കുമ്പോൾ എച്ച്‌ഐവി ബാധിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിരുന്നു. എന്നാൽ, PrEP, മറ്റ് ആൻ്റിറെട്രോവൈറൽ ചികിത്സകൾ എന്നിവ എച്ച്‌ഐവി പരിശോധന, അപകടസാധ്യത വിലയിരുത്തൽ, ഡോക്ടർമാരുടെ പതിവ് നിരീക്ഷണം എന്നിവയ്ക്ക് ശേഷം മാത്രമേ നിർദ്ദേശിക്കാൻ പാടുള്ളൂ. മരുന്ന് ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ പാർശ്വഫലങ്ങൾക്കും സങ്കീർണതകൾക്കും കാരണമായേക്കും.

എന്താണ് PrEP?

നിലവിൽ എച്ച്ഐവി രോഗത്തിനുള്ള ചികിത്സയല്ല PrEP. മറിച്ച്, റിസ്കിലുള്ള എച്ച്ഐവി നെഗറ്റീവ് വ്യക്തികളെ വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കാനായി കഴിക്കുന്ന ചില പ്രതിരോധ മരുന്നുകളാണ് ഇവ. നിർദ്ദേശിച്ച രീതിയിൽ മരുന്ന് കൃത്യമായി കഴിച്ചാൽ ലൈംഗികബന്ധത്തിലൂടെയുള്ള എച്ച്ഐവി പകർച്ചയുടെ അപകടസാധ്യത ഏകദേശം 99% വരെയും, മയക്കുമരുന്ന് ഉപയോഗത്തിലൂടെയുള്ള അപകടസാധ്യത കുറഞ്ഞത് 74% വരെയും PrEP ക്ക് കുറയ്ക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആർക്കാണ് മരുന്ന് ശുപാർശ ചെയ്യുന്നത്?

  • എച്ച്ഐവി ഉള്ള പങ്കാളിയുള്ളവർ.
  • സമീപകാലത്ത് ലൈംഗികമായി പകരുന്ന അണുബാധകൾ ഉണ്ടായിട്ടുള്ളവർ.
  • മയക്കുമരുന്ന് ഉപയോഗത്തിന് സൂചികൾ പങ്കിട്ടിട്ടുള്ളവർ.

AIയെ കണ്ണടച്ച് വിശ്വസിക്കരുത്

രോഗങ്ങൾ, റിസ്ക് ഘടകങ്ങൾ, പ്രതിരോധം എന്നിവയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ഉൾക്കൊണ്ടാണ് AI ടൂളുകൾ ആരോഗ്യ വിവരങ്ങൾ പങ്കുവെയ്ക്കുന്നത്. അവയ്ക്ക് പരിമിതികളുണ്ട്.

  • ക്ലിനിക്കൽ പശ്ചാത്തലമോ വ്യക്തിയുടെ മെഡിക്കൽ രേഖകളോ AI പരിശോധിക്കുന്നില്ല.
  • ശാരീരിക പരിശോധനകളോ രോഗനിർണയ പരിശോധനകളോ നടത്താൻ അവയ്ക്ക് കഴിയില്ല.

Content Highlights: A Delhi man`s critical hospitalization after taking HIV prevention drugs based on AI chatbot advice highlights the dangers of unsupervised self-medication and the need for professional medical guidance.