26 ലക്ഷം രൂപയുടെ മരുന്ന് 3,700 രൂപയ്ക്ക്; HIV മരുന്നിന്റെ ജനറിക് പതിപ്പ് കുറഞ്ഞ വിലയിൽ നിർമ്മിച്ച് ഇന്ത്യൻ കമ്പനി

ആഫ്രിക്കയിലെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് കുറഞ്ഞ വിലയിൽ എച്ച്.ഐ.വി. പ്രതിരോധ മരുന്ന് നൽകാനൊരുങ്ങി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ നിർമാതാക്കളായ ഹെറ്റെറോ. യു.എസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗിലിയാഡ് സയൻസസ് 28,000 ഡോളറിനു(ഏകദേശം 26,04,000 രൂപ) വിൽക്കുന്ന ലെനാകാപവിർ (lenacapavir) എന്ന മരുന്നിന്റെ വിലകുറഞ്ഞ ജനറിക് പതിപ്പാണ് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
നാൽപത് ഡോളറിനാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റെറോ ആഫ്രിക്കയിലെ സാംബിയ, ഉഗാണ്ട, സിംബാവെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയക്കുന്നത്. നിലവിൽ ആഫ്രിക്കയിലേക്ക് 300 വയൽ മരുന്ന് അയക്കാനൊരുങ്ങുകയാണെന്നും വൈകാതെ വിൽപന കൂടുതൽ വിപുലമാക്കുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഹെറ്റെറോ നിർമ്മിച്ച ലെനാകപാവീറിന്റെ ജനറിക് പതിപ്പുകൾക്ക് ഒരാൾക്ക് ഏകദേശം 40 യുഎസ് ഡോളർ(ഏകദേശം 3,720 രൂപ) വിലവരുമെന്നാണ് കരുതുന്നത്. യുഎസിലെ മരുന്നിന്റെ വില ഒരാൾക്ക് 28,000 യുഎസ് ഡോളർ വരെ വരാം. ഇടത്തരവും ദരിദ്രവുമായ 120 രാജ്യങ്ങളിൽനിന്നുള്ള ഹെറ്റെറോ, ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയ ആറ് ജനറിക് മരുന്നു കമ്പനികൾക്ക് മരുന്നു നിർമിക്കുന്നതിനും വിൽക്കുന്നതിനുമുള്ള റോയൽറ്റി രഹിത ലൈസൻസ് നൽകിയതിനു പിന്നാലെയാണിത്. 2024 ഒക്ടോബറിലാണ് ലൈസൻസ് നൽകുന്നതു സംബന്ധിച്ച് ഗിലിയാഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
എച്ച്.ഐ.വി. കേസുകൾ കുത്തനെ ഉയരുന്ന ആഫ്രിക്ക പോലൊരു രാജ്യത്തിന് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ജോയിന്റ് യുണൈറ്റഡ് നേഷൻസ് പ്രോഗ്രാം ഓൺ എച്ച്.ഐ.വി/എയ്ഡ്സിന്റെ (UNAIDS) 2026 ലെ ആഗോള എച്ച്.ഐ.വി ഫാക്ട് ഷീറ്റ് അനുസരിച്ച് 2025-ൽ കിഴക്കൻ, തെക്കൻ ആഫ്രിക്കയിൽ ഏകദേശം 2.11 കോടി ആളുകൾ എച്ച്.ഐ.വി ബാധിതരാണ്, പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിൽ ഇതിന്റെ തോത് 52 ലക്ഷം പേർ എന്ന നിലയിലാണ്.
ദിവസവും കഴിക്കുന്ന മരുന്നിനു പകരം ഓരോ ആറുമാസം കൂടുമ്പോഴും ഇഞ്ചക്ഷന്റെ രൂപത്തിൽ നൽകുന്ന മരുന്നാണ് ലെനാകാപാവിർ. ആറുമാസത്തിൽ രണ്ടു ഡോസായാണ് നൽകുക. ഒരുവർഷത്തേക്ക് നേരത്തെ വന്നിരുന്നത് 28,000 യു.എസ്. ഡോളർ ആയിരുന്നതാണ് പുതിയ ജനറിക് മരുന്ന് വരുന്നതോടെ 40 ഡോളറിനു ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നത്.
എന്താണ് എച്ച്.ഐ.വി. എന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ചും ഡോ. മേരി ജോസഫ് പങ്കുവെക്കുന്നു
മനുഷ്യശരീരത്തിലെ രോഗപ്രതിരോധ ശക്തിയെ കാർന്നു തിന്നുന്ന വൈറസാണ് എച്ച്.ഐ.വി. (Human Immuno deficiency Virus). ഈ വൈറസ് മനുഷ്യശരീരത്തിന്റെ സമഗ്രമായ പ്രതിരോധശക്തിയെ നശിപ്പിക്കുന്ന അവസ്ഥയാണ് എയ്ഡ്സ് (Acquired Immuno deficiency Syndrome).
മനുഷ്യന്റെ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന രക്തത്തിന്റെ അടിസ്ഥാനഘടകമാണ് CD4 കോശങ്ങൾ. ആരോഗ്യവാനായ ഒരു വ്യക്തിയിൽ ഒരു മില്ലി ലിറ്റർ രക്തത്തിൽ 500 മുതൽ 1500 വരെ CD4 കോശങ്ങൾ കാണും. എയ്ഡ്സ് ബാധിച്ച രോഗിയിൽ CD4 കോശങ്ങൾ 200-ൽ താഴുകയും ഏതെങ്കിലും ഒന്നോ രണ്ടോ സാന്ദർഭിക രോഗങ്ങൾക്ക് ഒരേസമയം അടിമയാകുകയുംചെയ്യും.
എച്ച്.ഐ.വി. ബാധിതൻ എയ്ഡ്സ് രോഗിയാണോ?
അല്ല. എച്ച്.ഐ.വി. ബാധിതനായ ഒരാൾ എയ്ഡ്സ് രോഗിയാകാൻ എട്ട് മുതൽ 15 വർഷംവരെ എടുക്കും. പലരിലും ഈ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. എച്ച്.ഐ.വി. ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണപ്പെടുന്നതുവരെയുള്ള കാലയളവിനെ ഇൻകുബേഷൻ പീരിയഡ് എന്നുപറയുന്നു. എച്ച്.ഐ.വി. ബാധിതനെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ നിരവധി വർഷങ്ങൾ കാണും. എയ്ഡ്സ് എന്ന അവസ്ഥയിലെത്തിയാൽ ജീവിതചക്രം ഒന്നോ രണ്ടോ വർഷമായിരിക്കും.
എയ്ഡ്സ് പകരുന്ന വിധം
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ് എച്ച്.ഐ.വി. പ്രധാനമായും പകരുന്നത്. എച്ച്.ഐ.വി. ബാധിച്ച പുരുഷന്റെ ശുക്ലത്തിലും സ്ത്രീയുടെ യോനീസ്രവങ്ങളിലും ഈ വൈറസ് ധാരാളമായിക്കാണുന്നു. ശുക്ലത്തിൽ എച്ച്.ഐ.വി. 50 മടങ്ങ് അധികമായിക്കാണുന്നു. എച്ച്.ഐ.വി. ബാധിച്ച സ്ത്രീകളിൽനിന്ന് പുരുഷന്മാരിലേക്ക് വൈറസ് പകരുന്നതിനേക്കാൾ വേഗത്തിൽ, പുരുഷന്മാരിൽനിന്ന് സ്ത്രീകളിലേക്ക് എച്ച്.ഐ.വി. പകരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
എച്ച്.ഐ.വി. ബാധിച്ച വ്യക്തിയുടെ രക്തവും രക്തഘടകങ്ങളും സ്വീകരിക്കുക വഴി രോഗം പകരാം. ലഹരിമരുന്ന് കുത്തിവെപ്പിലൂടെയും രോഗം പകരാം. എച്ച്.ഐ.വി. ബാധിതനായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും രോഗാണുക്കൾ പകരാം. എച്ച്.ഐ.വി. ബാധിതയായ അമ്മ മുലയൂട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
എയ്ഡ്സിന്റെ ലക്ഷണങ്ങൾ
എയ്ഡ്സ് കണ്ടുപിടിക്കേണ്ടത് ഡോക്ടറാണ്. രോഗിയല്ല. രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടുമാത്രം ഒരാൾക്ക് എയ്ഡ്സാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ല. കാരണം, ഇത്തരം ലക്ഷണങ്ങൾ മറ്റു പല രോഗങ്ങളാലും കാണപ്പെടാം. തുടക്കത്തിൽ എച്ച്.ഐ.വി. ബാധിതർ ഒരു തരത്തിലുള്ള രോഗലക്ഷണങ്ങളും കാണിക്കാറില്ല. പൂർണ ആരോഗ്യവാനായി ഒരുപക്ഷേ 10-12 വർഷം ജീവിച്ചെന്നിരിക്കും.
കാലക്രമേണ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യും. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്ഗ്രന്ഥികൾ വീർക്കുന്നു. ശരീരഭാരം പെട്ടെന്ന് കുറയുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാകുന്നു. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടുകയും ഓർമക്കുറവ് ഉണ്ടാവുകയുംചെയ്യുന്നു.
ടെസ്റ്റുകൾ
ഏലിസ, വെസ്റ്റേൺ ബ്ലോട്ട് എന്നിവയാണ് പ്രധാന ടെസ്റ്റുകൾ. സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളേജുകളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്.
Content Highlights: Indian pharmaceutical company hetero exports low-cost HIV drug lenacapavir to African countries, offering a significant price reduction from the US market.