ആലിൻ ഷെറിന്റെ അവയവങ്ങൾ തിരുവനന്തപുരത്തെത്തിച്ചു, ശസ്ത്രക്രിയകൾ ഉടൻ

കൊച്ചി: ഫെബ്രുവരി അഞ്ചിന് എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപം നടന്ന വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും റോഡുമാർഗം തിരുവനന്തപുരത്തെത്തിച്ചു.
വൃക്കകൾ എസ്എടി ആശുപത്രിയിലും കരൾ കിംസ് ആശുപത്രിയിലും ഹൃദയവാൽവ് ശ്രീചിത്ര മെഡിക്കൽ കോളേജിലുമാണ് എത്തിച്ചത്. നേത്രപടലങ്ങൾ നേത്ര ബാങ്കിന് കൈമാറി. 3.30 മണിക്കൂറിലാണ് ദൗത്യം പൂർത്തിയാക്കിയത്.
കിംസ് ആശുപത്രിയിലാണ് ആദ്യം അവയവം കൈമാറിയത്. ഇവിടെനിന്നും എസ്എടി ആശുപത്രി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്ക് അവയവങ്ങൾ കൈമാറാൻ ആംബുലൻസ് പുറപ്പെട്ടു. KL 07 DF 3177 എന്ന ആംബുലൻസിലാണ് അവയവങ്ങൾ എത്തിച്ചത്.
ആശുപത്രികളിൽ ഡോക്ടർമാരടങ്ങുന്ന വിദഗധസംഘം സജ്ജരായിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം ശസ്ത്രക്രിയ നടക്കുന്ന സ്ഥലത്തേക്ക് അവയവങ്ങൾ കൊണ്ടുപോകും.
ആലിനും, മാതാവും, മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു. വിടപറയും മുൻപേ നാല് പേർക്ക് അവയവങ്ങൾ ദാനംചെയ്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആയാണ് ആലിന്റെ മടക്കം.
കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെസോട്ടോ (K-SOTTO) വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്.
Content Highlights: Brave 10-month-old Alin Sherin`s organs reach Thiruvananthapuram for life-saving transplants, offering hope to four recipients.