പത്തുമാസംകൊണ്ട് രക്താർബുദത്തെ തോൽപ്പിച്ചു, യൂറ്റ്യൂബ് നോക്കി നൃത്തപഠനം; 60% ഭിന്നശേഷിയുമായി ജനിച്ച ആതിരയുടെ അതിജീവനകഥ

#ആർ. ആതിര
ആദിത്യ
ആദിത്യ

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയുടെ അതിജീവന വിജയമാണ് ആദിത്യയുടെ ജീവിതം. നൃത്തത്തിൽ ഉറച്ച ചുവടുകൾക്ക് ആത്മവിശ്വാസത്തിന്റെ ചിലങ്ക കെട്ടിയപ്പോൾ ഈ 19-കാരി പത്തുമാസംകൊണ്ട് അതിജീവിച്ചത് രക്താർബുദത്തെയാണ്. രോഗത്തെക്കുറിച്ച് ഒന്നുമറിയാതെ ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴും നൃത്തം ചെയ്യണമെന്നതുമാത്രമായിരുന്നു ആദിത്യയുടെ ആഗ്രഹം. അതവൾ നേടിയെടുക്കുകയും ചെയ്തു.

ഡൗൺ സിൻഡ്രോം ബാധിതയായ ആദിത്യ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ലെങ്കിലും ബഡ്‌സ് സ്‌കൂൾ കലോത്സവത്തിൽ നൃത്തവേദികളിലെ സ്ഥിരം സാന്നിധ്യമാണ്. അമ്മ ദിവ്യയും ബഡ്‌സ് സ്‌കൂളിലെ അധ്യാപിക ഗാനപ്രിയയുമാണ് നൃത്തം പഠിപ്പിക്കുന്നത്. യൂറ്റ്യൂബിലും മറ്റും നോക്കി തനിയെയും അഭ്യസിക്കും. വീട്ടിലെ അലമാരകൾ നിറയെ നൃത്തത്തിന് അനുമോദനമായും സമ്മാനമായും ലഭിച്ച ട്രോഫികളാണ്.

പത്തുവർഷമായി നെടുമങ്ങാട് ആനാട് ബഡ്‌സ് സ്‌കൂളിലെ വിദ്യാർഥിനിയാണ് ആദിത്യ. രോഗബാധിതയായതോടെ സ്‌കൂളിലേക്കു പോകാറില്ല. എന്നാൽ, എല്ലാ ദിവസവും സ്‌കൂളിൽനിന്ന്‌ ഗാനപ്രിയ ടീച്ചറുടെ വീഡിയോകോൾ വരും. കൂട്ടുകാരെയും കണ്ട് സംസാരിച്ചുകഴിഞ്ഞാൽ ആദിത്യക്ക് സ്‌കൂളിൽ പോകാത്തതിലുള്ള വിഷമം മാറും.

ഒൻപതു വയസ്സുമുതൽ നൃത്തത്തിന്റെ ലോകത്തായിരുന്നു ആദിത്യ. വേദികളിൽ തളർന്നുവീഴാൻ തുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് ഈ വർഷം ഫെബ്രുവരിയിൽ രക്താർബുദം സ്ഥിരീകരിച്ചത്. 'ചികിത്സയിൽ ഒരിക്കലും രോഗം ഭേദമാകുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകിയിരുന്നില്ല. ഒരുമാസം മുൻപാണ് രോഗം ഭേദമായെന്നും അസുഖം വീണ്ടും വരാനുള്ള സാധ്യത 10 ശതമാനം മാത്രമാണെന്നും ഡോക്ടർ അറിയിച്ചത്'- ദിവ്യ പറയുന്നു.

രക്താർബുദത്തെ അതിജീവിച്ച ആദിത്യ അച്ഛനമ്മമാർക്കൊപ്പം. ആദിത്യക്ക് കലാപ്രകടനത്തിനു ലഭിച്ച അംഗീകാരങ്ങൾ പശ്ചാത്തലത്തിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ

അറുപതുശതമാനം ഭിന്നശേഷിയുമായി ജനിച്ച പെൺകുട്ടി രക്താർബുദത്തിൽനിന്ന്‌ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. ചികിത്സയുടെ ഭാഗമായി പത്ത്‌ റേഡിയേഷൻ ഇനി ബാക്കിയുണ്ട്. അച്ഛൻ സാജു നിർമാണത്തൊഴിലാളിയാണ്. സഹോദരൻ അഭിഷേക് ഒൻപതാം ക്ലാസിൽ പഠിക്കുന്നു.


 

Content Highlights: Adithya, a 19-year-old with Down Syndrome, dances through life, overcoming leukemia.