മദ്യപാനവും പുകവലിയും മാത്രമല്ല, നേരത്തേ പ്രായം തോന്നിക്കാൻ വേറെയുമുണ്ട് കാരണങ്ങൾ

കാഴ്ചയിൽ ചെറുപ്പം കാത്തുസൂക്ഷിക്കാൻ വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർധക ഉത്പന്നങ്ങളെ ആശ്രയിക്കുന്നവരുണ്ട്. എന്നാൽ അവയേക്കാളുപരി സ്വന്തം ജീവിതശൈലിയിലെ ചില ശീലങ്ങൾ തന്നെയാണ് പ്രായം കുറച്ചും തോന്നിക്കുന്ന പ്രധാനഘടകങ്ങൾ എന്ന വിവരം പങ്കുവെക്കുകയാണ് ഹാർവാർഡിൽ നിന്നുള്ള പ്രശസ്ത കരൾരോഗ വിദഗ്ധൻ ഡോ. സൗരഭ് സേഥി. കഴിക്കുന്ന ഭക്ഷണം മുതൽ സമ്മർദം, ദുശ്ശീലങ്ങൾ തുടങ്ങിയവയ്ക്കൊക്കെ പ്രായം തോന്നിപ്പിക്കുന്നതിൽ സ്ഥാനമുണ്ടെന്ന് സൗരഭ് സേഥി പറയുന്നു.
പെട്ടെന്ന് പ്രായം തോന്നിപ്പിക്കുന്ന ആറ് ശീലങ്ങൾ എന്നുപറഞ്ഞാണ് ഡോ.സൗരഭ് സേഥി സാമൂഹികമാധ്യമത്തിലൂടെ വിവരം പങ്കുവെച്ചത്. അതിൽ ആദ്യത്തേത് പുകവലിയാണ്. പ്രായം കൂടുതൽ തോന്നിപ്പിക്കുന്നതിൽ പുകവലിയുടെ സ്ഥാനം വലുതാണ്. പുകവലി ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തുകയും രക്തചംക്രമണം കുറയ്ക്കുകയും ചെയ്യും. ഇത് ക്രമേണ ചർമത്തിൽ ചുളിവുകൾ വരാനും ഇരുണ്ട നിറമാകാനും കാരണമാകും. കരളിന്റെ ആരോഗ്യമുൾപ്പെടെ മറ്റു പല പ്രധാന അവയവങ്ങളേയും പുകവലി സാരമായി ബാധിക്കുന്നുണ്ട്.
പ്രായം തോന്നിപ്പിക്കുന്നതിൽ മദ്യപാനത്തിനും പങ്കുണ്ടെന്ന് ഡോ. സൗരഭ് പറയുന്നു. മദ്യപിക്കുന്നത് ചർമത്തിൽ നിർജലീകരണത്തിനും വീക്കത്തിനും കാരണമാകും. സ്ഥിരമായ മദ്യോപഭോഗം ആന്തരികാവയവങ്ങൾക്കും പുറംചർമത്തിനും കേടുപാടുകൾ വരുത്തും.
ശരീരത്തിൽ വൈറ്റമിൻ ഡി ലഭിക്കാനുള്ള ഏറ്റവും മികച്ച വഴി വെയിൽ കൊള്ളലാണ്. എന്നാൽ കടുത്ത വെയിൽ കിട്ടുന്ന സന്ദർഭങ്ങളിൽ യാതൊരു സംരക്ഷണവുമില്ലാതിരിക്കുന്നതും ചർമത്തിന്റെ പ്രായം വേഗം കൂട്ടുമെന്ന് അദ്ദേഹം പറയുന്നു. രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണി വരെയുള്ള വെയിൽ നേരിട്ട് ചർമത്തിൽ കൊള്ളുന്നത് തടയാൻ സൺസ്ക്രീൻ പുരട്ടാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ചർമത്തിൽ പാടുകൾ വരാനും തിളക്കം നഷ്ടപ്പെടാനും കാരണമാകും.
വെള്ളം കുടിക്കുന്നതും പ്രായം തോന്നിപ്പിക്കലും തമ്മിലും ബന്ധമുണ്ടെന്ന് ഡോ.സൗരഭ് പറയുന്നു. വെള്ളം കുടിക്കുന്നത് കുറയുന്നത് നിർജലീകരണത്തിന് കാരണമാവുകയും ചർമം വലിഞ്ഞ് തൂങ്ങാൻ കാരണമാവുകയും ചെയ്യും. ചർമത്തിന്റെ ഇലാസ്തികത നിലനിർത്തി യുവത്വം കാത്തുസൂക്ഷിക്കാൻ നന്നായി വെള്ളം കുടിക്കണം.
പുറത്തുനിന്നുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരാണെങ്കിൽ അതും പ്രശ്നമാണെന്ന് ഡോ.സൗരഭ് സേഥി പറയുന്നു. സംസ്കരിച്ച ഭക്ഷണങ്ങളും മധുരമടങ്ങിയ ഭക്ഷണവുമൊക്കെ മെറ്റബോളിസത്തെ ബാധിക്കുമെന്നു മാത്രമല്ല അത് ചർമത്തെയും സാരമായി ബാധിക്കും. കൂടുതൽ മധുരം കഴിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിനാവശ്യമായ കൊളാജൻ എന്ന പ്രോട്ടീനെ നശിപ്പിക്കും. ഇത് ചുളിവു വരാനും ചർമം വലിയാനും കാരണമാകും.
പ്രായം തോന്നിപ്പിക്കുന്നതും സമ്മർദവും തമ്മിലും വലിയ ബന്ധമാണുള്ളതെന്ന് ഡോ.സൗരഭ് വ്യക്തമാക്കുന്നു. ഏറെക്കാലം സമ്മർദത്തിലൂടെ കടന്നുപോകുന്നത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഉറക്കക്കുറവിനും കാരണമാകും. ക്രമേണ കോശങ്ങൾ നശിക്കുകയും ചർമത്തിന് പെട്ടെന്ന് പ്രായം തോന്നിപ്പിക്കുകയും ചെയ്യും.
Content Highlights: Dr. Saurabh Sethi reveals 6 lifestyle habits that accelerate aging