തുടർച്ചയായ പനിയും ഛർദിയും; ശ്വാസകോശ X-Rayൽ തെളിഞ്ഞത് നിലക്കടല: ICU-വിലായ കുഞ്ഞിന് ഒടുവിൽ രക്ഷ

ശ്വാസകോശത്തിൽ നിലക്കടല കുടുങ്ങിയതിനെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ മൂന്ന് വയസ്സുകാരിയെ രക്ഷിച്ചു. ഉടനടി വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ മരണത്തിലേക്ക് പോലും നയിച്ചേക്കാവുന്ന സാഹചര്യത്തിൽ നിന്നാണ് കുട്ടിയെ ഡോക്ടർമാർ രക്ഷിച്ചത്. ഡൽഹിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടന്ന സംഭവം ഇന്ത്യ ടുഡേ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
കഴിഞ്ഞ പത്ത് ദിവസങ്ങളായി കുട്ടിക്ക് തുടർച്ചയായ പനിയും ഛർദിയുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടുയുടെ നില ഗുരുതരമായത്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചിന്റെ വലതുഭാഗത്ത് വായുസഞ്ചാരം തീരെ കുറഞ്ഞതായി ശ്രദ്ധിക്കുന്നത്. ശ്വാസമെടുക്കുമ്പോൾ വലിവുള്ള തരത്തിലുള്ള ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു.
ഇതിന് പിന്നാലെ എക്സ്-റേ എടുത്തതോടെയാണ് കുട്ടിയുടെ ശ്വാസനാളത്തിൽ ഒരു നിലക്കടല കുടുങ്ങിക്കിടക്കുന്നത് ഡോക്ടർമാർ ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടിയെ ബ്രോങ്കോസ്കോപ്പിക്ക് വിധേയയാക്കി. ഏകദേശം പത്ത് ദിവസമായി നിലക്കടല അവിടെ കുടുങ്ങിക്കിടക്കുന്നതായിട്ടായിരുന്നു ഡോക്ടർമാരുടെ നിഗമനം. ഇതുകാരണം ശ്വാസനാളിയിൽ നീർവീക്കമുണ്ടായതായും ഡോക്ടർമാർ അറിയിച്ചു.
നീർവീക്കം കുറയ്ക്കുന്നതിനും ശ്വാസമെടുക്കുന്നത് ശരിയാക്കുന്നതിനുമായി സ്റ്റിറോയിഡുകൾ ഉപയോഗിച്ചുള്ള മരുന്നുകൾ കുട്ടിക്ക് നൽകിയിരുന്നു. ശേഷം, സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡ്രൈ ഫ്രൂട്ട്സ്, നിലക്കടല തുടങ്ങിയ ഭക്ഷണങ്ങൾ നൽകരുതെന്നാണ് സംഭവത്തിന് പിന്നാലെ ഡോക്ടർമാർ പ്രതികരിക്കുന്നത്.
കുട്ടികൾ കൃത്യമായി ഭക്ഷണം ചവയ്ക്കണമെന്നില്ല. കൂടാതെ ഈ സമയത്ത് ഇവർ ഓടുകയോ കളിക്കുകയോ ചെയ്തേക്കാം. ഇതെല്ലാം, ഭക്ഷണം അന്നനാളത്തിലേക്ക് പോകുന്നതിന് പകരം ശ്വാസനാളത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. കട്ടിയുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുമ്പോൾ അത് നന്നായി പൊടിക്കുകയോ അരയ്ക്കുകയോ ചെയ്തിരിക്കണമെന്നും ഡോക്ടർമാർ പറയുന്നു.
Content Highlights: Warning to Parents: Toddler's Near-Fatal Choking Incident