24ാം വയസ്സിൽ ഹൃദയാഘാതം, ശ്വാസകോശം എഴുപതുകാരന്റേത് പോലെ; വേപ്പിങ് ശീലം ജീവിതം തകർക്കുമെന്ന് യുവാവ്

പുകയിലയുടെ ദൂഷ്യഫലങ്ങളേക്കുറിച്ച് നിരന്തരം ചർച്ചകൾ നടക്കാറുണ്ട്. ഇ-സിഗരറ്റുകളുടെ ഉപയോഗവും വ്യാപകമാണിന്ന്. വേപ്പിങ് ശീലമാക്കിയതിലൂടെ ഇരുപത്തിനാലാം വയസ്സിൽ ഹൃദയാഘാതം ഉണ്ടായതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അമേരിക്കയിലെ കെന്റക്കിയിൽ നിന്നുള്ള ജേക്കബ് ടെംപിൾ എന്ന യുവാവ്.
ടിക്ടോക്കിലൂടെയാണ് ജേക്കബ് ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ഇ-സിഗററ്റ് ആയ വേപ്പിങ് ശീലമായിട്ടുള്ളവർ ഉണ്ടെങ്കിൽ ഉടൻ നിർത്തണമെന്ന് പറഞ്ഞാണ് ജേക്കബ് തന്റെ ആരോഗ്യാവസ്ഥയേക്കുറിച്ച് തുറന്നുപറഞ്ഞത്. ഇന്ന് ഒരു എഴുപതുകാരന്റേതുപോലുള്ള ശ്വാസകോശവുമായാണ് താൻ ജീവിക്കുന്നതെന്ന് ജേക്കബ് പറയുന്നു. വർഷങ്ങളോളമുള്ള വേപ്പിങ്ങിന്റെ ഭാഗമായി ശ്വാസകോശത്തിന്റെ ഒരുഭാഗത്ത് മായാത്ത പാടും രൂപപ്പെട്ടു. പന്ത്രണ്ടാം വയസ്സുമുതലാണ് താൻ ഈ ശീലം തുടങ്ങിയതെന്നും ജേക്കബ് പറയുന്നു.
നിലവിൽ ഒരു സ്ട്രോയ്ക്ക് ഉള്ളിലൂടെ ശ്വസിക്കുന്നതു പോലെയാണ് തനിക്ക് അനുഭവപ്പെടുന്നത്. ആവശ്യമായ വായു ലഭിക്കുന്നില്ല. ഇനിയൊരിക്കലും ശ്വാസകോശം പഴയപടിയാവില്ല. വേപ്പിങ് ശീലം ഇരുപത്തിനാലാം വയസ്സിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന് ഇടയാക്കിയെന്നും ജേക്കബ് പറയുന്നു. നിലവിൽ പരിഹരിക്കപ്പെടുന്നതിലും അപ്പുറത്തേക്ക് തന്റെ ആരോഗ്യാവസ്ഥ പോയിക്കഴിഞ്ഞു. എന്നാൽ ഇനിയാർക്കും തന്റെ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് തുറന്നുപറയാൻ തീരുമാനിച്ചതെന്നും ജേക്കബ് പറയുന്നു.
സിഗരറ്റിന് ബദലായ സുരക്ഷിതമായ മാർഗം എന്നരീതിയിലാണ് പലരും വേപ്പിങ് ശീലമാക്കുന്നത്. എന്നാൽ ഇവയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിനും മറ്റ് വിഷകരമായ കെമിക്കലുകളും ശ്വാസകോശത്തെ തകരാറിലാക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. വേപ്പിങ്ങും ശ്വാസകോശാർബുദവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് അടുത്തിടെ അമേരിക്കൻ ജേർണൽ ഓഫ് കേസ് റിപ്പോർട്സിലും റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ഇ-സിഗരറ്റിലൂടെയോ, വേപ്പ് എന്ന ഉപകരണത്തിലൂടെയോ പുകവലിക്കുന്ന രീതിയാണിത്. ഇന്ത്യയിൽ 2019-ൽ ഇ-സിഗരറ്റുകളുടെയും സമാന ഉപകരണങ്ങളുടെയും നിര്‍മ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്നിവയെല്ലാം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.
Content Highlights: 24-year-old suffered a heart attack due to vaping.