ചെറിയകാരണങ്ങൾക്ക് അപേക്ഷ തള്ളുന്നു, പരാതിപ്രവാഹം; മെഡിസെപ്പിൽ അപ്പീൽസമിതി പരിഗണനയിൽ

എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

തിരുവനന്തപുരം: നിസ്സാര കാരണങ്ങളാൽ മെഡിസെപ് ആനുകൂല്യം നിരാകരിക്കുന്നതായുള്ള പരാതികൾ വ്യാപകമാവുന്നു. സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കും വൈദ്യചികിത്സ ഉറപ്പാക്കാൻ സർക്കാർ നടപ്പാക്കിയ മെഡിസെപ് അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കാനിരിക്കേയാണ് പരാതിപ്രവാഹം. അടുത്തഘട്ട മെഡിസെപ് പദ്ധതിയിൽ പരാതി പരിഹാരത്തിനായി സർക്കാർ പ്രത്യേകസംവിധാനം നടപ്പാക്കും.

പരാതിയുണ്ടെങ്കിൽ മെഡിസെപ്പിനെ സമീപിക്കാനാണ് നിലവിലെ വ്യവസ്ഥ. ഇതിനു പുറമേ, സർക്കാർകൂടി അപ്പീൽ പരിഗണിക്കുന്ന വിധത്തിൽ ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസമിതി രൂപവത്കരിക്കാനാണ് ആലോചന. ചികിത്സ തേടുന്നവർക്ക് മതിയായ ആനുകൂല്യം ലഭിക്കാൻ കാലാനുസൃതമായ നിരക്ക് ആശുപത്രികളിൽ ഉറപ്പാക്കാനുള്ള വ്യവസ്ഥകളും പുതിയ കരാറിൽ ഉൾപ്പെടുത്താൻ ശ്രമമുണ്ട്.

കാൻസർരോഗികൾക്കുവരെ ആനുകൂല്യം വെട്ടിക്കുറച്ചെന്നാണ് ഉയർന്നിട്ടുള്ള പരാതികൾ. ആദ്യഘട്ടത്തിൽ മരുന്നിനും ചികിത്സയ്ക്കുമുള്ള പണം ലഭിച്ചെങ്കിലും അവസാനവേളയിൽ ഇഞ്ചക്ഷനും പരിശോധനയ്ക്കും മാത്രമായി പരിമിതപ്പെടുത്തിയെന്ന് ഒരു രോഗി പരാതിപ്പെട്ടു. അപ്പീൽ നൽകിയിട്ടും അവഗണിച്ചു. ദിവസങ്ങളോളം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിക്കും ആനുകൂല്യം നിഷേധിച്ചു. അങ്ങനെയൊരു ചികിത്സ ആവശ്യമായിരുന്നില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയെന്നായിരുന്നു മെഡിസെപ്പിന്റെ മറുപടി.

മെഡിസെപ്പിൽ രണ്ടാംഘട്ട കരാർ ഇതുവരെ പ്രാബല്യത്തിൽ വരാത്തതിനാൽ, ഇൻഷുറൻസ് കമ്പനിയുടെ നിലവിലുള്ള സാമ്പത്തികഭാരം കുറയ്ക്കാനാണ് ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കുന്നതെന്നാണ് ആക്ഷേപം.

പെൻഷൻകാർക്കും നിരാശ

മെഡിസെപ് രണ്ടാംഘട്ടത്തിൽ ആവശ്യങ്ങളുമായി സർക്കാരിനെ സമീപിച്ച പെൻഷൻകാർക്ക് നിരാശ. മെഡിസെപ്പിൽ ഓപ്ഷൻ അനുവദിക്കുക, ആയുർവേദ ചികിത്സയ്ക്കും ആനുകൂല്യം നൽകുക, സൂപ്പർ സ്പെഷ്യാലിറ്റികളെ ഉൾപ്പെടുത്തുക, എംപാനൽ ചെയ്ത ആശുപത്രികളിലെ മുഴുവൻ വിഭാഗങ്ങളിലെയും ചികിത്സ ഉൾപ്പെടുത്തി പദ്ധതി കാഷ്‌ലെസാക്കുക എന്നിവയാണ് ധനകാര്യ സെക്രട്ടറിയുമായുള്ള ചർച്ചയിൽ പെൻഷൻകാർ ആവശ്യപ്പെട്ടത്.

പ്രീമിയം കൂട്ടുമ്പോൾ അതു സർക്കാർ വിഹിതമായി കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ചർച്ച നിരാശാജനകമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.പി. വേലായുധൻ പറഞ്ഞു.

Content Highlights: Growing complaints over Medisep claims being rejected for minor reasons. Government considering an appeal committee to address grievances of employees and pensioners.