വെൽകെയർ-മാതൃഭൂമി വാക്കത്തണിന് യുവപങ്കാളിത്തം

കൊച്ചി : ഹൃദയത്തിനായി ചുവടുവയ്ക്കൂ എന്ന ആഹ്വാനവുമായി വെൽകെയർ ഹോസ്പിറ്റലും-മാതൃഭൂമി ഡോട് കോമും ചേർന്ന് സംഘടിപ്പിച്ച കൊച്ചി വാക്കത്തണിന് യുവജന പങ്കാളിത്തം. ഇൻഡൽ മണിയാണ് സ്പോൺസർ. വൈറ്റില വെൽകെയർ ഹോസ്പിറ്റലിൽനിന്ന് രാവിലെ ആറിന് ഫ്ലാഗ്‌ഓഫ് ചെയ്ത് എളംകുളം ജങ്ഷൻ-കടവന്ത്ര മെട്രോ സ്റ്റേഷൻ വഴി ഡിഡിആർസി പനമ്പിള്ളിനഗർ അവന്യൂവിൽചെന്ന് തിരിച്ച് വെൽകെയർ ഹോസ്പിറ്റലിലേക്കെത്തുന്ന വിധം 5.8 കിലോമീറ്റർ വാക്കത്തണാണ് സംഘടിപ്പിച്ചത്.
ലോക ഹൃദയാരോഗ്യദിനത്തിന് മുന്നോടിയായി ഒരു സ്പന്ദനവും നഷ്ടപ്പെടുത്തരുതെന്ന തീം മുൻനിർത്തിയാണ് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ഒരു മികച്ച ആരോഗ്യകരമായ തുടക്കത്തിന് വെൽകെയർ ഹോസ്പിറ്റലിനൊപ്പം ചേർന്ന് മാതൃഭൂമി ഡോട് കോം വാക്കത്തൺ സംഘടിപ്പിച്ചത്. മാതൃഭൂമി ഡോട് കോമിലെ വാക്കത്തൺ സ്പെഷ്യൽ പേജിൽ നൽകിയ ഫോം പൂരിപ്പിച്ച് അയച്ച് രജിസ്റ്റർ ചെയ്തവരാണ് പരിപാടിയുടെ ഭാഗമായത്. ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹൃദയത്തെ എന്തുവില കൊടുത്തും സംരക്ഷിക്കേണ്ടതിനെക്കുറിച്ചും വെൽകെയർ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാർ വാക്കത്തണിനെത്തിയവരുമായി സംവദിച്ചു.
വെൽകെയർ ആശുപത്രിയിലെ ഡോ. ശിവ്‌കുമാർനായർ (എച്ച്ഒഡി ആൻഡ് സീനിയർ കൺസൾട്ടന്റ്-ഡിവിഷൻ ഓഫ് കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി മിനിമലി ഇൻവേസീവ് കാർഡിയാക് സർജൻ), ഡോ. റിജു രാജസേനൻനായർ (കൺസൾട്ടന്റ്-ഡിവിഷൻ ഓഫ് കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി മിനിമലി ഇൻവേസീവ് കാർഡിയാക് സർജൻ), ഡോ. ദിലീപ് എം. നാരായണൻ (സീനിയർ കൺസൾട്ടന്റ് ആൻഡ് ലീഡ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്), ഡോ. ധനുഷ് സദാശിവൻനായർ (കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്) തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Content Highlights: Kochi`s `Walk for the Heart` walkathon, a joint initiative by Welcare Hospital and Mathrubhumi.com, saw enthusiastic youth participation raising heart health awareness.