ഇൻഫ്ലുവൻസ ബാധിച്ചവർക്ക് ന്യൂമോണിയയും, വിട്ടുമാറാതെ കോവിഡനന്തര രോഗങ്ങൾ

ആലപ്പുഴ: കോവിഡനന്തര രോഗങ്ങൾ വിട്ടുമാറാത്തതിനാൽ ചികിത്സ തേടി ഇപ്പോഴും ആളുകൾ ആശുപത്രികളിലെത്തുന്നു. പുതിയ കോവിഡ് കേസുകൾ കുറഞ്ഞെങ്കിലും ആദ്യകാലത്ത് രോഗം ബാധിച്ചവരുടെ പ്രതിരോധ സംവിധാനത്തിലുണ്ടായ പ്രശ്നം തുടരുകയാണ്. ‘ലോങ് കോവിഡ്’ എന്ന പേരിലറിയപ്പെടുന്ന കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾ ശ്വാസകോശത്തെ മാത്രമല്ല, ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും.
കോവിഡ് വ്യാപകമായ 2021-22 കാലത്ത് ഏഴുലക്ഷം പേർ കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങളായിരുന്നു കൂടുതലും. ഹൃദയം, നാഡി, പേശി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പുറമേ മാനസികാരോഗ്യ പ്രശ്നങ്ങളും ഒട്ടേറെയുണ്ടായി. ഇപ്പോൾ, സംസ്ഥാനത്ത് വ്യാപകമായ ഇൻഫ്ലുവൻസ ബാധിച്ചവർക്ക് ന്യൂമോണിയ പിടിപെടുന്നത് കോവിഡനന്തര പ്രശ്നമാണെന്നാണു ഡോക്ടർമാരുടെ വിലയിരുത്തൽ.
കോവിഡ് വൈറസ് ശരീരത്തിൽനിന്നു പോയാലും രോഗം മാസങ്ങളോളം നീണ്ടുനിൽക്കും. പ്രതിരോധ സംവിധാനം അമിതമായി പ്രവർത്തിക്കുന്നത്, പ്രതിരോധശേഷി കുറയുന്നത്, ചെറിയ രക്തക്കുഴലുകളിൽ തടസ്സമുണ്ടാകുന്നത്, ചില അവയവങ്ങൾക്ക് വൈറസുണ്ടാക്കിയ ക്ഷതം എന്നിവയാണ് ലോങ് കോവിഡിലേക്കു നയിക്കുന്ന കാരണങ്ങൾ. കോവിഡ് വളരെക്കുറഞ്ഞ രീതിയിൽ വന്നവർക്കുപോലും ആരോഗ്യപ്രശ്നങ്ങൾ വരാം.
ലക്ഷണങ്ങൾ ഒട്ടേറെ
മാറാത്ത ക്ഷീണം, പനി, പെട്ടെന്നു തളരുക, കിതപ്പ്, ചുമ, നെഞ്ചുവേദന, ഓർമ്മക്കുറവ്, വാക്കുകൾ മറക്കുക, ശ്രദ്ധ കിട്ടാതിരിക്കുക, നെഞ്ചിടിപ്പു കൂടുക, എണീക്കുമ്പോൾ തലകറക്കം, ഉറക്കമില്ലായ്മ, മണവും രുചിയും അറിയാതിരിക്കുക, മുടികൊഴിച്ചിൽ, വിഷാദവും ഉത്കണ്ഠയും തുടങ്ങിയ ഒട്ടേറെ ലക്ഷണങ്ങൾ ശ്രദ്ധിക്കണം.
പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ നിലച്ചു
കോവിഡിന്റെ തുടക്കത്തിൽ സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുടങ്ങിയിരുന്നു. എന്നാൽ, പലയിടത്തും ഇപ്പോഴില്ല. ഇതോടെ, ഏറെക്കാലം അലോപ്പതി പരീക്ഷിച്ചിട്ടും രോഗം മാറാത്ത ചിലർ ഹോമിയോപ്പതിയെ ആശ്രയിച്ചു. ഏഴുവർഷത്തിനിടെ 1.12 ലക്ഷം പേർ ഹോമിയോ ചികിത്സയെ ആശ്രയിച്ചതായാണു കണക്ക്.
ശാസ്ത്രീയപഠനം വേണം
കോവിഡനന്തര ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആദ്യകാലത്തു ധാരാളം പഠനം നടന്നിട്ടുണ്ട്. എന്നാൽ, തുടർച്ചയുണ്ടായില്ല. ഇൻഫ്ലുവൻസ പിടിപെടുന്നവർക്ക് ന്യൂമോണിയ ബാധിക്കുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. അതിനാൽ, കോവിഡിന്റെ അനന്തരഫലത്തെക്കുറിച്ച് ശാസ്ത്രീയപഠനം വേണം.
ഡോ. ബി. പദ്മകുമാർ, മുൻ പ്രിൻസിപ്പൽ, ആലപ്പുഴ മെഡിക്കൽ കോളേജ്.
Content Highlights: Long covid symptoms affect lungs, heart, and other organs, with influenza and pneumonia posing additional risks, say doctors.