ഉറവിടം എലികൾ, മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരും; അപകടകാരിയോ ഹാന്റാ വൈറസ്?

അർജന്റീനിയൻ തീരത്ത് നിന്ന് പുറപ്പെട്ട ഡച്ച് ക്രൂയിസ് കപ്പലിലെ യാത്രക്കാരായ എട്ട് പേർക്ക് ഹാന്റാ വൈറസ് ബാധ സ്ഥിരീകരിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തു. ഇവരെ പരിശോധിച്ച ഡോക്ടറടക്കം ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുമ്പോൾ വീണ്ടുമൊരു വൈറസ് രോഗബാധയിൽ അകപ്പെടുകയാണോ എന്ന ഭയത്തിലാണ് ലോകം. എലികളിൽ നിന്നാണ് മനുഷ്യരിലേക്ക് ഹാന്റാ വൈറസ് രോഗബാധയുണ്ടാകുന്നത്. അടുത്ത സമ്പർക്കത്തിലൂടെ രോഗം മറ്റൊരാളിലേക്ക് പകരും. വൈറസ് ബാധയുണ്ടായാൽ ലക്ഷണം പ്രകടമാവുക എട്ട് മുതൽ 40 ദിവസത്തിന് ശേഷമാണ്. അതുകൊണ്ട് തന്നെ രോഗത്തിന്റെ വ്യാപനവും അതിവേഗത്തിലായിരിക്കും. ശ്വാസകോശത്തെ രോഗം ബാധിച്ചുകഴിഞ്ഞാൽ മരണനിരക്ക് 50 ശതമാനത്തോളമാണ് നിലവിൽ കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായാണ് വിവരം. ഹാന്റാ വൈറസിനെക്കുറിച്ചും അതിന്റെ രോഗവ്യാപനത്തെക്കുറിച്ചും പ്രമുഖ ഗാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ.രാജീവ് ജയദേവൻ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
എന്താണ് ഹാന്റാ വൈറസ്
അർജന്റീനയിൽ നിന്ന് പുറപ്പെട്ട ഒരു വൈൽഡ് ലൈഫ് എക്‌സ്‌പെഡിഷൻ ക്രൂയിസ് ഷിപ്പിലാണ് ഹാന്റാ വൈറസ് വ്യാപനം ഉണ്ടായത്. 150-ഓളം പേരുണ്ടായിരുന്ന കപ്പലിൽ നിന്ന് എട്ടുപേർക്ക് രോഗം വരികയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. വനപ്രദേശങ്ങളിൽ ട്രക്കിംഗിന് മറ്റോ പോയപ്പോൾ എലികളിൽ നിന്ന് ആർക്കെങ്കിലും വൈറസ് ബാധിക്കുകയും തുടർന്ന് കപ്പലിലുള്ള മറ്റുള്ളവരിലേക്ക് പകരുകയുമാവാം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. കോവിഡ് പോലെ പരിചിതമല്ലാത്ത പുതിയ ഒന്നല്ല ഹാന്റ വൈറസുകൾ. 30 മുതൽ 50 തരം വരെ ഹാന്റാ വൈറസുകൾ ഉണ്ട്. അതിൽ ചില ഹാന്റാ വൈറസുകൾ വളരെ നിരുപദ്രവകാരികൾ ആണ്. ഇന്ത്യയിൽ ഹാന്റാ വൈറസുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ വെല്ലൂർ മെഡിക്കൽ കോളേജിൽ നടന്നിട്ടുണ്ട്.
ഏഷ്യയിൽ കാണപ്പെടുന്ന ഹാന്റാ വൈറസ് പ്രധാനമായും വൃക്കകളെ ബാധിക്കുന്ന തരം ഹാന്റാ വൈറസ് ആണ്. തെക്കേ അമേരിക്കയിലും മറ്റും കാണപ്പെടുന്ന ഹാന്റാ വൈറസുകൾ ആൻഡീസ് വൈറസ് എന്ന് പറയാം. ഇവയാണ് ഇപ്പോൾ ബാധിച്ചിട്ടുള്ളതായി വ്യക്തമാകുന്നത്. ഈ ആന്റിസ് വൈറസിന്റെ പ്രത്യേകത അത് ശ്വാസകോശത്തെ ബാധിക്കും എന്നുള്ളതാണ്. ശ്വാസകോശത്തെ ബാധിച്ചു കഴിഞ്ഞാൽ മരണനിരക്ക് 50 ശതമാനത്തോളമാണ്. അങ്ങനെ വരുമ്പോഴേക്കും ഇത് വളരെ ഗുരുതരമായിട്ടുള്ള ഒരു സാഹചര്യം തന്നെയാണ് സൃഷ്ടിക്കുക.
ക്രൂയിസ് ഷിപ്പ് ഒരു ക്ലോസ്ഡ് സിസ്റ്റം ആണ്. അതിൽ നിന്ന് നമുക്ക് രക്ഷപ്പെടാനോ അല്ലെങ്കിൽ പെട്ടെന്ന് ഒരു ആശുപത്രിയിൽ പോകാനോ സൗകര്യം ഉണ്ടാവുകയില്ല. അതുകൊണ്ട് തന്നെ രോഗബാധ സ്ഥിരീകരിച്ചെങ്കിലും ഐസൊലേഷൻ എന്നത് ശ്രമകരമാണ്. കുറച്ച് സ്ഥലം മാത്രമേ ഉള്ളൂ എന്നതുകൊണ്ട് തന്നെ രോഗവ്യാപന സാധ്യതയും കൂടുതലാണ്. കപ്പലിലെ പരിമിതമായ ചികിത്സാ സൗകര്യങ്ങളും വൈറസിന്റെ ഉയർന്ന മരണനിരക്കും സാഹചര്യം സങ്കീർണമാക്കുന്നുണ്ടെങ്കിലും ഇത് കോവിഡ് പോലെ വായുവിലൂടെ അതിവേഗം പടരുന്ന ഒരു മഹാമാരിയല്ല. എന്നാൽ രോഗം ബാധിച്ചാൽ രോഗലക്ഷണം ഉണ്ടാകുന്നത് എട്ട് ദിവസം മുതൽ നാൽപ്പത് ദിവസത്തിന് ശേഷമായിരിക്കും. ഇതാണ് രോഗവ്യാപനം സങ്കീർണമാക്കുന്നത്.
ഉറവിടം എലികൾ, രോഗം പകരുന്നത് എങ്ങനെ?
എലികളുടെ വിസർജ്യങ്ങളിൽ നിന്നോ അവയുടെ ശ്വാസകോശത്തിൽ നിന്നുമുള്ള കണങ്ങൾ പൊടി രൂപത്തിൽ വായുവിൽ കലരുകയും, അത് മനുഷ്യർ ശ്വസിക്കുകയും ചെയ്യുന്നതിലൂടെയാണ് വൈറസ് ശരീരത്തിലെത്തുന്നത്. എലികൾ സ്ഥിരമായി വസിക്കുന്ന ഇടങ്ങൾ വൃത്തിയാക്കുമ്പോഴോ അല്ലെങ്കിൽ അത്തരം സ്ഥലങ്ങളിൽ ട്രക്കിംഗ് നടത്തുമ്പോഴോ വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, രോഗബാധിതനായ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ ഈ വൈറസ് പകരുകയുള്ളൂ.
ഇത് കോവിഡ് പോലെ വായുവിലൂടെ എല്ലാവരിലേക്കും വേഗത്തിൽ പടരുന്ന ഒന്നല്ല എന്നത് ആശ്വാസം നൽകുന്നതാണ്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശത്തിൽ നിന്നുള്ള കണങ്ങൾ (Respiratory droplets) മറ്റൊരാളിലേക്ക് എത്തുന്നതിലൂടെ രോഗം പകരാം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് എട്ട് മുതൽ 40 ദിവസം വരെ എടുക്കുമെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ രോഗബാധിതരുടെ ശ്വാസകോശ കണങ്ങളിലൂടെ വൈറസ് മറ്റൊരാളിലേക്ക് പടരാനും സാധ്യതയുണ്ട്.
പ്രതിരോധവും ചികിത്സയും
രോഗിയെ ഐസൊലേറ്റ് ചെയ്യുക, സമ്പർക്കപ്പട്ടിക തയ്യാറാക്കി നിരീക്ഷിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ഈ വൈറസിനെ നിയന്ത്രിക്കാനാകും. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെയുള്ള തീവ്രപരിചരണ ചികിത്സയാണ് ഇതിന് നൽകുന്നത്. നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
Content Highlights: Hantavirus outbreak reported on an Argentine cruise ship with 50% mortality rate for pulmonary cases., Transmission occurs primarily through rodent excreta or close human-to-human contact., Incubation period ranges from 8 to 40 days, complicating containment., Unlike COVID-19, it is not primarily airborne but requires strict isolation and monitoring., Medical experts emphasize no immediate cause for nationwide panic in India.