ഇടയ്ക്കിടെ നടക്കാം, ഉറക്കവും വ്യായാമവും പ്രധാനം; നടുവേദന അകറ്റാൻ ശ്രദ്ധിക്കേണ്ടത്

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

എല്ലാവർഷവും ഒക്‌ടോബർ പതിനാറ് ലോക നട്ടെല്ല് ദിനമായി ആചരിക്കുന്നു. സ്പൈൻ ഹെൽത്ത് ഫോർ ലൈഫ് എന്നതാണ് ഈ വർഷത്തെ തീം.

നട്ടെല്ലിന്റെയും കഴുത്തിന്റെയും ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ച് ആഗോളതലത്തിൽ അവബോധം വളർത്തുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ജീവിതശൈലിയും മണിക്കൂറുകളോളമുള്ള ഇരിപ്പുമൊക്കെ മൂലം നടുവേദനയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കുന്നവർ നിരവധിയാണ്. ജോലിസ്ഥലത്തും, യാത്ര ചെയ്യുമ്പോഴും, പഠിക്കുമ്പോഴുമെല്ലാം ചെറുപ്പക്കാർ ദീർഘനേരം ഇരിക്കുന്നു. ഇതോടെ, ചുറ്റുമുള്ള പേശികൾക്ക് ബലക്ഷയം സംഭവിക്കുകയും അത് സന്ധികളെ ബാധിക്കുകയും ചെയ്യും. നടുവേദനയുടെ കാരണങ്ങളും പരിഹാരങ്ങളുമറിയാം.

ഡിസ്ക് തേയ്മാനമാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമാകാറുള്ളത്. വ്യായാമം നടുവേദനയുടെ ഫലപ്രദമായ പ്രതിരോധമാർഗമാണ്. അസ്ഥിയുടെ തേയ്മാനം, ഡിസ്ക്കിനുണ്ടാകുന്ന പ്രശ്നങ്ങൾ, നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങൾ, അർബുദം, നീർക്കെട്ട് തുടങ്ങിയവയാണ് പ്രധാനമായി നടുവേദനയിലേക്ക് നയിക്കുന്ന കാരണങ്ങൾ. നടുവേദന കാലങ്ങളായി തുടരുക, വണ്ണംകുറയുക, കാലുകളിലേക്കും വേദന പടരുക, ചെറിയ പ്രായത്തിലേ നടുവേദന വരിക, മല-മൂത്രസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുക തുടങ്ങിയവയുണ്ടെങ്കിൽ ചികിത്സ വൈകിക്കരുത്.

നടുവേദനയുടെ ചില കാരണങ്ങൾ

1. അമിതഭാരവും മോശം ജീവിതശൈലിയും

അനാരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം യുവാക്കൾക്കിടയിൽ അമിതവണ്ണം വർധിച്ചുവരുന്നു. ശരീരഭാരത്തിലുണ്ടാകുന്ന ചെറിയ വർധനവ് പോലും കാൽമുട്ടുകളിലും നട്ടെല്ലിലും സമ്മർദ്ദം കൂട്ടിയേക്കാം. ക്രമരഹിതമായ ഉറക്കം, ഉയർന്ന മാനസിക സമ്മർദ്ദം, വ്യായാമക്കുറവ് എന്നിവ ഈ പ്രശ്നം കൂടുതൽ വഷളാക്കുന്നു. ഇവയെല്ലാം ദീർഘകാല വേദന, ക്ഷീണം, ചലനശേഷിക്കുറവ് എന്നിവയിലേക്ക് നയിക്കുന്നു.

2. വ്യായാമങ്ങളിൽ നിന്നുമുള്ള പരിക്കുകൾ

ഫിറ്റ്നസ് തരംഗം സന്ധികളിലെയും പേശികളിലെയും പ്രശ്നങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരിയായ മാർഗ്ഗനിർദ്ദേശമില്ലാതെ ജിമ്മിലും മറ്റ് കായിക പരിശീലനങ്ങളിലും ചെറുപ്പക്കാർ ഏർപ്പെടുന്നു. പെട്ടെന്നുള്ള കഠിനമായ വ്യായാമങ്ങൾ, ഭാരം ഉയർത്തുന്നത്, തെറ്റായ പരിശീലന രീതികൾ എന്നിവ സന്ധികൾക്കും പേശികൾക്കും ആയാസമുണ്ടാക്കുന്നു. ആവശ്യത്തിന് വാം-അപ്പ്, സ്ട്രെച്ചിംഗ്, വിശ്രമം എന്നിവ ഇല്ലാത്തത് പരിക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

3. മാനസിക സമ്മർദ്ദവും വേദനയും

മാനസിക പിരിമുറുക്കവും ഉത്കണ്ഠയും പേശിവലിവുണ്ടാക്കുകയും, അത് പുറത്തും കഴുത്തിലും വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദം വേദനയെ വിട്ടുമാറാത്തതും കൂടുതൽ കഠിനവുമാക്കും.

നടുവേദന ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്

നല്ല പോസ്ചർ ശീലമാക്കുക

പലരും ദീർഘനേരം ഒരേ പോസിൽ ഇരിക്കുകയോ, നടുവിന് സമ്മർദം നൽകുന്ന രീതിയിൽ ഇരിക്കുകയോ ഒക്കെ ചെയ്യുന്നവരാണ്. ഫലമോ ഇടയ്ക്കിടെ വരുന്ന നടുവേദനയും. പോസ്ചർ ശരിയാക്കുകവഴി പുറത്തെ പേശികൾക്കും ഡിസ്ക്കിനുമൊക്കെയുണ്ടാകുന്ന സമ്മർദം കുറയ്ക്കാവുന്നതാണ്. നിവർന്നുതന്നെ ഇരിക്കാനും നിൽക്കാനും ശ്രദ്ധിക്കുക. ചുമലുകളും അരക്കെട്ടുമൊക്കെ നിവർന്നുതന്നെയിരിക്കണം. മുൻവശത്തേക്കോ പുറകിലേക്കോ ഒക്കെ വളഞ്ഞിരിക്കുന്ന രീതിയും ഒഴിവാക്കണം.

വ്യായാമം പ്രധാനം

പല ആരോഗ്യപ്രശ്നങ്ങൾക്കും പിന്നിലെ കാരണങ്ങളിലൊന്നായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് വ്യായാമമില്ലായ്മയാണ്. നടുവേദന പോലുള്ള ശരീരവേദനകൾക്കും വ്യായാമം ശീലമാക്കുന്നത് ഒരു പരിഹാരമാണ്. വ്യായാമം പുറംപേശികളെ ശക്തിപ്പെടുത്തുകയും മെയ്‌വഴക്കം നൽകുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. വ്യായാമം ശീലമാക്കുകവഴി ശരീരഭാരം കുറയുന്നതും പുറംവേദനയ്ക്ക് പരിഹാരമാകും.

ഭാരം കുറയ്ക്കാം

പുറംവേദന പരാതിയായി പറയുന്നവരിലേറെയും അമിതവണ്ണം മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. വണ്ണംകൂടുന്നത് നട്ടെല്ലിനും പുറത്തെ പേശികൾക്കും സമ്മർദം നൽകുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും തുടർന്ന് വണ്ണംകുറയ്ക്കുന്നതിലൂടെ പുറംവശത്തിനുള്ള സമ്മർദം കുറയ്ക്കാവുന്നതും നടുവേദന കുറയ്ക്കാവുന്നതുമാണ്.

ഉറങ്ങുന്ന രീതിയും പ്രധാനം

നന്നായി ഉറങ്ങണമെന്നു മാത്രമല്ല ഉറക്കത്തിന്റെ രീതിയും നടുവേദന അകറ്റുന്നതിൽ പ്രധാനമാണ്. നട്ടെല്ലിന് സമ്മർദം നൽകാത്ത രീതിയിലുള്ള കിടക്കയും തലയിണയും തിരഞ്ഞെടുക്കണം. കമിഴ്ന്നുകിടക്കുന്ന ശീലവും ഒഴിവാക്കണം, ഇതും നട്ടെല്ലിന് സമ്മർദമേകും.

മാനസികാരോഗ്യം കാക്കണം

മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും നടുവേദന പരിഹരിക്കപ്പെടുന്നതിൽ പ്രധാനമാണ്. മാനസികസമ്മർദം കൂടുന്നത് മസിലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ശരീരവേദനയ്ക്ക് കാരണമാവുകയും ചെയ്യും.

ഇടയ്ക്കിടെ നടക്കാം

ഓഫീസ് ജോലിക്കാരിൽ പലരും നടുവേദനയുമായി ജീവിക്കുന്നവരാണ്. ദീർഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നതിലാണ് പലതിനും പിന്നിൽ. ഒരിടത്ത് ദീർഘസമയം ചടഞ്ഞുകൂടി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റു നടക്കാം. ഇത് പുറംഭാഗത്തിനു നൽകുന്ന സമ്മർദം കുറയ്ക്കും.

പുകവലി ഉപേക്ഷിക്കാം

പുകവലി ശീലവും പുറംവേദനയും തമ്മിലും അഭേദ്യമായ ബന്ധമുണ്ട്. പുകവലി ശീലമായിട്ടുള്ളവരിൽ ‍ഡിസ്ക്കുകളിലേക്കുള്ള രക്തചംക്രമണം തടസ്സപ്പെടും. കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും അസ്ഥികളുടെ വളർച്ച തടസ്സപ്പെടുത്തുകയും ചെയ്യും. അസ്ഥികളുടെ ആരോഗ്യം നശിക്കാനും ക്ഷയിക്കാനും കാരണമാകും.

Content Highlights: Learn effective back pain relief strategies on World Spine Day, focusing on posture, exercise, and mental health for a healthier spine.