ഹൃദ്രോഗങ്ങളും പക്ഷാഘാതവും: എന്താണ് സംഭവിക്കുന്നത്? ഫിസിയോതെറാപ്പിയുടെ പ്രസക്തിയെന്ത്?

#ഡോ. കെ.എം. മാത്യു
Representative Image| Photo: Canva.com
Representative Image| Photo: Canva.com

സെപ്റ്റംബർ 8 ലോക ഫിസിയോതെറാപ്പി ദിനമായി ആചരിക്കുമ്പോൾ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളിലൊന്നായ പക്ഷാഘാതത്തെയും (സ്ട്രോക്ക്) അതിൽ നിന്നുള്ള മുക്തിയെയും കുറിച്ച് തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. ഹൃദ്രോഗങ്ങളും രക്തചംക്രമണ വ്യവസ്ഥയിലുണ്ടാകുന്ന തടസ്സങ്ങളുമാണ് പലപ്പോഴും പക്ഷാഘാതത്തിലേക്ക് നയിക്കുന്നത്. എന്നാൽ ഒരു പക്ഷാഘാതത്തിന് ശേഷം തളർന്നുപോകുന്ന ശരീരത്തിന് വീണ്ടും ചലനശേഷിയും സ്വയംപര്യാപ്തതയും തിരികെ നൽകാൻ ഫിസിയോതെറാപ്പിയും ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനും (പിഎംആർ) ചേർന്നു പ്രവർത്തിക്കുന്ന സംയോജിത ചികിത്സാരീതികൾക്ക് സാധിക്കും.

ഹൃദ്രോഗങ്ങളും പക്ഷാഘാതവും: എന്താണ് സംഭവിക്കുന്നത്?

ഹൃദയത്തിൽ നിന്നോ രക്തധമനികളിൽ നിന്നോ ഉണ്ടാകുന്ന തടസ്സങ്ങൾ മൂലം തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയോ അല്ലെങ്കിൽ തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. തലച്ചോറിലെ കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ, ശരീരത്തിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങൾ നിർജ്ജീവമാകുന്നു. ഇതിന്റെ ഫലമായി ശരീരത്തിന്റെ ഒരു വശത്തിന് തളർച്ച, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, സന്തുലനാവസ്ഥ നഷ്ടപ്പെടൽ എന്നിവ സംഭവിക്കുന്നു.

തലച്ചോറിനെ 'റീവയർ' ചെയ്യുന്ന ന്യൂറോപ്ലാസ്റ്റിസിറ്റി

പക്ഷാഘാതം കാരണം നശിച്ചുപോയ തലച്ചോറിലെ കോശങ്ങൾക്ക് പകരം, സമീപത്തുള്ള മറ്റ് ആരോഗ്യമുള്ള കോശങ്ങളെ പുതിയ ചലനങ്ങൾ പഠിച്ചെടുക്കാൻ പ്രാപ്തമാക്കുന്ന ശേഷിയാണ് ന്യൂറോപ്ലാസ്റ്റിസിറ്റി.

ശരിയായി ആസൂത്രണം ചെയ്ത ഫിസിയോതെറാപ്പി, പിഎംആർ ചികിത്സയിലൂടെ തലച്ചോറിൽ പുതിയ നാഡിബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ലളിതമായി പറഞ്ഞാൽ, അടഞ്ഞുപോയ പ്രധാന റോഡിന് പകരം പുതിയ ഉപറോഡുകൾ നിർമ്മിച്ച് ഗതാഗതം പുനഃസ്ഥാപിക്കുന്നത് പോലെയാണിത്.

ഫിസിയോതെറാപ്പിയും പിഎംആറും: തിരിച്ചുവരവിനുള്ള ബ്ലൂപ്രിന്റ്

സ്ട്രോക്ക് അതിജീവനത്തിൽ ഒരു സംഘടിത ചികിത്സാ രീതിയാണ് പിഎംആർ മുന്നോട്ട് വെക്കുന്നത്.

കൃത്യമായ വിലയിരുത്തൽ (ടാർഗറ്റഡ് അസ്സസ്സ്മെന്റ്): രോഗിയുടെ പേശികളുടെ ബലക്ഷയം, സന്ധികളുടെ കാഠിന്യം, ഹൃദയാരോഗ്യം എന്നിവ വിലയിരുത്തി ഓരോ രോഗിക്കും അനുയോജ്യമായ ഫിസിയോതെറാപ്പി രീതികൾ തയ്യാറാക്കുന്നു.

റോബോട്ടിക് & കണ്ടിന്യൂവസ് തെറാപ്പി: ആധുനിക ടെക്നോളജിയുടെ സഹായത്തോടെയുള്ള റോബോട്ടിക് തെറാപ്പി, ഇലക്ട്രിക്കൽ സ്റ്റിമുലേഷൻ എന്നിവ ഉപയോഗിച്ച് പേശികളെ ഉത്തേജിപ്പിക്കുന്നു.

സ്ട്രെങ്ത് & ബാലൻസ് ട്രെയിനിംഗ്: വീണ്ടും നടക്കാനും ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാനും സഹായിക്കുന്ന പ്രത്യേക ഫിസിയോതെറാപ്പി നൽകുന്നു.

കാർഡിയോവാസ്കുലർ ഫിറ്റ്നസ്: മറ്റൊരു സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം വീണ്ടെടുക്കുന്നതിനുമായി ഫിസിയോതെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ വ്യായാമങ്ങൾ ക്രമീകരിക്കുന്നു.

നേരത്തെയുള്ള ഇടപെടൽ പ്രധാനം

സ്ട്രോക്ക് സംഭവിച്ച് ആദ്യ മണിക്കൂറുകളിലോ ദിവസങ്ങളിലോ തന്നെ സുരക്ഷിതമായ രീതിയിലുള്ള റീഹാബിലിറ്റേഷൻ ആരംഭിക്കേണ്ടതുണ്ട്. എത്രയും വേഗം ചികിത്സ ആരംഭിക്കുന്നുവോ, അത്രയും വേഗത്തിൽ തലച്ചോറിനെ പുനഃക്രമീകരിക്കാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനും സാധിക്കും.

സ്ട്രോക്ക് എന്നത് ഒരിക്കലും സാധാരണ ജീവിതത്തിന്റെ അവസാനമല്ല. കൃത്യമായ ചികിത്സകളിലൂടെ ഒരു പുതിയ തുടക്കം തികച്ചും സാധ്യമാണ്. അനുയോജ്യമായ ഫിസിയോതെറാപ്പിയും പിഎംആർ ചികിത്സയും ഒത്തുചേരുന്നതിലൂടെ രോഗിക്ക് ആത്മവിശ്വാസവും ചലനശേഷിയും പഴയെ മികവോടെ തന്നെ തിരികെ നൽകാൻ സാധിക്കുന്നു. ഈ ലോക ഫിസിയോതെറാപ്പി ദിനത്തിൽ, സ്ട്രോക്ക് അതിജീവനത്തിൽ റീഹാബിലിറ്റേഷൻ ചികിത്സകളുടെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് ഏവർക്കും അവബോധം വളർത്താം.

(കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ.)

Content Highlights: Learn how physiotherapy aids recovery after heart attacks and strokes, focusing on neuroplasticity and cardiovascular fitness for better health outcomes.