രക്തദാനത്തിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാം, ദാനം ചെയ്യുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ടത്

#ഡോ. വീണ ഷെണോയ്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ജീവൻ രക്ഷിക്കുന്നതിലും പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിലും രക്തദാനത്തിനുള്ള നിർണായകമായ പങ്കിനെപ്പറ്റി ആളുകളിൽ അവബോധം വളർത്തുക, രക്തദാതാക്കളുടെ നിസ്വാർത്ഥ സേവനത്തെ ആദരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്ലാ വർഷവും ജൂൺ 14 ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോക രക്തദാനദിനം ആചരിക്കുന്നത്.

ആർട്ടിഫിഷ്യൽ  ഇന്റലിജൻസിന്റെ ഉപയോഗം ഉൾപ്പെടെ  വൈദ്യശാസ്ത്രരംഗത്ത് പുരോഗതി  ഉണ്ടായിട്ടും മനുഷ്യ രക്തത്തിന് പകരമായി മറ്റൊന്നില്ല എന്നതാണ് രക്തദാനത്തെ സവിശേഷമാക്കുന്നത്. ഇത് കൃത്രിമമായി നിർമിക്കാൻ കഴിയില്ല. നിലവിൽ രക്ത ലഭ്യത ഉറപ്പാക്കാനുള്ള ഏക മാർഗം രക്തദാനത്തിലൂടെ മാത്രമാണ്. 

രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്. ബ്ലഡ് ഡോണർ അസോസിയേഷനുകൾ, പ്രമുഖ ആശുപത്രികൾ എന്നിവ ഇതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് ലോകത്തിന് തന്നെ മാതൃകയായ കേരളത്തിൽ, രക്തദാനം ഒരു പൊതുജനാരോഗ്യ ആവശ്യകതയും പൗര ഉത്തരവാദിത്തവുമായി കണക്കാക്കപ്പെടുന്നു. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ കണക്കനുസരിച്ച്, സംസ്ഥാനത്തിന് പ്രതിവർഷം ഏകദേശം 4.5 ലക്ഷം യൂണിറ്റ് രക്തം ആവശ്യമാണ്. ഈ ആവശ്യം  ഏറെക്കുറെ നിറവേറ്റപ്പെടുന്നുണ്ടെങ്കിലും, പ്രകൃതി ദുരന്തങ്ങൾ, ഡെങ്കിപ്പനി വ്യാപനം, വലിയ അപകടങ്ങൾ  തുടങ്ങിയ പീക്ക് ഡിമാൻഡ് സമയങ്ങളിൽ പലപ്പോഴും ആവശ്യത്തിന് രക്തം ഇല്ലാതെ വരുന്ന സാഹചര്യമാണുള്ളത്.

ആധുനിക ചികിത്സയിൽ രക്തവും രക്തഘടകങ്ങളും ഒഴിച്ചുകൂടാനാവാത്തതാണ്. വാഹനാപകടത്തിൽ പെടുന്നവർക്ക്, ഗർഭകാലത്തോ പ്രസവസമയത്തോ കടുത്ത രക്തസ്രാവം നേരിടുന്ന സ്ത്രീകൾക്ക്, മലേറിയ, തലസീമിയ, പോഷകാഹാരക്കുറവ് എന്നിവ മൂലമുള്ള വിളർച്ച ബാധിച്ച കുട്ടികൾക്ക്, സങ്കീർണമായ ശസ്ത്രക്രിയ, രക്ത വൈകല്യങ്ങൾ, കാൻസർ, രോഗപ്രതിരോധ ശേഷി കുറവുള്ള രോഗികൾക്ക്, അവയവം മാറ്റിവയ്ക്കൽ, സങ്കീർണ്ണമായ ശസ്ത്രക്രിയകൾ എന്നിവയ്ക്ക് വിധേയരാകുന്നവർക്ക് അങ്ങിനെ വലിയൊരു വിഭാഗം ചികിത്സകൾക്കും രക്തം ആവശ്യമാണ്. കൂടുതൽ രക്ത ദാതാക്കളും ആദ്യമായി അല്ലെങ്കിൽ സാഹചര്യങ്ങൾക്കനുസരിച്ച് മാത്രം രക്തദാനം ചെയ്യുന്നവരാണ്. കരുത്തുള്ള ഒരു സ്ഥിരം ബ്ലഡ് ബാങ്ക് സംവിധാനത്തിന് പതിവായി രക്തം നൽകുന്നവർ അത്യാവശ്യമാണ്.

രക്തദാന സമയത്ത് എന്താണ് സംഭവിക്കുന്നത്?

ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിയിൽ  ഏകദേശം 4.5 മുതൽ 5.5 ലിറ്റർ വരെ രക്തം ഉണ്ടാകും, ഇതിൽ നിന്ന് 350-450 മില്ലി മാത്രമേ എടുക്കൂ - മൊത്തം രക്തത്തിന്റെ 10% ൽ താഴെ മാത്രം. ദാനത്തിലൂടെ നഷ്ടപ്പെട്ട അളവ് 24–36 മണിക്കൂറിനുള്ളിൽ തന്നെ ശരീരം പുനരുത്പാദിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ പുതിയ ചുവന്ന രക്താണുക്കളും ഉദ്പാദിപ്പിക്കപ്പെടുന്നു. രക്തം നൽകിയ ശേഷം ചെറിയ സമയത്തെ വിശ്രമത്തിനും ലഘുഭക്ഷണത്തിനും ശേഷം അവർക്ക് അവരുടെ ദിനചര്യയിലേക്ക് മടങ്ങാൻ കഴിയും.

ആർക്കെല്ലാമാണ് രക്തദാനം ചെയ്യാൻ കഴിയുക?

  • 18 മുതൽ 65 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് രക്തം ദാനം ചെയ്യാം.
  • ദാതാവിന് കുറഞ്ഞത് 45 കിലോഗ്രാം ഭാരവും ഹീമോഗ്ലോബിൻ അളവ് 12.5 ഗ്രാം/ഡെസിലിറ്ററോ അതിൽ കൂടുതലോ ഉണ്ടായിരിക്കണം.
  • പുരുഷന്മാർക്ക് മൂന്ന് മാസത്തിലൊരിക്കലും സ്ത്രീകൾക്ക് നാല് മാസത്തിലൊരിക്കലും ദാനം ചെയ്യാം.
  • ദാതാക്കൾ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ പകരുന്ന അണുബാധകളിൽ നിന്ന് മുക്തരായിരിക്കണം.
  • അനിയന്ത്രിത പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ സമീപകാല അണുബാധകൾ ഉള്ളവർ അവരുടെ അവസ്ഥ സ്ഥിരമാകുന്നതുവരെ ദാനം ഒഴിവാക്കണം.
  • ആർത്തവസമയത്തോ, ഗർഭകാലത്തോ, മുലയൂട്ടുന്ന സമയത്തോ സ്ത്രീകൾ ദാനം ചെയ്യരുത്.
  • ടാറ്റൂ ചെയ്യുകയോ തുളയ്ക്കുകയോ ചെയ്തവർ ദാനം ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് ഒരു വർഷമെങ്കിലും കാത്തിരിക്കണം.

രക്തദാനം ചെയ്യുന്നതിന് മുൻപ് 

കുറഞ്ഞത് 3-4 മണിക്കൂർ മുൻപ്പെങ്കിലും സമീകൃത ഭക്ഷണം കഴിക്കുക, കൊഴുപ്പുള്ളതോ വറുത്തതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക, തലേദിവസം രാത്രി ശരിയായി ഉറങ്ങുക, ധാരാളം ദ്രാവകങ്ങൾ കുടിക്കുക.

രക്തദാനത്തിന് ശേഷം

15 മിനിറ്റ് വിശ്രമിക്കുക, ജ്യൂസോ വെള്ളമോ കുടിക്കുക, അടുത്ത 24 മണിക്കൂർ നേരത്തേക്ക് തീവ്രമായ ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കുക.

രക്തദാനം മറ്റുള്ളവരെ സഹായിക്കുക മാത്രമല്ല ചെയ്യുന്നത് അത് ദാതാവിനും ഗുണം ചെയ്യും. രക്തം ദാനം ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു: പതിവായി ദാനം ചെയ്യുന്നത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.  ദാതാവിന്റെ ശരീരത്തിൽ പുതിയ രക്തകോശങ്ങൾ  ഉത്പാദിപ്പിക്കുന്നു. രക്തം ദാനം ചെയ്യുമ്പോൾ ലഭിക്കുന്ന  സാമൂഹിക സംഭാവനാ ബോധം  മാനസിക സംതൃപ്തിയിലേക്കും സമ്മർദ്ദം കുറയ്ക്കുന്നതിലേക്കും നയിക്കുന്നു.

കേരളത്തിൽ, കെഎസ്ബിടിസിയും പ്രാദേശിക എൻജിഒകളും ദാതാക്കളെ അഭിനന്ദിക്കുന്നതിനുള്ള പരിപാടികൾ, കോളേജുകളിലും ഐടി പാർക്കുകളിലും ബോധവൽക്കരണ ക്യാമ്പുകൾ, സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ എന്നിവയുൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
രക്തദാനം സുപ്രധാനമായ ജീവൻ രക്ഷിക്കുന്ന പ്രവൃത്തിയാണ് - പ്രത്യേകിച്ച് ഉയർന്ന ജനസാന്ദ്രത, റോഡ് അപകട നിരക്ക്, അടിയന്തര ആരോഗ്യ സംരക്ഷണം എന്നിവയുടെ വലിയ ആവശ്യകതയുള്ള കേരളം പോലുള്ള സംസ്ഥാനത്ത്.  രക്തം ദാനം ചെയ്യുന്നതിലൂടെ, നിങ്ങൾ ജീവൻ രക്ഷിക്കുക മാത്രമല്ല, കാരുണ്യവും ആരോഗ്യവും നിറഞ്ഞ ഒരു സമൂഹത്തിന് കാരണമാവുകയും ചെയ്യുന്നു.

കൊച്ചി അമൃത ഹോസ്പിറ്റലിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാ​ഗം മേധാവിയാണ് ലേഖിക.

Content Highlights: Learn about the critical role of blood donation in saving lives and strengthening public health syst