ആരൊക്കെ രക്തം ദാനം ചെയ്യരുത്?; രക്തം സ്വീകരിക്കുമ്പോഴും നൽകുമ്പോഴും അറിഞ്ഞിരിക്കേണ്ടവ

ഒഴുകുന്ന ജീവൻ എന്നാണ് വൈദ്യശാസ്ത്രം രക്തത്തെ വിശേഷിപ്പിക്കുന്നത്. മനുഷ്യജീവൻ നിലനിർത്തുന്നതിൽ നിർണ്ണായകമായ പങ്കാണ് രക്തം വഹിക്കുന്നത്. അതുകൊണ്ട് തന്നെ രക്തദാനം മഹാദാനം തന്നെയാണ്. എന്നാൽ രക്തം സ്വീകരിക്കുമ്പോഴും നൽകുമ്പോഴും ദാതാവും സ്വീകർത്താവും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ദാതാവിന് പതിനെട്ട് വയസ്സ് പൂർത്തിയായിരിക്കണം. കൂടാതെ ശരീരഭാരം ആവശ്യത്തിന് ഉണ്ടായിരിക്കണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ കൗണ്ട് കുറവായിരിക്കരുത്.
പനി
രക്തം സ്വീകരിച്ചാൽ ചിലർക്ക് പനി വരാറുണ്ട്. ഒരു വ്യക്തി സ്വീകരിച്ച രക്തത്തിലെ ശ്വേതരക്താണുക്കളോടുളള ശരീരത്തിന്റെ പ്രതികരണമാണ് ഇത്തരത്തിൽ പനി വരാൻ കാരണം. ചെറിയ പനി കൂടാതെ രോഗിക്ക് നെഞ്ച് വേദനയോ മനംപിരട്ടലോ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്.
അലർജി
രക്തം സ്വീകരിച്ചതിനോടുളള പ്രതികരണത്തിന്റെ ഭാഗമായി ശരീരത്തിൽ ചൊറിച്ചിലും തടിച്ച് ചുവന്ന കുരുക്കളും പ്രത്യക്ഷപ്പെട്ടേക്കാം. ഈ സാഹചര്യത്തിലും ഡോക്ടടറുടെ സേവനം തേടണം.
അക്യൂട്ട് ഇമ്മ്യുണോ ഹെമോലെറ്റിക് റിയാക്ഷൻ
രക്തം സ്വീകരിക്കുന്നത് വഴി ഉണ്ടാകുന്ന മറ്റൊരു പ്രധാന രോഗമാണ് അക്യൂട്ട് ഇമ്യൂണോ ഹെമോലെറ്റിക് റിയാക്ഷൻ. രോഗി സ്വീകരിച്ച രക്തം ശരീരത്തിന് യോജിക്കാതെ വരുമ്പോൾ ഇതിനെ പ്രതിരോധിക്കാനായി ശരീരം ഒരു രാസവസ്തു ഉത്പാദിപ്പിക്കുകയും ഇത് വൃക്കയെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഛർദ്ദി, പനി, നടുവേദന, മൂത്രത്തിന്റെ നിറം വ്യത്യാസം.
ഭയക്കണം എച്ച്.ഐ.വി
അപരിചിതരായ രക്തദാതാക്കളിൽ നിന്നും രക്തം സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം എച്ച്.ഐ.വി അണുബാധയാണ്. രക്തം സ്വീകരിക്കുന്നതിന് മുൻപെ ദാതാവിന് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സിഫിലിസ് എന്നിവ കൂടാതെ രക്തം വഴി പകരുന്ന രോഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം.
- മയക്കുമരുന്ന്, ഒന്നിലധികം പേരുമായി ലൈംഗിക ബന്ധം പുലർത്തുന്നവർ, മഞ്ഞപ്പിത്തം, റുബെല്ല, ടൈഫോയിഡ് എന്നിവ ബാധിച്ചവരുടെ രക്തം സ്വീകരിക്കരുത്.
- ഹൃദ്രോഗം, കരൾ രോഗങ്ങൾ എന്നിവയ്ക്ക് ചികിത്സ നടന്നുകൊണ്ടിരിക്കുന്ന രോഗികൾ രക്തദാനത്തിന് മുതിരരുത്.
- രക്തദാനത്തിന് മുൻപുളള 24 മണിക്കൂറിൽ ദാതാവ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം.
- ഗർഭിണിയായ സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരും രക്തദാനം ചെയ്യരുത്.
- സ്ത്രീകൾ ആർത്തവകാലയളവിൽ രക്തദാനം ചെയ്യരുത്.
- നമ്മുടെ ശരീരത്തിൽ ശരാശരിയുളള ആറു ലിറ്റർ രക്തത്തിൽ 350 മില്ലിലിറ്റർ മാത്രമേ ദാനം ചെയ്യാനായി എടുക്കുകയുളളൂ. ഈ രക്തമാകട്ടെ 24 മുതൽ 48 വരെയുളള മണിക്കൂറിനുളളിൽ ശരീരം വീണ്ടു ഉത്പാദിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ രക്തംദാനം ചെയ്യുന്നത് ശരീരത്തിന് ദോഷം ചെയ്യില്ലെന്നു മാത്രമല്ല ഇത് പുതിയ കോശങ്ങൾ ഉണ്ടാകാൻ സഹായകമാവുകയും ചെയ്യും.
രക്തം ദാനം ചെയ്ത ശേഷം ഒരു മണിക്കൂർ വിശ്രമം ആവശ്യമാണ്. ഈ നേരത്ത് ജ്യൂസോ മറ്റ് പാനീയങ്ങളോ കഴിക്കാം. കഠിനമായ ജോലിയോ കായികവ്യായാമങ്ങളോ ഒഴിവാക്കാം.
Content Highlights: what to know about donating blood, world blood donor day