ജോലിക്കിടയിലോ അതിനുശേഷമോ കൈകളിലും കഴുത്തിലും അനുഭവപ്പെടുന്ന വേദന; കാരണങ്ങളും പരിഹാരവും

ജോലി ചെയ്യുമ്പോഴോ അതിനു ശേഷമോ നിങ്ങളുടെ കൈകളിലോ, കൈത്തണ്ടയിലോ, തോളിലോ, കഴുത്തിലോ അസ്വസ്ഥതയോ, വേദനയോ, അനുഭവപ്പെട്ടിട്ടുണ്ടോ? ആവർത്തിച്ചുള്ള ജോലിചെയ്യുന്നതിനിടയിലോ അല്ലെങ്കിൽ അത് നിർത്തിയതിനുശേഷമോ ആണ് ഈ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നതെങ്കിൽ അതിൽ ആശങ്കപ്പെടേണ്ടതുണ്ട്. ഇത് റെപ്പറ്റിറ്റീവ് സ്ട്രെയിൻ ഇഞ്ചുറി (RSI - Repetitive Strain Injury) എന്ന വിഭാഗത്തിൽപ്പെട്ട രോഗത്തിന്റെ ആരംഭമായിരിക്കാം.
പലപ്പോഴും പ്രതികൂല സാഹചര്യങ്ങളിൽ തുടർച്ചയായ ആവർത്തിച്ചിട്ടുള്ള ജോലിയുടെ ഫലമായി വേദന, മരവിപ്പ്, സന്ധികളിലെ കാഠിന്യം, ബലഹീനത മുതലായ ലക്ഷണങ്ങളുള്ള രോഗാവസ്ഥകളെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് RSI. പ്രതികൂല സാഹചര്യം എന്നത് സാധാരണ ദൈനംദിന സമ്മർദ്ദം മുതൽ മോശം ജോലി സജ്ജീകരണങ്ങളും തൊഴിൽ സാഹചര്യങ്ങളും വരെയാകാം.
തൊഴിലുടമകളും സഹപ്രവർത്തകരും പലപ്പോഴും ആരോഗ്യവിദഗ്ധർ പോലും തങ്ങൾ എന്താണ് അനുഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ലെന്ന് പല രോഗികളും പരാതിപ്പെടാറുണ്ട്. RSI രോഗികൾക്ക് ദൃശ്യമായ മാറ്റങ്ങളൊന്നുമില്ലാത്തതിനാൽ പലപ്പോഴും ഇത്തരം രോഗാവസ്ഥയിലുള്ളവരെ ഹൈപ്പോക്കോൻട്രിയാസിസ് എന്ന മാനസിക രോഗാവസ്ഥയുള്ളവരായും രോഗം അഭിനയിക്കുന്നവരായും മുദ്രകുത്തുന്ന കാണാറുണ്ട്.
RSI-യ്ക്ക് നിരവധി കാരണങ്ങളുണ്ട് എന്നത് ആശയക്കുഴപ്പത്തിന് വഴിയൊരുക്കുന്നു. RSI എന്നത് ശരീരത്തിലെ മൃദുകോശങ്ങളായ ഞരമ്പുകൾ, പേശികൾ, ടെൻഡണുകൾ, ലിഗമെന്റുകൾ, രക്തക്കുഴലുകൾ എന്നിവയെ ബാധിക്കുന്ന ഒരു രോഗമാണ് ഇത്തരം മൃദുകോശങ്ങളിൽ സമ്മർദ്ദം, അമിതമായ ഭാരമേൽപ്പിക്കൽ, അമിതഉപയോഗം എന്നിവയുടെ ഫലമായി ഒരു പേശിവിഭാഗം മറ്റൊന്നിനെതിരെ പ്രവർത്തിക്കാനിടയാകുന്നു.
സാധാരണയായി കാണുന്ന RSI രോഗങ്ങൾ ഇവയാണ്
- കാർപ്പൽ ടണൽ സിൻഡ്രോം (Carpal Tunnel Syndrome)
- മയോഫാഷ്യൽ പെയിൻ സിൻഡ്രോം (Myofacial Pain Syndrome)
- സർവിക്കൽ സ്പോണ്ടിലോസിസ് (Cervical Spondylosis)
- ടെന്നിസ് എൽബോ (Tennis Elbow)
- ഡി ക്യുർവൈൻസ് ടീനോസിനോവൈറ്റിസ് (De Quervain's tenosynovitis)
- ഗാംഗ്ലിയോൺ സിസ്റ്റ് (Ganglion Cyst)
സാധാരണ അപകടസാധ്യത ഘടകങ്ങൾ ഇവയാണ്
- പരിക്കുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ജോലി സാഹചര്യങ്ങൾ.
- ആവർത്തന സ്വഭാവമുള്ള ജോലി.
- അപക്വമായ ഇരിപ്പ് (Improper sitting).
- ജോലിയുടെ ദൈർഘ്യം / വീണ്ടെടുക്കൽ സമയത്തിന്റെ (Recovery time) അഭാവം.
- അസുഖകരമായ അന്തരീക്ഷം
- ഡ്രില്ലിംഗ്, ടൈപ്റൈറ്റിംഗ്, നിർമ്മാണ ജോലികൾ, സംഗീതജ്ഞർ, നർത്തകർ, തുണിക്കടയിലെ തൊഴിലാളികൾ തുടങ്ങിയ ഒരേ പ്രവർത്തികളിൽ മണിക്കൂറുകളോളം ഏർപ്പെടുന്നവർക്കാണ് ഇത്തരം രോഗസാധ്യത കൂടുതൽ.
RSI-യുടെ ആദ്യഘട്ടത്തിൽ ജോലി ചെയ്യുന്ന സമയത്ത് മാത്രം ലക്ഷണങ്ങൾ കാണുകയും ജോലിയുടെ പ്രകടനത്തിൽ കുറവുണ്ടാവുകയുമില്ല. പിന്നീട് ലക്ഷണങ്ങൾ രാത്രിയിലും തുടരുകയും ജോലിയിലുള്ള ശേഷി കുറയുകയും ചെയ്യുന്നു. അവസാനഘട്ടമാകുമ്പോൾ വിശ്രമിക്കുന്ന അവസരങ്ങളിലും ലക്ഷണങ്ങൾ തുടരുകയും ഉറക്കത്തെ ബാധിക്കുകയും ചെറിയ ജോലി പോലും ചെയ്യാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു.
നേരത്തെ തന്നെ രോഗനിർണ്ണയം നടത്തിയാൽ ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ തന്നെ ഈ രോഗം ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നു എന്നത് ആശ്വാസകരമാണ്. രോഗനിർണ്ണയത്തിന് രോഗവുമായി ബന്ധപ്പെട്ട വിശദമായ മുൻ വിവരങ്ങൾ ആവശ്യമാണ്. ആന്ത്രപോമെട്രി (Anthropometry), ജോലിസ്ഥലത്തെ അപകടസാദ്ധ്യത അളക്കൽ കൂടാതെ ശാരീരിക പരിശോധന, രക്ത പരിശോധന, ഇമേജിംഗ്, എന്നിവ രോഗനിർണ്ണയത്തിന് ആവശ്യമായി വരും. ചികിത്സ ക്ലിനിക്കിൽ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കി വ്യക്തിഗതമായിരിക്കും.
RSI ഒരേ സമയം വ്യത്യസ്ത സമീപനങ്ങൾ കൊണ്ട് ചികിത്സിക്കേണ്ടതുണ്ട്. ശരീര ഭാവത്തിലെ (Body posture) തിരുത്തലുകളും പരിശീലനവുമാണ് പലപ്പോഴും ആദ്യഘട്ട ചികിത്സാ രീതി. ഒരു ഫിസിയോതെറാപ്പി വിദഗ്ധന്റെ മേൽനോട്ടത്തിൽ പേശികളുടെ വലിച്ചു നീട്ടലും (Stretching) ശക്തിപ്പെടുത്തലും (Strengthening) വ്യായാമങ്ങളും ഉപയോഗപ്രദമാണ്. എർഗോണോമിക് (Ergonomic) പഠനത്തിലൂടെ വ്യക്തികളുടെയും പ്രവർത്തന പരിതസ്ഥിതികളുടെയും സ്വഭാവവും ജോലി നിർവ്വഹിക്കുന്നതിൽ ജീവനക്കാരനുള്ള പരിമിതികളും മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്.
ജോലികൾ സുഖകരമായും സുരക്ഷിതമായും വേദനയില്ലാതെയും നിർവ്വഹിക്കുന്നതിനുള്ള ബയോമെക്കാനിക്സ് പരിശീലനം RSI-യ്ക്ക് വളരെ ഫലപ്രദമാണ്. കൂടാതെ വേദന കുറയ്ക്കാനും ടിഷ്യു സുഖപ്പെടുത്തുന്നതിനുമുള്ള മരുന്നുകളും മനശാസ്ത്രപരമായ കൗൺസിലിംഗും ചികിത്സാ രീതിയിൽ ഉൾപ്പെടുന്നു. വേദന വിട്ടുമാറാതെ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്റ്റിറോയ്ഡ് കുത്തിവയ്പ്പ് നൽകുന്നത് കാര്യമായ വ്യത്യാസമുണ്ടാക്കാറുണ്ട്. അവസാനഘട്ടം മാത്രം ചില അവസരങ്ങളിൽ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.
Content Highlights: symptoms and treatment of repetitive strain injury