വാഴപ്പഴത്തോട് കടക്ക് പുറത്തെന്ന് മന്ത്രി; കാരണം ബനാന ഫോബിയ

പലതരം പേടികളെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. ഇരുട്ടും, വെളിച്ചവും, ചില നിറങ്ങളും വെള്ളവുമെല്ലാം കാണുമ്പോള്‍ പേടിക്കുന്ന ആളുകളുണ്ട്. എന്നാല്‍ വാഴപ്പഴം കാണുമ്പോള്‍ പേടിക്കുന്നവരുണ്ടോ? അതൊരു രോഗമാണോ? അങ്ങനെയൊരു വാര്‍ത്ത പുറത്തുവരുന്നുണ്ട് സ്വീഡനില്‍ നിന്ന്. വാഴപ്പഴത്തെ പേടിക്കുന്നത് കൊച്ചു കുട്ടിയാണെന്ന് കരുതിയാല്‍ തെറ്റി. സ്വീഡന്റെ ലിംഗസമത്വ മന്ത്രി പൗളീന ബ്രാന്‍ഡ് ബെര്‍ഗ് ആണ് ഈ വിചിത്രമായ പേടിയുള്ള ആള്‍.
താന്‍ സന്ദര്‍ശിക്കാനെത്തുന്ന സ്ഥലങ്ങളിലോ അല്ലെങ്കില്‍ തന്നെ സ്വീകരിക്കാനെത്തുമ്പോഴോ ഭക്ഷണമൊരുക്കുമ്പോഴോ വാഴപ്പഴം പൂര്‍ണമായും മാറ്റിനിര്‍ത്തണമെന്ന് മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ഇ-മെയില്‍ അയച്ചു. ഈ മെയില്‍ പുറത്തായതോടെ പൗളീന അന്താരാഷ്ട്ര മാധ്യമങ്ങളുടെയടക്കം തലക്കെട്ടുമായി. ഇതിന് കാരണമായിട്ടാണ് മന്ത്രിക്ക് ബനാന ഫോബിയ ഉണ്ടെന്ന് പറയുന്നത്.
ലോകത്തിലെ ഏറ്റവും വിചിത്രമായ ഫോബിയകളിൽ ഒന്നാണ് ഈ ബനാന ഫോബിയ എന്ന് പൗളീന 2020 ല്‍ ഇപ്പോഴത്തെ എക്‌സിന്റെ പൂര്‍വരൂപമായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് ബി.ബി.സി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ പോസ്റ്റ് ഇപ്പോള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. പൗളീനയുടെ ഫോബിയ വാര്‍ത്ത പുറത്തുവന്നതോടെ മറ്റൊരു സ്വീഡിഷ് രാഷ്ട്രീയ പ്രവര്‍ത്തകയായ തെരേസ കര്‍വാല്‍ഹോ തനിക്കും സമാനമായ അവസ്ഥയുണ്ടെന്നും ഇത് സംബന്ധിച്ച് പല തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും എക്‌സില്‍ കുറിച്ചു.
ബനാന ഹോബിയ ആണെന്ന് പറഞ്ഞ മന്ത്രിയുടെ എക്‌സ് എക്കൗണ്ടിന് താഴെ ട്രോളുകള്‍കൊണ്ട് നിറയുകാണിപ്പോള്‍. സ്വീഡിഷ് ടാബ്ലോയിഡ് ആയ എക്‌സ്പ്രഷന്‍ ആണ് പുറത്തായ ഇ.മെയില്‍ സന്ദേശം വാര്‍ത്തയാക്കിയത്. താന്‍ പങ്കെടുക്കുന്ന വേദിയിലോ സ്വീകരണ സ്ഥലത്തോ വാഴപ്പഴത്തെ മാറ്റി നിര്‍ത്തണമെന്നും അത് അലര്‍ജിയുണ്ടാക്കുമെന്നുമായിരുന്നു മന്ത്രി നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇത് സാധാരണ അലര്‍ജിയല്ലെന്നും മറിച്ച് ഒരു ഫോബിയ ആണെന്നും പൗളീന എക്‌സ്പ്രഷനോട് വിശദീകരിച്ചു.
വളരെ അപൂര്‍വമായ ഒന്നാണ് ബാനാന ഫോബിയ. വാഴപ്പഴം കഴിക്കുമ്പോഴോ ഇതുമായി മറ്റെന്തെങ്കിലും തരത്തില്‍ ബന്ധപ്പെടുമ്പോഴോ ഛര്‍ദി, ഉത്കണ്ഠ എന്നിവയൊക്കെ ഇത്തരക്കാര്‍ക്കുണ്ടാവുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ബനാന ഫോബിയ പലപ്പോഴും കുട്ടിക്കാലത്തുതന്നെയുണ്ടാവുന്നതാണെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇതിന് കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും വിദഗ്ധാഭിപ്രായം ചുണ്ടിക്കാട്ടി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Content Highlights: swedish ministers phobia sparks banana-free zones on official visits