ഉറക്കപ്രശ്നങ്ങൾ സ്‌ട്രോക്കിന് കാരണമായേക്കാം; സമ്മർ‌ദം കൂടുന്നത് അപകടസാധ്യത വർധിപ്പിക്കുമോ?

#ബിജു.സി.പി.
representative image|photo:canva
representative image|photo:canva

കഴിഞ്ഞ പത്തിരുപതു വർഷത്തിനിടെ ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ സ്ട്രോക്ക് അഥവാ പക്ഷാഘാതം ഇരട്ടിയോളമായിട്ടുണ്ട്. പ്രധാനമായും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് സ്‌ട്രോക്ക്, ഹൃദ്രോഗങ്ങൾ തുടങ്ങിയവ കൂടാൻ കാരണം.

അസുഖംമൂലം ശേഷിക്കുറവുണ്ടാക്കുന്ന കാര്യത്തിലും സ്‌ട്രോക്ക് ഇപ്പോൾ ഒരു പ്രധാന കാരണമാണ്. ലോക സ്‌ട്രോക്ക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ 2006 മുതൽ ഒക്ടോബർ 29 സ്‌ട്രോക്ക് ദിനമായി ആചരിക്കുന്നു. സ്‌ട്രോക്കിനെക്കാൾ വലുതായിരിക്കുക (ബി ഗ്രേറ്റർ ദാൻ സ്‌ട്രോക്ക്) എന്നതാണ് ഈ വർഷത്തെ പ്രമേയം. 90 ശതമാനം സ്‌ട്രോക്കുകളും പ്രതിരോധിക്കാനാവുന്നവയാണ്. അവ ഫലപ്രദമായി പ്രതിരോധിക്കാനാവുക എന്നതാണ് പ്രധാനം. സ്ട്രോക്കിനേക്കുറിച്ചും അതിലേക്കു നയിക്കുന്ന കാരണങ്ങളേക്കുറിച്ചും പങ്കുവെക്കുകയാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ കോംപ്രിഹെൻസീവ് സ്ട്രോക്ക് കെയർ സെന്റർ പ്രൊഫസറും വകുപ്പധ്യക്ഷയുമായ ഡോ. പി.എൻ. ശൈലജ.

എന്തുകൊണ്ടാണ് സ്‌ട്രോക്ക് കൂടുന്നത്?

ഭക്ഷണശീലങ്ങൾ, മെയ്യനങ്ങാതെയുള്ള ജീവിതം, അമിതവണ്ണം, രക്താതിമർദം (ബി.പി.), പ്രമേഹം, തുടങ്ങിയവയാണ് സ്‌ട്രോക്കിലേക്കു നയിക്കുന്ന അപകട കാരണങ്ങൾ.

സ്‌ട്രെസ് മൂലം സ്‌ട്രോക്ക് ഉണ്ടാകുമോ?

സാധാരണ അപകട ഘടകങ്ങൾക്കൊപ്പം മറ്റൊരു പ്രധാനകാരണമാണ് മാനസികസമ്മർദവും. അതുകൊണ്ടുമാത്രം സ്‌ട്രോക്ക് ഉണ്ടാകാറില്ല. എന്നാൽ മറ്റ് അപകട കാരണങ്ങൾക്കൊപ്പം സ്‌ട്രെസും ചേരുമ്പോൾ പ്രശ്‌നം ഗുരുതരമാകും.

കൂർക്കംവലിയും സ്‌ട്രോക്കുമായി ബന്ധമുണ്ടോ?

ശക്തമായ കൂർക്കംവലി പോലെയുള്ള ഉറക്കപ്രശ്നങ്ങൾ സ്‌ട്രോക്കിലേക്കു നയിക്കാമെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. ഉറക്കപ്രശ്നങ്ങളുള്ളവർ ചികിത്സ തേടുന്നത് പ്രധാനമാണ്.

എന്താണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ?

സ്‌ട്രോക്കിനു മുന്നോടിയായി എന്തെങ്കിലും ലക്ഷണങ്ങളുണ്ടാകാനുള്ള സാധ്യത പൊതുവേ കുറവാണ്. എങ്കിലും 20 ശതമാനത്തോളം പേരിൽ മിനിസ്ട്രോക്ക് ഉണ്ടാകാറുണ്ട്. സ്‌ട്രോക്കുപോലെ തന്നെയുള്ള കുഴച്ചിലും അസ്വസ്ഥതകളും ഉണ്ടാവുകയും 10-20 മിനിറ്റിനകം അവ തനിയെ ഭേദമാവുകയും ചെയ്യുന്നതാണ് മിനി സ്‌ട്രോക്ക് അഥവാ ട്രാൻസിയന്റ് ഇസ്‌കീമിക് അറ്റാക്ക് (ടി.ഐ.എ.). ഇതുണ്ടാകുന്നവർ യഥാസമയം ശരിയായ ചികിത്സ തേടിയാൽ സ്‌ട്രോക്ക് ഒഴിവാക്കാനായേക്കും.

ഇതിൽ സ്ത്രീപുരുഷ വ്യത്യാസങ്ങളുണ്ടോ?

പുരുഷന്മാരിലാണ് സ്‌ട്രോക്കുണ്ടാകാനുള്ള സാധ്യത കൂടുതൽ. പുകവലി, മദ്യപാനം തുടങ്ങിയ അപകടഘടകങ്ങൾ കൂടുതലുള്ളത് പുരുഷന്മാരിലാണ് എന്നതും ഒരു കാരണമാകാം. ആർത്തവ വിരാമമാകുന്നതോടെ സ്ത്രീകളിലും സ്‌ട്രോക്കിനുള്ള സാധ്യത കൂടും.

പാരമ്പര്യഘടകങ്ങൾ കാരണമാകാറുണ്ടോ?

പൊതുവേ ഇല്ല. എന്നാൽ, ചില രോഗങ്ങൾ, രക്തത്തിന് പാരമ്പര്യമായുണ്ടാകാറുള്ള ചില പ്രശ്‌നങ്ങൾ എന്നിവ സ്‌ട്രോക്കിലേക്കു നയിക്കാം. എങ്കിലും പാരമ്പര്യം സ്‌ട്രോക്കിന്റെ അപകടഘടകങ്ങളിൽ ഒന്നല്ല.

കോവിഡ് വന്നവരിലും വാക്‌സിൻ എടുത്തവരിലും സ്‌ട്രോക്ക്, ഹാർട്ടറ്റാക്ക് തുടങ്ങിയവ കൂടുന്നു എന്നൊരു പ്രതീതിയുണ്ടല്ലോ?

കോവിഡും വാക്‌സിനേഷനും മൂലം ചിലരിൽ രക്തം കട്ടിപിടിക്കാനുള്ള പ്രവണത കൂടുന്നതായി അക്കാലത്ത് കണ്ടെത്തിയിരുന്നു. എന്നാൽ, ഏതാനും വർഷംമുമ്പ് കോവിഡ് വന്നതും വാക്‌സിൻ എടുത്തതും ഇപ്പോൾ ഏതെങ്കിലും തരത്തിൽ പ്രശ്‌നമുണ്ടാക്കാനിടയില്ല.

Content Highlights: Stroke: Doubling in Developing Countries - Prevention & Risk Factors