പക്ഷാഘാതം; സൂചനകൾ അവഗണിക്കരുത്, പ്രതിരോധിക്കാം ജാഗ്രതയോടെ

പക്ഷാഘാതം അഥവാ സ്ട്രോക്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ അറിവ് 'കരുതലാണ് ചികിത്സയെക്കാൾ വലുത്' എന്നതാണ്. ആയുർവേദം പക്ഷാഘാതത്തെ 'പക്ഷവധം' എന്നാണ് വിളിക്കുന്നത്. അതായത് ശരീരത്തിലെ പ്രാണവായുവിന്റെ സഞ്ചാരത്തിൽ തടസ്സങ്ങൾ നേരിടുമ്പോഴുണ്ടാകുന്ന അവസ്ഥ. വാർധക്യത്തിൽ സ്വാഭാവികമായും വാതദോഷം വർധിക്കുന്നതുകൊണ്ടുതന്നെ ഈ പ്രായക്കാർക്ക് കൂടുതൽ ജാഗ്രത ആവശ്യമാണ്. ഒരിക്കൽ സംഭവിച്ച പക്ഷാഘാതത്തിന്റെ പ്രയാസങ്ങളിൽനിന്ന് മോചനം നേടാൻ ശരീരത്തോടൊപ്പം മനസ്സിനെയും പ്രാപ്തമാക്കുന്ന ചികിത്സകളാണ് ഏറ്റവും ഫലപ്രദം.
ചില നിയന്ത്രണങ്ങൾ വേണം
ഭക്ഷണത്തിൽ വരുത്തുന്ന ചെറിയ നിയന്ത്രണങ്ങൾ, ഉപ്പും കൊഴുപ്പും കുറച്ച് വെളുത്തുള്ളിയും കറിവേപ്പിലയും പോലുള്ള പ്രകൃതിദത്ത ഔഷധങ്ങൾ ഉൾപ്പെടുത്തുന്നത് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും. അതോടൊപ്പം ഫിസിയോതെറാപ്പിയിലൂടെ പേശികളെ ചലിപ്പിക്കാനും സ്പീച്ച് തെറാപ്പിയിലൂടെ സംസാരശേഷി വീണ്ടെടുക്കാനും ശ്രമിക്കണം. ഒറ്റപ്പെടലുകളിൽ നിന്നു മാറി സൗഹൃദങ്ങളും വായനയും നിലനിർത്തുന്നത് മസ്തിഷ്കത്തിന് പുതിയൊരു ഊർജം നൽകും.
രക്തസമ്മർദവും പ്രമേഹവും നിയന്ത്ര ണത്തിലാണെങ്കിൽ പക്ഷാഘാതത്തെ ഒരു പരിധിവരെ നമുക്ക് പടിക്ക് പുറത്തു നിർത്താം.
സൂചനകൾ അവഗണിക്കരുത്
ശരീരം നൽകുന്ന ചില ചെറിയ സൂചനകളെ നമ്മൾ ഒരിക്കലും അവഗണിക്കരുത്. പെട്ടെന്നുണ്ടാകുന്ന മുഖത്തിന്റെ കോട്ടം, കൈകാലുകളുടെ തളർച്ച, സംസാരിക്കാൻ ശ്രമിക്കുമ്പോൾ വാക്കുകൾ കുഴഞ്ഞുപോകുക എന്നിവയൊക്കെ മസ്തിഷ്കം നൽകുന്ന അപായ മുന്നറിയിപ്പുകളാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെത്തന്നെ വിദഗ്‌ധസഹായം തേടണം. ആദ്യത്തെ നാലു മണിക്കുർ എന്നത് ഓരോ കോശത്തെയും വീണ്ടെടുക്കാൻ സഹായിക്കുന്ന സുവർണ നിമിഷങ്ങളാണ്.
ജീവൻ രക്ഷിച്ചുകഴിഞ്ഞാൽ, പിന്നീട് രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി എന്നിവ അടക്കമുള്ള ആധുനിക വൈദ്യശാസ്ത്ര ചികിത്സകളും പുരാതന ആയുർവേദമുറകളും കൈകോർക്കുന്നതാണ് ഏറ്റവും ഉചിതം. സ്നേഹപാനം, ഞവരക്കിഴി, പിഴിച്ചിൽ തുടങ്ങിയ ചികിത്സകളിലൂടെ തളർന്ന പേശികളെ ഉണർത്താനും രക്തയോട്ടം സുഗമമാക്കാനും നമു ക്ക് സാധിക്കും.
ഇതിനൊപ്പം തന്നെ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന സൂചിപ്രയോഗങ്ങൾ പോലുള്ള പുരാതന ചികിത്സാരീതികളും ആയുർവേദത്തോടൊപ്പം ചേർക്കുന്നത് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്.
(കോഴിക്കോട് ടൈഗ്രിസ് വാലി ഹോസ്പിറ്റലിൽ മാനേജിങ് ഡയറക്ടർ ആൻഡ് സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ.)
Content Highlights: Stroke Prevention: Essential Tips to Protect Your Brain