‘ആദ്യം താരനാണെന്നാണ് കരുതിയത്, തലമുറിഞ്ഞ് ചോര വരുന്ന അവസ്ഥ വരെയായി’; തുറന്നുപറഞ്ഞ് സിമോൺ ബൈൽസ്

എക്സിമ എന്ന ചർമരോഗാവസ്ഥയെക്കുറിച്ചു തുറന്നുപറഞ്ഞ് അമേരിക്കൻ ജിംനാസ്റ്റ് സിമോൺ ബൈൽസ്. തലമുറിഞ്ഞ് ചോരവരുന്നതുവരെ ചൊറിയുന്ന രീതിയിൽ തീവ്രമായ അവസ്ഥയിലൂടെയാണ് താൻ കടന്നുപോയത്. താരനാണെന്നു താൻ കരുതിയിരുന്ന ചർമരോഗം പിന്നീടാണ്
എക്സിമയാണെന്ന് താൻ തിരിച്ചതെന്നും സിമോൺ പറയുന്നു.
പീപ്പിൾ മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് 2024 ലെ പാരീസ് ഒളിമ്പിക്സിൽ പരിശീലനം ചെയ്യവേ താൻ എക്സിമയോടുള്ള പോരാട്ടത്തിലായിരുന്നുവെന്ന് സിമോൺ പറഞ്ഞത്. തലയുടെ മുകൾഭാഗത്തും കൈകളിലും പാടുകൾ പ്രകടമായിരുന്നു. ആദ്യം സ്വയം പരിഹരിക്കാനുള്ള വഴികൾ പരീക്ഷിച്ചെങ്കിലും കുറയാതെവന്നതോടെയാണ് ചർമരോഗവിദഗ്ധനെ കണ്ടത്. തുടർന്നാണ് എക്സിമയുണ്ടെന്ന് സ്ഥിരീകരിച്ചത്.
വിട്ടുമാറാത്ത ചൊറിച്ചിൽ, തൊലി അടർന്നുവീഴൽ, പാടുകൾ തുടങ്ങിയവ ഉണ്ടെങ്കിൽ സാധാരണമായി കാണാതെ ചർമരോഗവിദഗ്ധനെ കാണണം. തന്റെ ലക്ഷണങ്ങൾ ആദ്യം താരന്റേതെന്ന് തെറ്റിദ്ധരിച്ചുവെന്നും അത്തരത്തിൽ ആർക്കും അബദ്ധം പറ്റരുതെന്നും സിമോൺ പറയുന്നുണ്ട്.
പരിശീലനത്തിനിടയിൽ ഈ പ്രശ്നം തന്നെ എത്രത്തോളം അലട്ടിയിരുന്നുവെന്നും സിമോൺ വ്യക്തമാക്കുന്നുണ്ട്. സമ്മർദം കൂടുമ്പോൾ ലക്ഷണങ്ങളും കൂടുമായിരുന്നു. ഫോട്ടോഷൂട്ടുകൾക്കിടെ തനിക്ക് ചൊറിയുന്നത് ആലോചിച്ച് കൂടുതൽ ആശങ്കയുണ്ടാകുമായിരുന്നു എന്നും സിമോൺ കൂട്ടിച്ചേർത്തു.
എന്താണ് എക്സിമ?
ചർമത്തിലുണ്ടാകുന്ന നീർക്കെട്ടാണ് എക്സിമ. ഇത് അക്യൂട്ട് എക്സിമ, സബ് അക്യൂട്ട് എക്സിമ, ക്രോണിക് എക്സിമ എന്നിങ്ങനെ മൂന്നുവിധത്തിലാണുള്ളത്. പെട്ടെന്നുണ്ടാകുന്ന വിധത്തിലുള്ളതാണ് അക്യൂട്ട് എക്സിമ. ചുവപ്പ്, കുമിളകൾ, പുകച്ചിൽ, നീരൊലിപ്പ് തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ചൊറിച്ചിലോടുകൂടിയ മൊരിച്ചിൽ, പൊറ്റ തുടങ്ങിയവയാണ് സബ് അക്യൂട്ട് എക്സിമയിലെ ലക്ഷണങ്ങൾ. ക്രോണിക് എക്സിമ അൽപംകൂടി തീവ്രമാണ്. ഇവിടെ ചൊറിച്ചിലിനൊപ്പം ചർമത്തിൽ കറുപ്പുനിറത്തിൽ കട്ടിയോടെ കാണപ്പെടും.
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എക്സിമ പകരില്ല. ഏതു പ്രായത്തിലുള്ളവരേയും എക്സിമ ബാധിക്കാം. കുട്ടിക്കാലത്താണ് പൊതുവേ ലക്ഷണങ്ങൾ പ്രകടമാവുക, ഇത് പ്രായപൂർത്തിയാകുംവരെ നീണ്ടുനിൽക്കുകയും ചെയ്യാം. ഡെർമറ്റൈറ്റിസ്, വിവിധ തരത്തിലുള്ള അലർജികൾ ഉള്ളവർ, ആസ്ത്മ രോഗികൾ തുടങ്ങിയവരിൽ എക്സിമ വരാനുള്ള സാധ്യത കൂടുതലാണ്.
ചർമത്തിൽ എവിടെയും എക്സിമയുടെ ലക്ഷണങ്ങൾ പ്രകടമാകാം. എങ്കിലും കൈകൾ, കഴുത്ത്, കൈകാൽ മുട്ടുകൾ, കാൽപാദം, കവിളുകൾ, ചെവിക്ക് ചുറ്റും, ചുണ്ടുകൾ, സ്തനം, ലൈംഗികാവയവങ്ങൾ എന്നിവയിൽ കൂടുതൽ പ്രകടമാകാം.
കാരണങ്ങൾ
ശരീരത്തിന്റെ പ്രതിരോധസംവിധാനം എക്സിമയിലേക്ക് നയിക്കുന്ന പ്രധാന ഘടകമാണ്. ചെറിയ അസ്വസ്ഥതകളോ, അലർജികളോ ഉണ്ടാകുമ്പോൾ പ്രതിരോധസംവിധാനം അവയെ മറികടക്കാൻ വീക്കമുണ്ടാക്കും, ഇതൊരു കാരണമാണ്. കൂടാതെ ഇത്തരത്തിലുള്ള ചർമരോഗങ്ങൾ കുടുംബത്തിലാർക്കെങ്കിലും ഉണ്ടെങ്കിലും വരാനുള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷത്തിനും എക്സിമയുണ്ടാകുന്നതിൽ വലിയ പങ്കുണ്ട്. പൊടി, പുക, ചിലയിനം സോപ്പുകൾ, തുണിത്തരങ്ങൾ, സ്കിൻ കെയർ ഉത്പന്നങ്ങൾ തുടങ്ങിയവയൊക്കെ കാരണമാകാം. അന്തരീക്ഷത്തിൽ ഈർപ്പം കുറയുന്നത് ചർമം വരണ്ട് ചൊറിയാനിടയാക്കും. ചൂടും ഹ്യുമിഡിറ്റിയും വിയർപ്പ് ഉണ്ടാക്കുകയും ഇത് ചൊറിച്ചിൽ കൂട്ടുകയും ചെയ്യും. കൂടാതെ മാനസികനിലയ്ക്കും പ്രധാന പങ്കുണ്ട്. സമ്മർദം, ഉത്കണ്ഠ, വിഷാദം എന്നിവയിലൂടെ കടന്നുപോകുന്നവരിൽ എക്സിമയുടെ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.
പരിഹാരം
അലർജി വരാനും ചൊറിച്ചിലുണ്ടാക്കാനും ഇടയാക്കുന്ന പദാർഥങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുക എന്നതാണ് പ്രധാനം. സോപ്പുകളുടെ അമിതോപയോഗം കുറയ്ക്കുകയും ശരീരം വരണ്ടതാകാതിരിക്കാൻ മോയ്സചറൈസർ ഉപയോഗിക്കുകയും ചെയ്യുക. ചർമരോഗവിദഗ്ധനെ കണ്ട് എക്സിമയുടെ തോതിനനുസരിച്ച ലേപനങ്ങളും മരുന്നുകളും സ്വീകരിക്കുകയും വേണം.
Content Highlights: Simone Biles discusses her battle with eczema, a skin condition causing intense itching, during training for the 2024 Paris Olympics.