കൊളസ്ട്രോൾ വരുമെന്നോർത്ത് മുട്ടയും മാംസവും ഒഴിവാക്കുകയാണോ? കാത്തിരിക്കുന്നത് സാർക്കോപീനിയ

‘ഇനീപ്പോ ഈ പ്രായത്തിലാ ഓട്ടവും ചാട്ടവുമൊക്കെ’ എന്നുപറഞ്ഞ് ആവശ്യത്തിന് വ്യായാമം ചെയ്യാതിരിക്കുന്നവരാണ് മുതിർന്നവരിൽ ഭൂരിഭാഗവും. കൊളസ്ട്രോൾ വരുമെന്നോർത്ത് മുട്ടയും മാംസവും ഒഴിവാക്കുകയും ചെയ്താൽ കാത്തിരിക്കുന്നത് പേശിശോഷണത്തിന് കാരണമാകുന്ന സാർക്കോപീനിയ എന്ന രോഗാവസ്ഥയാണ്.
എന്താണ് സാർക്കോപീനിയ
പേശികളുടെ അളവ്, ശക്തി, പ്രവർത്തനം എന്നിവ ക്രമേണ നഷ്ടപ്പെടുന്നതാണ് സാർക്കോപീനിയ. പ്രായം കൂടുമ്പോൾ ചെറിയ തോതിൽ ഇത് സ്വാഭാവികമായി കണ്ടുവരും. എന്നാൽ പ്രമേഹം, അമിതവണ്ണം, പ്രോട്ടീൻ കുറവുള്ള ഭക്ഷണരീതി, ശാരീരികപ്രവർത്തനങ്ങളുടെ അഭാവം എന്നിവമൂലം ഇത് വേഗത്തിലുണ്ടാകാം.
മുതിർന്നവരിലും പ്രമേഹരോഗികളിലുമാണ് രോഗം കൂടുതലായും കാണുന്നത്. 40 വയസ്സിനുശേഷമാണ് തുടക്കം. പക്ഷേ, പ്രശ്നങ്ങൾ അനുഭവപ്പെടുന്നത് പ്രായമാകുമ്പോഴായിരിക്കും. 60 വയസ്സാകുമ്പോഴേക്കും ശരീരത്തിലെ 20 ശതമാനംവരെ പേശി നഷ്ടമായിട്ടുണ്ടാകും. നഷ്ടപ്പെട്ട പേശിയുടെ സ്ഥാനത്ത് കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനാൽ പേശിശോഷണം അറിയുകയുമില്ല.
പടികയറുമ്പോൾ ബുട്ടിമുട്ടുണ്ടോ
പടികയറാൻ ബുദ്ധിമുട്ട്, വേഗംകുറഞ്ഞ നടത്തം, ക്ഷീണം അനുഭവപ്പെടൽ, ബലക്കുറവ് എന്നീ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ സമീപിക്കണം.
മറ്റൊരു പ്രധാനപ്രശ്നം ഭക്ഷണരീതിയാണ്. വിശപ്പില്ലായ്മ, ദന്തപ്രശ്നങ്ങൾ, ദഹനബുദ്ധിമുട്ടുകൾ, എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളോടുള്ള താത്പര്യം കാരണം പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നിവ സാർക്കോപീനിയയുടെ സാധ്യത കൂട്ടും.
എങ്ങനെ തടയാം
* പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കണം
* സജീവമായിരിക്കാൻ ശ്രദ്ധിക്കുക
* ഡോക്ടർമാരുടെ നിർദേശപ്രകാരം ശക്തി പരിശീലനം ആഴ്ചയിൽ കുറഞ്ഞത് രണ്ട് അല്ലെങ്കിൽ മൂന്ന് തവണയെങ്കിലും ചെയ്യണം
* എയറോബിക് വ്യായാമം (മുതിർന്ന പൗരർക്ക് സാധിക്കുന്ന വ്യായാമമുറകൾ ഡോക്ടറുടെ നിർദേശപ്രകാരം)
* പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കണം
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ടി.എസ്. വൈശാഖ്, ഡയബറ്റോളജിസ്റ്റ്, സെയ്ന്റ് ജോസഫ്സ് ഹോസ്പിറ്റൽ ട്രസ്റ്റ്, മഞ്ഞുമ്മൽ, കൊച്ചി
Content Highlights: Sarcopenia leads to gradual loss of muscle mass, strength, and function., Lack of exercise and protein deficiency accelerate muscle wasting after age 40., Symptoms include difficulty climbing stairs, fatigue, and slow walking