തിരിച്ചറിയാതെ പോകരുത് പ്രോസ്റ്റേറ്റ് അർബുദം; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മടിക്കരുത്

#ദീപാ ദാസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഏറെ വൈകി തിരിച്ചറിയുന്ന രോഗമാണ് പ്രോസ്റ്റേറ്റ് അർബുദം. വ്യാപിക്കുന്നവേളയിലാണ് പലപ്പോഴും കണ്ടെത്തുന്നത്. പുരുഷന്മാരിൽ മൂത്രസഞ്ചിക്ക് താഴെ മൂത്രനാളിക്കുഴലിനെ ആവരണംചെയ്യുന്ന 20 മുതൽ 30 ഗ്രാംവരെ ഭാരമുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. പുരുഷന്മാരിൽ കൂടുതൽ കണ്ടുവരുന്ന അർബുദബാധകളിലൊന്നാണിത്.

ലക്ഷണം

എടുത്തുപറയാവുന്ന ലക്ഷണങ്ങളില്ല. 50 വയസ്സിനുശേഷം പുരുഷന്മാരിലുണ്ടാകുന്ന മൂത്രതടസ്സം, മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന വേഗക്കുറവ്, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നൽ, അറിയാതെ മൂത്രം പോകുക, രാത്രി ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ എഴുന്നേൽക്കേണ്ടിവരുക തുടങ്ങിയ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കത്തിന്റെ ലക്ഷണങ്ങൾതന്നെ ഈ അർബുദബാധയ്ക്കുമുണ്ടാകാം. തീവ്രമാകുമ്പോൾ നടുവേദന, കാലുവേദന തുടങ്ങിയവയുമുണ്ടാകും.

രോഗനിർണയം

മൂന്ന് പ്രാഥമിക പരിശോധനകളാണുള്ളത്. അൾട്രാസൗണ്ട് സ്‌കാനിങ്ങിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം പരിശോധിക്കുന്നതാണ് ഒന്ന്. മലദ്വാരത്തിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി പരിശോധിക്കുന്നത് രണ്ട്. മറ്റൊന്ന് രക്തത്തിലെ പ്രോസ്റ്റേറ്റ് നിർദിഷ്ട ആന്റിജന്റെ അളവ് പരിശോധനയാണ്. പി.എസ്.എ. അളവ് കൂടുതലെന്ന് കണ്ടാൽ ബയോപ്സികൂടി നടത്തിയാണ് രോഗനിർണയം. രോഗതീവ്രത അറിയാൻ സി.ടി., എം.ആർ.ഐ., പെറ്റ് സ്കാൻ തുടങ്ങിയ പരിശോധനകൾ വേണം.

ചികിത്സ

അർബുദം എത്രവേഗത്തിൽ വളരുന്നു, വ്യാപിച്ചിട്ടുണ്ടോ, രോഗിയുടെ ആരോഗ്യം, ചികിത്സയിലൂടെയുള്ള നേട്ടങ്ങൾ തുടങ്ങിയഘടകങ്ങൾ നോക്കിയാണ് ചികിത്സ. തീവ്രത കുറഞ്ഞതും, ഉടനടി ചികിത്സ ആവശ്യമില്ലാത്തതുമാണെങ്കിൽ പരിശോധനയും മറ്റും നടത്തി നിരീക്ഷിക്കും. ചികിത്സ ആവശ്യമാണെങ്കിൽ ഹോർമോൺ കുത്തിവെപ്പുനൽകി ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം നിയന്ത്രിക്കും. ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കുന്ന വൃഷണങ്ങൾ നീക്കംചെയ്യുന്ന ശസ്ത്രക്രിയയാണ് മറ്റൊന്ന്. റോബോട്ടിക് സർജറിയും റേഡിയേഷൻ തെറാപ്പിയുമുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. രാജേഷ് കെ. കുമാർ, പ്രൊഫസർ, യൂറോളജി, ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ

കേണൽ അയ്യപ്പയുടെ പോരാട്ടം

‘‘2019 ജൂണിൽ റോബോട്ടിക് സർജറിക്ക് വിധേയനായശേഷം ഡോ. എസ്.കെ. രഘുനാഥിനടുത്ത് രണ്ടാമത്തെ സിറ്റിങ്. ഡോക്ടറോട് ഭാര്യ പ്രീത് ഒരുചോദ്യം ചോദിച്ചു. ആ ചോദ്യത്തിൽനിന്നാണ് ഞങ്ങളുടെ സന്നദ്ധസംഘടനയായ ഗ്ലോബൽ പ്രോസ്റ്റേറ്റ് കാൻസർ ഫൗണ്ടേഷന്റെ തുടക്കം’’ -കേണൽ അയ്യപ്പ പറഞ്ഞു. രോഗത്തോട് സ്വയം പൊരുതിയതോടൊപ്പം അവബോധം വളർത്താനായും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത് സമാനതയില്ലാത്ത പ്രവർത്തനങ്ങൾ. വിദഗ്ധ ഡോക്ടർമാരടക്കമുള്ള സംഘമാണ് ഇപ്പോൾ സംഘടനയെ നയിക്കുന്നത്.

‘മറ്റ് അർബുദങ്ങളെക്കുറിച്ച് ധാരാളം കേൾക്കുന്നുണ്ട്. പക്ഷേ, പ്രോസ്റ്റേറ്റ് അർബുദത്തെക്കുറിച്ച് പുരുഷന്മാർ അറിയണ്ടേ’ -പ്രീത് അന്ന് ചോദിച്ച ചോദ്യമിതായിരുന്നു. രഘുനാഥിനൊപ്പം അന്നാരംഭിച്ച ബോധവത്കരണ പ്രവർത്തനത്തിലൂടെ ഒരുലക്ഷത്തിലേറെ ആളുകളുമായി സംവദിച്ചു -തൃശ്ശൂർ എൻജിനിയറിങ് കോളേജിലെ ആദ്യകാലവിദ്യാർഥിയും ദേശീയ ഹോക്കി ടീമംഗവുമായിരുന്ന കേണൽ അയ്യപ്പ എന്ന മുൻ സൈനികോദ്യോഗസ്ഥന്റെ വാക്കുകളിൽ അഭിമാനം നിറഞ്ഞു. കുടകിൽ ജനിച്ച് തൃശ്ശൂരിൽ പഠിച്ച് ഇന്ത്യൻ സൈന്യത്തിന്റെ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിൽ സേവനമനുഷ്ഠിച്ച കേണൽ അയ്യപ്പ ഇപ്പോൾ ബെംഗളൂരുവിലാണ് താമസം. 2019-ൽ 77-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് അർബുദം സ്ഥിരീകരിച്ചത്.

Content Highlights: whats the symptoms of prostate cancer, how to diagnose, treatment