രക്തസ്രാവവും വേദനയും ഉണ്ടെന്നുകരുതി പൈൽസ് ആകണമെന്നില്ല, തെറ്റായ ചികിത്സ രോഗം വഷളാക്കും

#ഡോ. ഷൈസ എം എം
Representative Image| Photo: Canva.com
Representative Image| Photo: Canva.com

“പൈൽസ്” എന്ന് കേൾക്കുമ്പോൾ, പലർക്കും മനസ്സിൽ വരുന്നത് മലാശയത്തിൽ രക്തസ്രാവം, വേദന, വീക്കം ഇതൊക്കെയാണ്. എന്നാൽ യഥാർത്ഥത്തിൽ, ഇതേ ലക്ഷണങ്ങൾ കാണിക്കുന്ന വ്യത്യസ്തമായ രോഗങ്ങൾ ഉണ്ട്. ഫിഷർ, ഫിസ്റ്റുല, ആബ്സസ്, സൈനസ് എന്നിവയെല്ലാം പലപ്പോഴും “പൈൽസ്” എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. പക്ഷേ, യഥാർത്ഥത്തിൽ ഇവ വ്യത്യസ്തമായ രോഗങ്ങൾ ആണ്; ലക്ഷണങ്ങളും ചികിത്സയും വേറിട്ടതാണ്.

മൂത്രാശയത്തിനും മലാശയത്തിനും ചുറ്റുമുള്ള നിരവധി രോഗങ്ങൾ (ഫിസ്റ്റുല, ഫിഷർ, ഹീമറോയ്ഡ്സ്, ആബ്സസ്, സൈനസ് മുതലായവ) ഒരേപോലെ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ രോഗികൾക്കും ചിലപ്പോൾ ഡോക്ടർമാർക്കും പോലും തെറ്റിദ്ധാരണ ഉണ്ടാകാറുണ്ട്. ശരിയായ രോഗനിർണയം മാത്രമാണ് സുരക്ഷിതവും ഫലപ്രദവുമായ ശസ്ത്രക്രിയക്ക് വഴിയൊരുക്കുന്നത്.

രോഗികൾ പലപ്പോഴും മലാശയത്തിനും അതിനു ചുറ്റുമുള്ള രോഗങ്ങൾ “പൈൽസ്” ആണെന്നാണ് കരുതുന്നത്.( Indian Journal of Surgery -2024) എന്നാൽ, ക്ലിനിക്കൽ തലത്തിൽ അവ തമ്മിൽ വ്യക്തമായ വ്യത്യാസങ്ങളുള്ള രോഗങ്ങളാണ്.

രോഗങ്ങളുടെ വ്യത്യാസങ്ങൾ

  • ഹീമറോയ്ഡ്സ്: മലാശയത്തിലെ രക്തക്കുഴലുകൾ വീർപ്പിച്ച് വേദനയില്ലാതെ രക്തസ്രാവം ഉണ്ടാക്കുന്നു.
  • അനൽ ഫിഷർ: മലാശയത്തിന്റെ ചർമ്മത്തിൽ പൊട്ടൽ; കടുത്ത വേദനയും രക്തസ്രാവവും.
  • ഫിസ്റ്റുല: മലാശയത്തിനും പുറംചർമ്മത്തിനും ഇടയിൽ അസാധാരണമായ വഴികൾ; പഴുപ്പ്, ദുർഗന്ധം.
  • പെരിആനൽ ആബ്സസ്: മലാശയത്തിനടുത്ത് പഴുപ്പ് നിറഞ്ഞ വീക്കം.
  • പിലോണിഡൽ സൈനസ്: നട്ടെല്ലിന്റെ അടിഭാഗത്ത് രോമം കുടുങ്ങി ഉണ്ടാകുന്ന ഗുരുതരമായ സൈനസ്.

രോഗനിർണയത്തിലെ തെറ്റിദ്ധാരണ

  • പല രോഗികൾക്കും രക്തസ്രാവം ഉണ്ടെങ്കിൽ അത് “പൈൽസ്” ആണെന്ന് തോന്നും. എന്നാൽ, fissure-ലും fistula-യിലും രക്തസ്രാവം ഉണ്ടാകാം.
  • വേദന കൂടുതലുള്ളത് സാധാരണ ഫിഷറിലാണ്; പൈൽസിൽ വേദന കുറവായിരിക്കും.
  • പഴുപ്പ് , ദുർഗന്ധം ഉണ്ടെങ്കിൽ അത് ഫിസ്റ്റുല അല്ലെങ്കിൽ ആബ്സസ് ആയിരിക്കാം. അതുകൊണ്ട് ഡിജിറ്റൽ റെക്ടൽ എക്സാമിനേഷൻ, അനോസ്കോപ്പി, ചിലപ്പോൾ എം ആർ ഐ പോലുള്ള പരിശോധനകൾ നിർണായകമാണ്.

ശസ്ത്രക്രിയകളും ചികിത്സകളും

  • ഹീമറോയ്ഡ്സ്: സ്റ്റേപിൾ സർജറി (staple surgery), ലേസർ തെറാപ്പി(laser therapy).
  • ഫിഷർ: ലാറ്ററൽ സ്ഫിങ്ടെറോട്ടമി (Lateral sphincterotomy),
  • ഫിസ്റ്റുല: ഫിസ്റ്റുലോടമി (Fistulotomy), ഫിസ്റ്റുലക്ടമി (Fistulectomy).സെറ്റൺ പ്ലേസ്മെൻറ് (seton placement), അഡ്വാൻസ് മെന്റ് ഫ്ലാപ്പ് (advancement flap).
  • ആബ്സസ്: ഇൻസിഷൻ ആൻഡ് ഡ്രൈനേജ് (Incision & drainage)
  • സൈനസ്: എസ്‌ക്സിഷൻ സർജറി, ലേസർ അബ്ലേഷൻ (Excision surgery, laser ablation), ഫ്ലാപ് സർജറി.

രോഗികൾ അറിഞ്ഞിരിക്കേണ്ടത്

  • എല്ലാ രക്തസ്രാവവും പൈൽസ് അല്ല.
  • തെറ്റായ ചികിത്സ രോഗം വഷളാക്കും.
  • മിനിമലി ഇൻവേസീവ് ആയത് ഉൾപ്പെടെ ശസ്ത്രക്രിയകൾ ഇന്ന് സുരക്ഷിതവും കൂടുതൽ ഫലപ്രദവുമാണ്.
  • ജീവിതശൈലി മാറ്റങ്ങൾ നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണക്രമം, ആവശ്യത്തിന് വെള്ളം കുടിക്കുക, വ്യായാമം പതിവാക്കുക തുടങ്ങിയവ രോഗം തടയാൻ സഹായിക്കും.
  • പൈൽസ് എന്ന് കരുതുന്ന പല രോഗങ്ങളും യഥാർത്ഥത്തിൽ വ്യത്യസ്തമായ perianal pathologies ആണ്. ശരിയായ പരിശോധനയും വിദഗ്ധരുടെ ശസ്ത്രക്രിയയും മാത്രമാണ് രോഗികൾക്ക് ദീർഘകാല ആശ്വാസവും ആരോഗ്യകരമായ ജീവിതവും നൽകുന്നത്.

തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ ജനറൽ & ലാപ്രോസ്കോപ്പിക് സർജനാണ് ലേഖിക.

Content Highlights: Not all rectal bleeding and pain indicate piles; conditions like fissure, fistula, and abscess share similar symptoms., Accurate clinical diagnosis is crucial for safe and effective treatment