'എന്നാലും ഓർത്തില്ലല്ലോ, മറന്നില്ലേ' എന്ന കുറ്റപ്പെടുത്തൽ; ബന്ധങ്ങളിൽ പേഴ്സണൽ സ്പെയ്സ് ഇല്ലെങ്കിൽ എന്ത് സംഭവിക്കും?

#ഡോ. വര്‍ഷാ വിദ്യാധരന്‍
Representative Image| Photo: Canva.com
Representative Image| Photo: Canva.com

സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്താൻ അല്പസമയം മാറ്റിവയ്ക്കണമെന്ന് നമുക്ക് തോന്നാറില്ലേ? ചെറുതാണെങ്കിലും ഒരു 'മീ ടൈം' (Me Time) വേണമെന്ന്. തീർച്ചയായും വേണം. രണ്ട് ആളുകൾ തമ്മിലുള്ള ബന്ധത്തിൽ അകലം കുറയുന്നത് നല്ലതാണ്. പക്ഷേ, ഒരു 'മീ ടൈം' ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുകയേയുള്ളൂ. ഇവിടെയാണ് വ്യക്തിഗതമായ ഒരു ഇടത്തിന്റെ (Personal Space) പ്രാധാന്യം. നല്ല ബന്ധം നിലനിൽക്കുന്നതിന് ആവശ്യമായ പ്രധാന ഘടകമാണ് പേഴ്‌സണൽ സ്പെയ്സ്. ഒരു ബന്ധത്തിൽ രണ്ടുപേർക്കും അവരവരുടെ വ്യക്തിത്വവും ഇഷ്ടങ്ങളും നിലനിർത്താനുള്ള സ്വാതന്ത്ര്യത്തെയാണ് പേഴ്‌സണൽ സ്പെയ്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനുള്ള സമയം ഓരോരുത്തരും കണ്ടെത്തുകതന്നെവേണം. അത് അംഗീകരിക്കാൻ പങ്കാളികൾ പരസ്പരം തയ്യാറാവുകയും വേണം. 

ആഴത്തിലുള്ള പരസ്പരബന്ധമെന്ന് പറയുമ്പോൾ അതിൽ സഹഭാവം പങ്കുവയ്ക്കാനുള്ള മനസ്സ്, പരസ്പരമുള്ള സ്വീകാര്യത എന്നിവയ്‌ക്കൊക്കെ പ്രാധാന്യമുണ്ട്. പക്ഷേ, ബന്ധങ്ങളിലേക്ക് നമുക്ക് കൂടുതൽ ശക്തിയോടെ ഇടപെടണമെങ്കിൽ അവിടെ സ്വതന്ത്രമായ വ്യക്തിത്വം, സ്വയം മനസ്സിലാക്കാനുള്ള കഴിവ്, സ്വയംവളർച്ച എന്നിവ വേണം. മറിച്ചാണെങ്കിൽ ഞാൻ എന്ത് ചെയ്യണം, എല്ലായ്പ്പോഴും തമ്മിൽ ഒന്നിച്ചാവണം, ഒരേപോലെ ചിന്തിക്കണം-പെരുമാറണം, ചേർന്നിരിക്കണം തുടങ്ങിയ ഭാവങ്ങൾ വരാം. ഇത് പലപ്പോഴും പങ്കാളിയെ അമിതമായി ആശ്രയിക്കേണ്ടിവരുന്ന 'കോ ഡിപ്പെൻഡിങ്' (Co Depending) എന്ന ആരോഗ്യം കുറഞ്ഞ മാനസികരീതിക്ക് ഇടയാക്കിയേക്കാം.

വ്യക്തിത്വം സംരക്ഷിക്കും ബന്ധം ശക്തമാക്കും

പരസ്പരമുള്ള അടുപ്പം കുറയുമെന്ന് ഭയന്നാണ് പലരും പേഴ്സണൽ സ്പെയ്സിനെക്കുറിച്ച് ചിന്തിക്കാത്തതും അതിന് ശ്രമിക്കാത്തതും. ഇത്തരം ഒരു സ്പെയ്സ് യഥാർഥത്തിൽ ബന്ധത്തിന്റെ ഘടകങ്ങളെ ശക്തിപ്പെടുത്തി രണ്ടുപേരുടെയും വ്യക്തിത്വങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുക.

പേഴ്സണൽ സ്പെയ്സ് മൂന്നുതരത്തിലാണ് കാണുന്നത്. ശാരീരികം (proximity), വൈകാരികം (autonomy), കൊഗ്നിറ്റീവ് (Privacy of Thought) എന്നിങ്ങനെ. പേഴ്സണൽ സ്പെയ്സ് നിലനിർത്താൻ സാധിക്കുന്ന വ്യക്തികൾക്ക് സ്ട്രെസ് കുറവായിരിക്കും. മാത്രമല്ല, അവർക്ക് ആത്മാഭിമാനവും (Self Esteem) ഉള്ളതായി കാണാൻസാധിക്കും. ബന്ധങ്ങൾ നിലനിർത്താനുള്ള മിടുക്ക് കൂടുതലുള്ള ഇവർക്ക് അതിൽ സംതൃപ്തിയും ഉണ്ടായിരിക്കും.

സ്വതന്ത്രമായ സമയം സ്വയമുണ്ടാകുമ്പോൾ നിങ്ങൾക്ക് നിങ്ങൾ എന്ന വ്യക്തിയെ തിരിച്ചറിയാൻകഴിയുന്നു. സ്വയം ചിന്തിക്കാനും സ്വയം വിശ്രമിക്കാനും ആസ്വാദനങ്ങളും ഹോബികളും നിലനിർത്താനും പേഴ്സണൽ സ്പെയ്സ് സഹായിക്കുന്നു. നിങ്ങളെന്ന വ്യക്തിയുടെ സ്വപ്നങ്ങളെ തിരിച്ചറിയാനും വളർത്താനും ഇതിലൂടെ സാധിക്കും. ഇത് ബന്ധങ്ങളെ കൂടുതൽ മനസ്സിലാക്കാനും സ്വയം തിരിച്ചറിയുന്നപക്ഷം പങ്കാളിയെ അയാളുടെ ഭാഗത്തുനിന്നുകൊണ്ട് മനസ്സിലാക്കാനും സഹായിക്കുന്നു.

പേഴ്സണൽ സ്പെയ്സ് ഇല്ലെങ്കിൽ എന്ത് സംഭവിക്കും?

1. ബന്ധത്തിൽ പേഴ്സണൽ സ്പെയ്സ് ഇല്ലെങ്കിൽ 'നിങ്ങൾ ഇല്ലെങ്കിൽ ഞാൻ എന്തുചെയ്യും' എന്ന ഭയം ജനിക്കുന്നു.

2. 'എന്നാലും ഓർത്തില്ലല്ലോ, മറന്നില്ലേ' എന്നിങ്ങനെ തുടർച്ചയായ കുറ്റപ്പെടുത്തലുകൾ വരുന്നു.

3. അവഗണിക്കപ്പെട്ടതായി അനുഭവപ്പെടുന്നു. ഒറ്റപ്പെട്ടതായി തോന്നുന്നു. മറ്റെയാളിൽനിന്നുള്ള പ്രതീക്ഷകൾ അമിതമായി അതൊരു ഭാരമായി മാറുന്നു.

4. ഇത്തരം അനുഭവങ്ങൾകാരണം പങ്കാളിയെ മനഃപൂർവം നിശ്ശബ്ദമായി അവഗണിക്കാനുള്ള ശ്രമങ്ങൾ, ദേഷ്യവും

മറ്റും നേരിട്ട് പറയാതെ, പരോക്ഷമായി പ്രകടിപ്പിക്കുക (Passive aggression) തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു.

പേഴ്സണൽ സ്പെയ്സ് ഉണ്ടാവുമ്പോൾ

പേഴ്‌സണൽ സ്പെയ്സ് എന്നത് ശാരീരികമായിമാത്രമല്ല, ആസ്വാദനപരമായി, മാനസികമായി, ആവശ്യങ്ങളിൽ, ആസ്വാദനങ്ങളിലൊക്കെയുള്ള ഒരു സ്വതന്ത്രമായ അകലമാണ്.

ഞാൻ ഇപ്പോൾ എന്തുചെയ്യണം?

ഹോബികൾക്കായുള്ള സമയം, എന്റെ കാര്യങ്ങളിലും ദിനചര്യകളിലുമുള്ള തീരുമാനങ്ങൾ തുടങ്ങിയവയിൽ ഓരോ വ്യക്തിക്കും അഭിപ്രായമുണ്ടാകുന്നത് പേഴ്സണൽ സ്പെയ്സിന്റെ ഭാഗമാണ്. ഈ സ്പെയ്സ്, ബന്ധങ്ങളിലെ ആത്മാർഥത, ഗൗരവം എന്നിവ കുറയ്ക്കുമെന്ന ആശങ്ക വേണ്ടാ. കൃത്യമായ വ്യക്തിപരമായ അതിർവരമ്പുകൾ (Personal Boundaries) ബന്ധങ്ങൾക്ക് ശക്തികൂട്ടുകയാണ് ചെയ്യുക. പേഴ്സണൽ സ്പെയ്സ് കണ്ടെത്തുന്നത് ബന്ധങ്ങൾ കൂടുതൽ സന്തോഷകരമായി നിലനിർത്താനും സഹായിക്കും

പേഴ്സണൽ സ്പെയ്സ് എങ്ങനെ സ്വന്തമാക്കാം?

പങ്കാളിയുമായി തുറന്നതും സത്യസന്ധമായതുമായ ചർച്ചകൾ പേഴ്സണൽ സ്പെയ്സ് ഉണ്ടാക്കിയെടുക്കുന്നതിന് സഹായിക്കുന്നു. എനിക്ക് അത് തോന്നി, അങ്ങനെ അനുഭവപ്പെട്ടു, ഇതാണ് എന്റെ ആഗ്രഹങ്ങൾ, താത്പര്യങ്ങൾ എന്നിവ തുറന്നുപറയുമ്പോൾ ബന്ധങ്ങൾക്ക് ആഴവും മനസ്സിലാക്കപ്പെടുന്നുവെന്ന ധൈര്യവും തോന്നുന്നു. പങ്കാളി പേഴ്‌സണൽ സ്പെയ്സ് എടുക്കുമ്പോൾ നിങ്ങൾക്ക് വൈകാരികമായി സുരക്ഷിതത്വം തോന്നുന്നില്ലെങ്കിൽ അത് തുറന്നുപറയാം.

എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടാകണം, ഒരുമിച്ച് ചർച്ചചെയ്യണമെന്ന നിർബന്ധം വേണ്ടാ.

ബന്ധങ്ങളിലും ചെറിയ ഇടവേള (Breathing intervals) വേണം. സ്വയം റീച്ചാർജ്‌ചെയ്യാൻ ഇത് നല്ലതാണ്.

ഡിജിറ്റൽ മീഡിയ, സോഷ്യൽ മീഡിയ ഇവ ഉപയോഗിക്കുന്നതിലും സ്വയം ഒരു നിയന്ത്രണം കരുതാം.

നാം നമ്മളോടുതന്നെ ചില കരാറുകൾ നടത്താം. 'ഒരുമണിക്കൂറിൽ ഞാൻ തിരിച്ചുവരും' എന്നിങ്ങനെ.

സ്‌ക്രീൻസമയം, ഓൺലൈനായിരിക്കുന്നത്, മീഡിയയിൽ സമയം ചെലവഴിക്കുന്നത് ഇവയ്‌ക്കൊക്കെ വ്യക്തിഗതമായി സ്വയംപരിധി നിശ്ചയിക്കാം.

മറ്റേ വ്യക്തി പേഴ്‌സണൽ സ്പെയ്സ് വേണമെന്ന് പറയുമ്പോൾ അത് തന്നിഷ്ടമായി കാണാതെയിരിക്കുകയുംവേണം.

ഇപ്പോൾ വിളിക്കണം, എപ്പോഴും ലഭ്യമാകണം, പറഞ്ഞതുപോലെ എല്ലാം നടക്കണം, ഇല്ലെങ്കിൽ അടുപ്പം കുറഞ്ഞുപോയോ, ഉടൻ കാണണം, എന്നിങ്ങനെയുള്ള ആകുലതകളെ കൈകാര്യംചെയ്യാൻ പഠിക്കുകയും വേണം.

പേഴ്സണൽ സ്പെയ്സ് മെച്ചപ്പെടുത്താൻ അഞ്ച് ടിപ്സ്

1) ആശയവിനിമയത്തിനുള്ള നിങ്ങളുടെ അതിർവരമ്പുകൾ ആദ്യമേതന്നെ കൃത്യമായി മറ്റുള്ളവരെ അറിയിക്കുക.

2) സ്വതന്ത്രമായി താത്പര്യങ്ങൾ രൂപപ്പെടുത്തുക.

3) എല്ലാ ദിവസവും നമുക്ക് സ്വന്തമായി അല്പം സമയം കണ്ടെത്തുക.

4) നിങ്ങളെത്തന്നെ എക്സ്പ്രസ്‌ചെയ്യാനായി സോഷ്യൽ സ്പെയ്സിൽ എൻഗേജ് ചെയ്യുക.

5) മറ്റുള്ളവരുടെ പേഴ്സണൽ സ്പെയ്സിനെ ബഹുമാനിക്കുക.

സ്വയം ചോദിക്കാം, സ്വയം വിലയിരുത്താം

താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ ശാന്തമായി ചിന്തിച്ച് ഉത്തരം കണ്ടെത്തുക. ഉണ്ട്/ ഇല്ല/ ഭാഗികമായി- എന്ന രീതിയിലായിരിക്കണം മറുപടി വേണ്ടത്.

1) ഞാൻ ഓരോ ദിവസവും വ്യക്തിപരമായ സമയം കുറച്ചെങ്കിലും കണ്ടെത്താറുണ്ടോ?

2) എന്റെ പങ്കാളിക്ക് അത്തരം സമയത്തിനുള്ള

സ്വാതന്ത്ര്യം നൽകാറുണ്ടോ?

3) ഞാനെന്നും നിന്റെതായിരിക്കുമെന്ന് പറയുന്നതിനോടൊപ്പം നീ നീയായിരിക്കുമെന്ന് ഓർമ്മിപ്പിക്കാറുണ്ടോ?

4) ഞാനാഗ്രഹിച്ചപോലെ എല്ലായ്പ്പോഴും കാര്യങ്ങൾ നടക്കാൻ കൂടെയുള്ളയാളെ നിർബന്ധിക്കാറുണ്ടോ?

5) എല്ലാ സമയവും കൂടെ വേണം/ ഒരുമിച്ച് കാര്യങ്ങൾ നടക്കണം, തീരുമാനങ്ങൾ ഒരുമിച്ച് വേണമെന്ന നിർബന്ധം തോന്നാറുണ്ടോ?

6) കൂടെയുള്ള ആൾക്ക് സമയം വേണമെന്ന് പറയുമ്പോൾ ധാർമ്മിക രോഷം/ നിരാശ തുടർച്ചയായി തോന്നാറുണ്ടോ?

7) കൂടെയുള്ള ആളോടുള്ള എന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത എനിക്കും ആ വ്യക്തിക്കും സ്ഥിരമായി തോന്നാറുണ്ടോ?

നാലിലധികം ചോദ്യങ്ങളിൽ നിങ്ങളുടെ ഉത്തരം നിങ്ങൾക്ക് സ്വയം തൃപ്തികരമായി തോന്നിയില്ല എങ്കിൽ നാം ചിന്തിച്ച് മാറ്റങ്ങളിലേക്ക് നീങ്ങേണ്ടതുണ്ട് എന്ന് തിരിച്ചറിയണം.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക.

Content Highlights: Explore the significance of personal space in relationships and how 'me time' can strengthen bonds while preserving individual identities.