ഗുരുതരമായതിന് ശേഷം മാത്രം ലക്ഷണങ്ങൾ പ്രകടമാകുന്നത് പാർക്കിൻസൺസിന്റെ വലിയ വെല്ലുവിളി !

#ഡോ. ശ്രീജിത്ത് പീടിയേക്കൽ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

സാധാരണയായി അൻപതിനും അറുപതിനും മുകളിൽ പ്രായമുള്ളവർക്ക് വർധക്യ കാലത്ത് ബാധിക്കുന്ന ഒരു അസുഖമായിട്ടാണ് പാർക്കിൻസൺസ് രോഗത്തെ കരുതിയിരുന്നത്. എന്നാൽ, നാൽപ്പതുകളിൽ എത്തിയവരിലും ഈ രോഗബാധ വർധിച്ചു വരുന്നതായി അടുത്തകാലത്തെ ക്ലിനിക്കൽ നിരീക്ഷണങ്ങളും ഗവേഷണങ്ങളും സൂചിപ്പിക്കുന്നു. കോശങ്ങളുടെ നാശത്തെ വാർധക്യത്തിന്റെ ഭാഗമായി മാത്രം (neurodegeneration) കാണാതെ, ജനിതക ഘടകങ്ങളും പരിസ്ഥിതിയുടെ ഇടപെടലുകളും ഇതിൽ എപ്രകാരം പങ്കുവഹിക്കുന്നു എന്നത് സംബന്ധിച്ച പുതിയ ക്ലിനിക്കൽ നിരീക്ഷണങ്ങൾ രോഗത്തോടുള്ള സമീപനത്തെ തന്നെ മാറ്റിമറിക്കുകയാണ്. ഇതിലൂടെ രോഗം നേരത്തെ കണ്ടെത്തേണ്ടതിന്റെയും കൃത്യമായ ചികിത്സാ പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെയും പ്രാധാന്യം വർധിക്കുന്നു.

പാർക്കിൻസൺസ് രോഗത്തെക്കുറിച്ച് മനസ്സിലാക്കാം

മസ്തിഷ്കത്തിലെ സബ്‌സ്റ്റാൻഷ്യ നൈഗ്ര (Substantia Nigra) എന്ന ഭാഗത്തെ നാഡീകോശങ്ങൾ ക്രമേണ നശിക്കാൻ തുടങ്ങുമ്പോഴാണ് പാർക്കിൻസൺസ് രോഗം പ്രകടമാകുന്നത്. സുഗമവും ഏകോപിതവുമായ ശാരീരിക ചലനങ്ങൾക്ക് അത്യാവശ്യമായ ഡോപ്പമിൻ (Dopamine) എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നത് ഈ കോശങ്ങളാണ്. ഡോപ്പമിന്റെ അളവ് കുറയുന്നത് വിറയൽ, പേശികൾ വലിയുക, സന്തുലിതാവസ്ഥ നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. ഇതോടൊപ്പം, ആൽഫ-സിന്യൂക്ലിൻ (alpha-synuclein) എന്ന പ്രോട്ടീൻ അസാധാരണമായി അടിഞ്ഞുകൂടുകയും തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

രോഗത്തിന്റെ അടിസ്ഥാന വശങ്ങൾ

പാർക്കിൻസൺസ് രോഗം ഒരു പ്രത്യേക കാരണത്താൽ മാത്രം ഉണ്ടാകുന്നതല്ല എന്നാണ് ആധുനിക ഗവേഷണങ്ങൾ പറയുന്നത്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന പ്രക്രിയകൾ:

ന്യൂറോ ഇൻഫ്ലമേഷൻ (Neuroinflammation): തലച്ചോറിലെ പ്രതിരോധ സംവിധാനം അമിതമായി പ്രവർത്തിക്കുകയും ആരോഗ്യകരമായ ന്യൂറോണുകളെ നശിപ്പിക്കുകയും ചെയ്യുന്നു.

മൈറ്റോകോണ്ട്രിയൽ തകരാറുകൾ: കോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ശേഷി കുറയുന്നത് അവയെ ദുർബലമാക്കുന്നു.

ഓക്സിഡേറ്റീവ് സ്ട്രെസ്സ് (Oxidative Stress): ഹാനികരമായ ഫ്രീ റാഡിക്കലുകൾ കോശങ്ങളെ നശിപ്പിക്കുന്ന പ്രക്രിയയും പ്രധാന ഘടകമാണ്.

ഗട്ട്-ബ്രെയിൻ കണക്ഷൻ (Gut-Brain Connection): ദഹനവ്യവസ്ഥയിലെയും കുടലിലെയും ബാക്ടീരിയകളിലുണ്ടാകുന്ന മാറ്റങ്ങൾ അസാധാരണമായ പ്രോട്ടീൻ പ്രവർത്തനത്തിന് കാരണമാവുകയും, ഇത് നാഡികൾ വഴി തലച്ചോറിലെത്തുകയും ചെയ്യാം. അതായത്, ഈ രോഗം ചിലരിൽ തലച്ചോറിന് പുറത്താണ് തുടങ്ങുന്നത് എന്ന് കരുതപ്പെടുന്നു.

പരിസ്ഥിതി ഘടകങ്ങൾ: കീടനാശിനികൾ, ഹെവി മെറ്റലുകൾ, വായുമലിനീകരണം എന്നിവയുമായുള്ള ദീർഘകാല സമ്പർക്കം രോഗസാധ്യത വർദ്ധിപ്പിക്കുന്നു. മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, വിട്ടുമാറാത്ത സമ്മർദ്ദം, ഉറക്കമില്ലായ്മ എന്നിവയും രോഗാവസ്ഥയെ ബാധിക്കുന്നു. ചില വൈറൽ ഇൻഫെക്ഷനുകളും പ്രതിരോധ സംവിധാനത്തിലെ മാറ്റങ്ങളും സാധ്യതാ കാരണങ്ങളായി പഠനവിധേയമാണ്.

ജനിതക ഘടകങ്ങളും രോഗത്തിന്റെ വൈവിധ്യവും

യുവാക്കളിൽ ഈ രോഗം കണ്ടുവരുന്നതിൽ ജനിതക ഘടകങ്ങൾക്ക് വലിയ പങ്കുണ്ട്. LRRK2, SNCA, PINK1, PARK7, PRKN എന്നീ ജീനുകളിലെ മാറ്റങ്ങൾ പാർക്കിൻസൺസുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്റ്റം സെൽ ഗവേഷണവും മൾട്ടി-ഓമിക്സ് (multi-omics) രീതികളും ഉപയോഗിച്ച് രോഗത്തിന്റെ വിവിധ ഉപവിഭാഗങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ ഓരോ രോഗിക്കും അനുയോജ്യമായ ചികിത്സ നൽകുന്ന പേഴ്സണലൈസ്ഡ് മെഡിസിൻ എന്ന സമീപനം കൂടുതൽ പ്രാധാന്യം നേടുന്നു.

നേരത്തെയുള്ള രോഗനിർണ്ണയവും ബയോ മാർക്കറുകളും

രോഗം ഗുരുതരമായതിന് ശേഷം മാത്രം ലക്ഷണങ്ങൾ പ്രകടമാകുന്നത് ഈ രോഗാവസ്ഥയുടെ ഒരു വലിയ വെല്ലുവിളിയാണ്. അതിനാൽ, രോഗം നേരത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എങ്കിലും രോഗിയെ പരിശോധിച്ചുള്ള അപഗ്രഥനം തന്നെയാണ് ഇപ്പോഴും രോഗനിർണയത്തിന്റെ ആണിക്കല്ല്.

  • ആൽഫ-സിന്യൂക്ലിൻ വ്യതിയാനം കണ്ടെത്തുന്ന പരിശോധനകൾ.
  • രക്തത്തിലെ RNAയും പ്രോട്ടീൻ മാർക്കറുകളും പരിശോധിക്കുന്ന രീതികൾ.
  • എം.ആർ.ഐ (MRI), പെറ്റ് (PET) സ്കാനിംഗ് വഴി തലച്ചോറിലെ പ്രാരംഭ മാറ്റങ്ങൾ കണ്ടെത്തൽ.
  • വെയറബിൾ ഉപകരണങ്ങളും സ്മാർട്ട്ഫോൺ ആപ്പുകളും ഉപയോഗിച്ച് ശബ്ദം, നടത്തം, കൈയക്ഷരം എന്നിവ നിരീക്ഷിക്കൽ.

സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും പങ്ക്

നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് വളരെ സൂക്ഷ്മമായ മാറ്റങ്ങൾ പോലും തിരിച്ചറിയാൻ കഴിയും. രോഗത്തിന്റെ പുരോഗതി പ്രവചിക്കാനും ചികിത്സാ തീരുമാനങ്ങൾ എടുക്കാനും ഇത് സഹായിക്കുന്നു. ഡിജിറ്റൽ ട്വിൻസ് (Digital Twins) എന്ന ആശയം ഉപയോഗിച്ച് രോഗിയുടെ വെർച്വൽ മാതൃകകൾ നിർമ്മിച്ച് ചികിത്സാ ഫലങ്ങൾ മുൻകൂട്ടി വിലയിരുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ചികിത്സാരീതികൾ

ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ലെവോഡോപ്പ (Levodopa) പ്രധാനമായും ഉപയോഗിക്കുന്നു. എന്നാൽ, ഇത് രോഗത്തിന്റെ പുരോഗതി തടയുന്നില്ല. ബ്രെയിനിലെ കെമിക്കൽ സംതുലനം ക്രമീകരിക്കുന്ന മറ്റു മരുന്നുകളും ഫലപ്രദമാകാറുണ്ട്.

ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS): തലച്ചോറിൽ ഇലക്ട്രോഡുകൾ സ്ഥാപിച്ച് ചലനങ്ങളെ നിയന്ത്രിക്കുന്ന രീതി. ഇതിനെ ഹൃദയത്തിൽ പേസ്മേക്കർ ഘടിപ്പിക്കുന്നതിനോട് ഉപമിക്കാറുണ്ട്. ഇപ്പോൾ അഡാപ്റ്റീവ് DBS എന്ന രീതിയും വികസിച്ചു വരുന്നു.

ജീൻ തെറാപ്പിയും സ്റ്റെം സെൽ ചികിത്സയും: നശിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അൾട്രാസൗണ്ട് തെറാപ്പി, വാഗസ് നാഡി ഉത്തേജനം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയും ചികിത്സയുടെ ഭാഗമാകുന്നു. വ്യായാമത്തിന്റെ പ്രയോജനം പഠനങ്ങളിൽ വ്യക്തമാണ്

യുവാക്കളിൽ വർധിച്ചുവരുന്ന രോഗസാധ്യത

ഇന്ന് ഏകദേശം 5 മുതൽ 20 ശതമാനം വരെ കേസുകൾ 50 വയസ്സിന് താഴെയുള്ളവരിലാണ് കാണപ്പെടുന്നത്. അതിൽതന്നെ 30–40 വയസ്സിനിടയിലും രോഗം ആരംഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജനിതക മാറ്റങ്ങൾ പ്രധാന കാരണമാണെങ്കിലും പരിസ്ഥിതി ഘടകങ്ങളും ജീവിതശൈലിയും ഇതിൽ പങ്കുവഹിക്കുന്നു. മെച്ചപ്പെട്ട പരിശോധനാ രീതികൾ കാരണം രോഗം നേരത്തെ കണ്ടെത്തപ്പെടുന്നതും ഈ വർധനവിന് കാരണമാകുന്നു. യുവാക്കളിൽ രോഗത്തിന്റെ പുരോഗതി സാധാരണയായി സാവധാനമായിരിക്കും. എങ്കിലും അവരുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ ഇത് കൂടുതൽ ബാധിക്കുന്നു. ജനിതകവും പരിസ്ഥിതിപരവുമായ ഘടകങ്ങൾ ചേർന്നുണ്ടാകുന്ന ഒരു സങ്കീർണ്ണ അവസ്ഥയാണ് പാർക്കിൻസൺസ് രോഗം. പൂർണ്ണമായി ഭേദപ്പെടുത്തുന്ന

ചികിത്സ ഇപ്പോഴും ലഭ്യമല്ലെങ്കിലും, രോഗനിർണ്ണയത്തിലും സാങ്കേതികവിദ്യയിലും ചികിത്സയിലും ഉണ്ടായിട്ടുള്ള പുരോഗതി വലിയ പ്രതീക്ഷ നൽകുന്നു. രോഗം നേരത്തെ കണ്ടെത്തുകയും അതിന്റെ പുരോഗതി കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കാണ് ഇപ്പോഴത്തെ ഗവേഷണങ്ങൾ നീങ്ങുന്നത്.

(കണ്ണൂർ ആസ്റ്റർ മിംസിൽ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ)

Content Highlights: Increased prevalence of Parkinson's in adults under 50 as of 2026., Emerging role of the Gut-Brain connection in neurodegeneration