ഭക്ഷണത്തോടുള്ള അഭിനിവേശം രണ്ടുതരം; തിരിച്ചറിഞ്ഞ് വേണം മറികടക്കാന്‍- ന്യൂട്രീഷനിസ്റ്റ്

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന സമയത്ത് ഭക്ഷണത്തോട് വിചിത്രമായ ക്രേവിങ്‌സ് ഉണ്ടാകാറുണ്ട്. ചില ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണമെന്ന് കണിശമായി ആവശ്യപ്പെടുമ്പോഴും അത് കഴിക്കാനുള്ള ത്വര ഇടയ്‌ക്കൊക്കെ തോന്നുന്നവരാകാം മിക്കവരും. എന്നാല്‍, കലോറിയുടെ ഉപഭോഗം കുറയ്ക്കാനായി നമുക്കേറ്റവുമിഷ്ടപ്പെട്ട ഏതാനും ഭക്ഷണസാധനങ്ങള്‍ ഡയറ്റില്‍നിന്ന് ഒവിവാക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ പലപ്പോഴും ഇവയോടുള്ള അഭിനിവേശം കൂടുകയാവും സംഭവിക്കുക.
ഭക്ഷണത്തോടുള്ള അഭിനിവിവേശം രണ്ടുതരത്തിലുണ്ട്. ഇത്തരത്തിലുള്ള ക്രേവിങ്‌സിനെക്കുറിച്ചും അവയെ മറികടക്കേണ്ട പൊടിക്കൈകളെക്കുറിച്ചും ന്യൂട്രീഷനിസ്റ്റ് നമാമി അഗര്‍വാള്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
നമുക്കിഷ്ടപ്പെട്ട ഏതെങ്കിലും പ്രത്യേക ഭക്ഷണപദാര്‍ഥത്തോടുതോന്നുന്ന അഭിനിവേശമാണ് സിലക്ടീവ് ക്രേവിങുകള്‍. നമ്മുടെ പ്രിയപ്പെട്ട ചോക്കലേറ്റോ ഏതെങ്കിലും പ്രത്യേക കടയിലെ ബര്‍ഗറോ വിശിഷ്ട ഫ്‌ളേവറിലെ ഭക്ഷണമോ എല്ലാം ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്ക് പകരം ആരോഗ്യപ്രദമായ മറ്റെന്തെങ്കിലും ഭക്ഷണം ഈ സമയത്ത് കഴിച്ചുകൊണ്ടുവേണം ഇത്തരം 'ആര്‍ത്തി'കളെ നാം നേരിടാനെന്നാണ് നമാമി പറയുന്നത്.
അടുത്ത തരമാണ് നോണ്‍-സിലക്ടീവ് അഭിനിവേശങ്ങള്‍. എന്തെങ്കിലും കഴിക്കാനുള്ള അഗാധമായ ത്വര ഉണ്ടാവുകയും എന്നാല്‍ അത് എന്താണെന്ന് മനസ്സിലാവാതിരിക്കുകയും ചെയ്യുന്നതാണിത്. ഭക്ഷണം കഴിച്ചിട്ട് ഒരുപാട് സമയമാകുമ്പോഴാണ് ഇത്തരത്തിലുള്ള ക്രേവിങ്സ് അനുഭവപ്പെടാറുള്ളത്. ഇത് പലപ്പോഴും ദാഹവുമാകാമെന്നാണ് ന്യൂട്രീഷനിസ്റ്റ് പറയുന്നത്. അതുകൊണ്ട് ഇത്തരം ക്രേവിങ്സ് ഉണ്ടാകുമ്പോഴേ ഭക്ഷണം കഴിക്കണമെന്നില്ല, വെള്ളം കുടിച്ചാലും അത് ശമിക്കുന്നതേയുള്ളൂവെന്നാണ് ന്യൂട്രീഷനിസ്റ്റിന്റെ അഭിപ്രായം.
വിശപ്പും ദാഹവും തമ്മില്‍ തിരിച്ചറിയാനാകാതെ വരുന്ന സന്ദര്‍ഭങ്ങളിലാണ് ഇതുണ്ടാവുക. അതിനാല്‍ പലപ്പോഴും ദാഹിക്കുമ്പോള്‍ വിശപ്പാണെന്നുകരുതി തെറ്റിധരിച്ച് ഭക്ഷണം കഴിക്കുന്നവരാണ് കൂടുതല്‍. ക്രേവിങ്‌സ് എന്നാല്‍ ഏതാനും ന്യൂട്രിയന്റുകളുടെ അപര്യാപ്തതയുമാകാം. സ്ഥിരമായി ഏതെങ്കിലും ഭക്ഷണങ്ങളോട് അഭിനിവേശം തോന്നുന്നുവെങ്കില്‍ ആരോഗ്യവിദഗ്ധരെ ബന്ധപ്പെടുന്നത് നല്ലതാണ്.
Content Highlights: nutritionist says food cravings can be of two types and should be identified to overcome